Friday, February 1, 2013

ഞാന്‍

ഞാന്‍......

---------------


ഒന്നും വേണ്ടിയിരുന്നില്ല എന്ന്
ഇപ്പോള്‍ വല്ലാതെ തോന്നുന്നു....
മനസ്സില്‍ സങ്കടങ്ങള്‍, ആധികള്‍
ഒക്കെ അനുനിമിഷം പെരുകുന്നു...
ഇതിനൊക്കെ വേണ്ടിയായിരുന്നോ
നമ്മള്‍ സ്നേഹിച്ചു തുടങ്ങിയത്...?
നല്ല സുഹൃത്തുക്കള്‍
ആയിരുന്നാല്‍ മതിയായിരുന്നു.....
അതിനപ്പുറത്തെയ്ക്ക്
ചുവടുവച്ച നിമിഷം
അനുഗ്രഹമോ ശാപമോ....
വേര്‍തിരിച്ചരിയാനാവുന്നില്ല...
മനസ്സ് വല്ലാത്തൊരു ചെകുത്താനാണ്‌!!..
സ്വന്തമെന്നു തോന്നുന്നതൊക്കെ
തന്റേതു മാത്രമായിരിക്കണമെന്നു
വാശി പിടിക്കുന്ന ചെകുത്താന്‍....
അവകാശവാദത്തിന്‍റെ ആപ്പിള്‍ നല്‍കി
അവനെനിക്ക്
ഏദന്‍ തോട്ടം അന്യമാക്കാന്‍
പുറപ്പെട്ടുകഴിഞ്ഞു...
ഓര്‍മ വേണം..
പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍
നിന്‍റെ തണല്‍ മാത്രമേയുള്ളൂ...


by ശ്രീ...

ന്‍റെ പെണ്ണ്


"ഡാ ജിത്തേ അമ്മ എന്നോട് എന്നും വഴക്കാ.."

"എന്തിനു?"

"ഞാനിങ്ങനെ നിങ്ങള്‍ ആണ്‍കുട്ടികളോട് കൂട്ടും കൂടി ആരെയും കൂസാണ്ട് നടന്നാല്‍ ചെക്കനെ കിട്ടില്ലെന്നാ അമ്മ പറയണേ. പെണ്‍കുട്ടികളായാല്‍ അടക്കോം ഒതുക്കോം വേണത്രേ! അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുത്തശ്ശീം..."

"പോയി പണി നോക്കാന്‍ പറ നിന്‍റെ അമ്മയോട്. ആണ്‍കുട്ടികളോട് കൂട്ടുകൂടിയാല്‍ എന്താ മാനം ഇടിഞ്ഞു വീഴോ? മുത്തശ്ശീടെ കാര്യം പോട്ടെ നിന്‍റെ അമ്മ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നെ? പെണ്‍കുട്ടികളായാല്‍ തന്റേടം വേണം. വ്യക്തിത്വം വേണം... അല്ല പിന്നെ..."

-----------------------------------------------------------------

"ജിത്തേട്ടാ നിങ്ങളെന്താ ആ ശാലൂന്റെ കല്യാണാലോചന വന്നിട്ട് വേണ്ടാന്ന് പറഞ്ഞേ? ന്‍റെ വീടിനടുത്താ ആ കുട്ടീടെ വീട്. എന്തു ഭംഗിയാ ആ കുട്ടിയെ കാണാന്‍. നല്ല സ്വഭാവോം. നിങ്ങള്‍ക്ക് നന്നായി ചേരുമായിരുന്നു..."

"എനിക്ക് വേണ്ടാപ്പാ ആ പൊല്ലാപ്പ്...ഓളുടെ കൂട്ടെല്ലാം ആങ്കുട്ടികളോടാ...ആരെയും കൂസാത്ത ഒരു പെണ്ണ്...നമ്മക്ക് ഇച്ചിരെ അടക്കത്തിലും ഒതുക്കത്തിലും ഒക്കെ നടക്കുന്ന ഒരു പാവം പെണ്ണ് മതിയേ..."


by  ശ്രീ...

എന്‍റെ മകള്‍

 




'ദില്ലിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില വീണ്ടും വഷളായി.' ടെലിവിഷന്‍ വാര്‍ത്ത കേട്ട് ഉള്ളില്‍ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞുവീശി. 'ഈശ്വരാ എന്തൊരു ലോകമാണിത്! ഇവനൊന്നും അമ്മയും പെങ്ങളുമില്ലേ? തൂക്കികൊല്ലുകയല്ല കല്ലെറിഞ്ഞു കൊല്ലുകയാ വേണ്ടത് ഇവറ്റകളെയൊക്കെ. പെണ്ണുങ്ങള്‍ ഇങ്ങനെ മിണ്ടാതിരുന്നാല്‍ പോരാ. പ്രതികരിക്കണം.' ചിന്തകളില്‍ വിപ്ലവം പതഞ്ഞുയരവേ ഗേറ്റിന്‍റെ കൊളുത്തു നീങ്ങുന്ന ശബ്ദം. 'ആവൂ...ന്‍റെ കുട്ടി ഇരുട്ടണേനു മുന്നേ എത്തീലോ!' മകള്‍ക്കിഷ്ടമുള്ള ഇലയടയും ചായയും ഡൈനിംഗ്ടേബിളില്‍ നിരത്തവേ കേട്ടു ആറാം ക്ലാസ്സുകാരിയുടെ ചോദ്യം..'എന്തിനാ ചേച്ചീ ആള്വോള് പെണ്‍കുട്ടികളോട് ഇങ്ങനെയൊക്കെ കാട്ടണേ?' "എപ്പോള്‍ നോക്കിയാലും ടീവീടെ മുന്നില് തപസ്സിരിപ്പുണ്ടാവും.പോയി വല്ലതും പഠിക്കാന്‍ നോക്കൂട്ടോ." വഴക്ക് പറഞ്ഞു മുറിയിലേക്കയയ്ക്കുമ്പോള്‍ അറിയാതെ നെഞ്ചില്‍ കൈ വച്ചു.....'എന്‍റെ ഈ പ്രായത്തില്.......!'

by ശ്രീ....