Sunday, September 29, 2013

തന്ത്രങ്ങള്‍


    ഓണപ്പരീക്ഷയ്ക്ക് എനിക്കാണ് മാര്‍ക്ക് കൂടുതല്‍ എന്നറിഞ്ഞപ്പോള്‍ മുതല്‍ അവളുടെ മുന്നില്‍ക്കൂടി ഒന്ന് ഞെളിഞ്ഞുനടക്കണം എന്ന് കരുതിയതാണ്. പക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവളെ കാണാഞ്ഞപ്പോള്‍ എന്തോ പന്തികേട്‌ തോന്നി. പഠിത്തത്തിലും വലിയ ഉഷാറ് തോന്നിയില്ല. എതിരാളിയില്ലാതെ എന്തു പോരാട്ടം? അവളുണ്ടെല്‍ പിന്നെ മത്സരമാണ്, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും ഏറ്റവും ആദ്യം കണക്ക് ചെയ്തുതീര്‍ക്കാനും എന്തിനേറെ ഊണ് കഴിച്ച് എഴുന്നേല്‍ക്കാന്‍ വരെ.

    ടീച്ചര്‍മാരോട് ചോദിക്കാന്‍ ഒരു ചമ്മല്‍; അവളുടെ കൂട്ടുകാരികളോട് ചോദിക്കാനുമതേ.ഞങ്ങളുടെ മത്സരം സ്കൂളുമുഴുവന്‍ പാട്ടാണല്ലോ. ഒടുവില്‍ അസ്വസ്ഥതയും ആകാംക്ഷയും വീര്‍പ്പുമുട്ടിച്ചപ്പോള്‍ സൈക്കിളെടുത്ത് നേരെ വച്ചുപിടിച്ചു. ശിവക്ഷേത്രത്തിന് അടുത്തെവിടെയോ ആണ് വീടെന്നറിയാം. ക്ഷേത്രത്തിന് മുന്നിലെ ആല്‍ത്തറയില്‍ കുറേ നേരം ഇരുന്നു. കടന്നുപോയ ഒന്ന് രണ്ടുപേര്‍ എന്നെ ശ്രദ്ധിച്ചു. പരിചയമില്ലാത്തത് കൊണ്ടാവും. 'ആരോടാ ഒന്നു ചോദിക്യാ? ഒരു പെണ്‍കുട്ടീടെ വീട് ചോദിക്കുമ്പോള്‍ അവര്‍ എന്തേലും വിചാരിക്കുമോ?' ഇങ്ങനെ വിചാരങ്ങളില്‍ മുഴുകി ഇരിക്കുമ്പോള്‍ ഏകദേശം അറുപത്തഞ്ചുവയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യന്‍ എന്‍റെ അരികിലേക്ക് വന്നു.

"എന്താ കുട്ടീ ഇവിടിരിക്കുന്നേ? എവിടുന്നാ? മുന്‍പ് കണ്ടിട്ടില്ലല്ലോ?"

"ഞാന്‍...ഞാന്‍ എന്‍റെ ക്ലാസ്സില്‍ പഠിക്കണ ഒരു കുട്ടീടെ വീട്ടില്‍ പോകാന്‍ വന്നതാ."

"വീട്ടുപേര് എന്താ?"

"അതറിയില്ല. ആ കുട്ടീടെ പേര് ഷെമി എന്നാണ്"

"ഇപ്പോഴത്തെ കുട്ട്യോള്‍ടെ പേരൊന്നും എനിക്കറിയൂല കുട്ടീ. ആ കുട്ടിയുടെ അച്ഛന്‍റെ പേരറിയുമോ?"

"ഷാനവാസ്" സ്കൂളില്‍ വച്ച് എപ്പോഴോ കേട്ട ഓര്‍മ്മയില്‍ പറഞ്ഞു.

"ഓ മ്മടെ പീടികപ്പറമ്പിലെ അബ്ദുറഹിമാന്‍റെ കൊച്ചുമോള്! കൂട്ടുകാരന്‍ വിശേഷം അറിഞ്ഞിട്ടു വന്നതാവും ല്ലേ? ദേ ഈ ഇടവഴി ചെന്നു നില്‍ക്കണത് അവരുടെ വീടിനു മുന്നിലാ. ഞാനും ആ വഴിക്കാ. വന്നോളൂ."

"വിശേഷമോ? എന്തു വിശേഷം?" ഞാന്‍ അല്‍പനേരം ചിന്തിച്ചു നിന്നപ്പോഴേക്കും കുറച്ചു മുന്നിലെത്തിയ അയാളുടെ അടുത്തേയ്ക്ക് ചെന്ന് ചോദിച്ചു.

"ആ കൊച്ചിന്‍റെ കല്യാണമല്ലിയോ അടുത്ത തിങ്കളാഴ്ച. അപ്പൊ കുട്ടി പിന്നെ എന്തിനാ വന്നേ?"

"എന്‍റെ ഒരു ബുക്ക്‌ ആ കുട്ടീടെ കയ്യിലായിപോയി. അതു വാങ്ങാന്‍ വന്നതാ" പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു കള്ളം പറഞ്ഞു.

"അല്പം കൂടി മുന്നിലേക്ക്‌ പോവുമ്പോള്‍ ഇടതുവശത്ത് ഒരു പടിപ്പുര കാണാം. അതാണ്‌ വീട്. ഞാനിവിടെ തിരിഞ്ഞു പോവാ." ഇടവഴിയിലെ ഒരു തിരിവില്‍ വച്ച് ആ മനുഷ്യന്‍ എന്നോട് യാത്ര ചൊല്ലി.

    വഴി ചോദിച്ച ആളോട് പറഞ്ഞ കള്ളവും ആവര്‍ത്തിച്ചു അവളുടെ വീട്ടിലേക്ക് ചെല്ലാനാവില്ലല്ലോ. തിരികെ സൈക്കിള്‍ ചവിട്ടുമ്പോള്‍ എന്താ ഏതാന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു.  പഠിത്തത്തില്‍ ഒരേ ഒരു എതിരാളി അവള്‍ മാത്രമായിരുന്നു സ്കൂളില്‍. ഇനി അവള്‍ ഉണ്ടാവില്ലെന്നോര്‍ത്തപ്പോള്‍ സന്തോഷമല്ല ശൂന്യതയാണ് തോന്നുന്നത്.

    "ഈ ചെക്കന് ഇതെന്തുപറ്റി? തത്ത ചത്ത കാക്കാനെപോലെ ഈ കുത്തിയിരിപ്പ് തുടങ്ങീട്ട് രണ്ടു ദിവസമായല്ലോ. ചോദിച്ചിട്ട് ഒന്നുമൊട്ടു പറയുന്നുമില്ല." അമ്മ അച്ഛനോട് പരാതിപ്പെട്ടി തുറന്ന് അല്പം കഴിഞ്ഞപ്പോള്‍ അച്ഛന്‍ എന്‍റെ മുറിയിലേക്ക് വന്നു കട്ടിലില്‍ ഇരുന്നു.

"എന്താ വിനൂ സ്കൂളില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ?" എന്‍റെ തോളില്‍ കൈ വച്ചു കൊണ്ടായിരുന്നു അച്ഛന്‍റെ ചോദ്യം.

'പറയണോ വേണ്ടയോ?' ആദ്യം ഒന്ന് സംശയിച്ചെങ്കിലും അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു.

"ഉം നോക്കട്ടെ. എന്താ വേണ്ടതെന്ന് ഞാനൊന്ന് ആലോചിക്കട്ടെ. നീ വേഗം റെഡിയായി സ്കൂളില്‍ പോകാന്‍ നോക്കൂ." അച്ഛന്‍റെ വാക്കുകളില്‍ ആശ്വാസം കലര്‍ന്നിരുന്നു.

    സ്കൂളില്‍ നിന്നു വന്നതും ചിന്തകള്‍ വീണ്ടും ഷെമിയെ കുറിച്ചായി. കൊച്ചുകുട്ടിയേപ്പോലെ തുള്ളിച്ചാടി നടന്നും വഴക്കുണ്ടാക്കിയും ക്ലാസില്‍ അവള്‍ നിറഞ്ഞു നില്‍ക്കാറുള്ളതോര്‍ത്തു. 'നന്നായി പഠിക്കുന്ന അവളുടെ പഠിത്തം നിര്‍ത്താന്‍ വീട്ടുകാര്‍ക്ക് എങ്ങിനെ തോന്നി? പഠനത്തില്‍ ഇത്രേം വാശിയുള്ള അവളെങ്ങിനെ സമ്മതിച്ചു!'

    പിറ്റേദിവസവും സാധാരണ പോലെ കടന്നു പോയി. 'അച്ഛന്‍ വെറുതെ പറഞ്ഞതാവുമോ? ഏയ്‌ അങ്ങിനെ വെറുതെ വാക്കുപറയുന്ന ആളല്ല എന്‍റെ അച്ഛന്‍. ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നോളം എനിക്ക് തന്നിട്ടുള്ള ഒരു ഉറപ്പും പാഴായി പോയിട്ടില്ല. നാളെ ശനി. തിങ്കളാഴ്ച അവളുടെ വിവാഹമാണ്. ഇപ്പോള്‍ സ്കൂളിലും എല്ലാവരും അറിഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും വിഷമമാണ്. പക്ഷെ അവളുടെ വീട്ടുകാര്‍ എടുത്ത തീരുമാനമല്ലേ. എന്തു ചെയ്യാന്‍ കഴിയും എന്നാണ് ക്ലാസ് ടീച്ചര്‍ പോലും പറഞ്ഞത്.'

    ശനിയാഴ്ച രാവിലെ പതിവുപോലെ പത്രം വായിക്കുന്നതിനിടയില്‍ ഒരു വാര്‍ത്ത കണ്ണിലുടക്കി. 'പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹം തടഞ്ഞു' ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത് ചായയുമായി കസേരയില്‍ ഇരിക്കുന്ന അച്ഛനെ ചോദ്യഭാവത്തില്‍ നോക്കി. 'അതെ' എന്ന ഭാവത്തില്‍ അച്ഛന്‍ തലയാട്ടി. ഭാരമൊഴിഞ്ഞ മനസുമായി മുറിയിലേക്ക് നടക്കവേ പഠനത്തില്‍ എതിരാളിയെ പുറകിലാക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

-ശ്രീ

Saturday, September 28, 2013

ഹെല്‍മെറ്റ്‌ കഥകള്‍(ഭാഗം (2)

വീണ്ടും ഹെല്‍മെറ്റില്ലാത്ത ഒരു ദിവസം..... ഓഫീസില്‍ എത്തിയപ്പോഴാണ് ഒരു സുഹൃത്തിന്‍റെ അമ്മായിഅച്ഛന്‍ തലേന്ന് മരിച്ച വിവരം അറിയുന്നത്. അടക്കം കഴിഞ്ഞെങ്കിലും അവിടെ വരെ പോകേണ്ട സാമാന്യമര്യാദ ഉണ്ടല്ലോ. തൊട്ടടുത്തായത് കൊണ്ട് കയ്യും വീശി പോകുന്നതിന്‍റെ സുഖം ആസ്വദിക്കാന്‍ തീരുമാനിച്ചു. പോയി അനുശോചനം രേഖപ്പെടുത്തി തിരികെ വരുന്ന വഴിയില്...‍ വളവു തിരിഞ്ഞതും നില്‍ക്കുന്നു ഏമാന്മാര്‍... എന്നെ കണ്ടപ്പോള്‍ മ്മടെ ഏമാന് ഒരു ആക്കിയ ചിരി. കൈ കാണിച്ചു. ഞാന്‍ ചമ്മിയ ചിരിയോടെ വണ്ടി നിര്‍ത്തി. സൈഡിലോട്ടു ഒതുക്കീട്ടു വാന്ന് ഏമാന്‍..

"ഓ..."മ്മള് അനുസരണയോടെ വണ്ടി ഒതുക്കി ഏമാന്‍റെ വണ്ടിക്ക് അടുത്തെത്തി. ഇങ്ങോട്ട് ചോദിക്കുന്നതിനു മുന്നേ അങ്ങോട്ട്‌ പറഞ്ഞു..

"സര്‍ ഞാന്‍ ഒരു മരണവീട്ടില്‍ പോയിട്ട് വരുകയാ...ഇവിടെ തൊട്ടടുത്താ...അതുകൊണ്ട് ഹെല്‍മെറ്റ്‌ എടുത്തില്ലാ..."

"സാരമില്ല ഒരു നൂറു രൂപാ ഇങ്ങെടുത്തോ..."

"സര്‍ മരണവീട്ടില്‍ പോയതല്ലേ ഞാന്‍ ബാഗ് എടുത്തിട്ടില്ല..."

"എങ്കില്‍ ആ ലൈസെന്‍സ് ഒന്ന് കാണിച്ചേ..."

"അതും ബാഗിലാ സര്‍ രണ്ടു മിനിറ്റ് ദേ ആ കാണുന്നതാ എന്‍റെ ഓഫീസ് ഞാന്‍ എടുത്തിട്ട് വരാം..."

"വേണ്ട ബുദ്ധിമുട്ടണ്ട ആ വണ്ടീടെ നമ്പര്‍ ഒന്ന് പറഞ്ഞേ..."

എന്‍റെ ആലോചന കണ്ടിട്ടാവും ഏമാന്‍റെ കൂട്ടുകക്ഷീടെ കമെന്റ്..."വണ്ടിക്ക് ബുക്കും പേപ്പറും ഒക്കെ ഉണ്ടോ എന്തോ ആര്‍ക്കറിയാം...!"

-ശ്രീ

Friday, September 27, 2013

നിഷേധി ബട്ടണ്‍



    ഓണാവധിക്ക് നല്ല രസാരുന്നു. വാപ്പച്ചീടെ പഴേ സുഹൃത്തും കുടുംബവും വന്നിരുന്നു. അവരിപ്പോ ഒരുപാട് ദൂരെയെവിടെയോ ആണ് താമസം. എന്താ അവരുടെയൊരു പത്രാസ്. മോന്‍ ഗള്‍ഫിലാത്രേ. ഒരു മാസം മൂന്നുലക്ഷം രൂപയാണത്രേ ഓന് ശമ്പളം കിട്ടുക.

     'ഇത്രേം കാശ് ഒരുമിച്ചു കയ്യില് കിട്ടിയാ അയാളിതെങ്ങിനെയാണോ ആവോ ഒന്ന് ചിലവാക്കുക? നിക്കാണേല്‍ ബെര്‍ത്ത്‌ഡേയ്ക്ക് വാപ്പച്ചി തരണ നൂറുരൂപാ മിട്ടായി വാങ്ങി തീര്‍ക്കണവരെ ഒരു മനസ്സമാധാനോം ഇല്ല.'

    അവര് വന്നുപോയപ്പോള്‍ തുടങ്ങീതാ ഉമ്മേം ഉമ്മുമ്മേം കൂടി വാപ്പച്ചീടെ ചെവീല്‍ കുശുകുശുപ്പ്.

     "ഓള് കുട്ട്യല്ലേ സൈറാ. ഇക്കൊല്ലം കൂടിയല്ലേള്ളൂ. അത് കഴിഞ്ഞിട്ട് പോരെ" വാപ്പച്ചീടെ ചോദ്യം തെന്നിതെറിച്ച് എന്‍റെ കാതിലെത്തി. എത്ര ചോദിച്ചിട്ടും ഉമ്മേം ഉമ്മുമ്മേം കാര്യം പറയണില്ല.

     'ഇനി ഒറ്റ വഴിയേള്ളൂ. അങ്ങേ വീട്ടിലെ സൈനുതാത്ത. അവര്‍ക്കറിയാത്ത ഒരു രഹസ്യോം ഇല്ല എന്ടുമ്മായ്ക്ക്.'

    വൈകിട്ട് സ്കൂളീന്ന് വന്ന പാടെ ഓടി സൈനുത്തായുടെ അടുത്തേയ്ക്ക്. അങ്ങോട്ട്‌ ചോയ്ക്കണെന് മുന്നേ കിട്ടി ഉത്തരം "ഇനി ഇങ്ങനെ ഓടിച്ചാടി ഒന്നും നടക്കണ്ടാട്ടോ. നിക്കാഹ് കഴിപ്പിക്കാന്‍ പോണ കുട്ട്യാ യ്യ്"!

     'അപ്പൊ അതാണ്‌ കാര്യം. അന്ന് വാപ്പച്ചീടെ സുഹൃത്തിന്‍റെ കെട്ട്യോള് എന്നോട് കൂടുതല്‍ സ്നേഹം കാട്ടിയത് ഇതിനായിരുന്നു ല്ലേ?'

     "ഇല്ല വാപ്പച്ചീ എനിക്ക് പരീക്ഷയെഴുതണം. എല്ലാത്തിനും എ പ്ലസ്‌ വാങ്ങാന്ന് ടീച്ചര്‍മാര്‍ക്ക് വാക്ക് കൊടുത്തതാ ഞാന്‍"

     "അന്‍റെയൊരു എ പ്ലസ്‌. ഇങ്ങനെയൊരു ബന്ധം സ്വപ്നം കാണാന്‍ കൂടി കിട്ടൂലാ. ഇത് നടന്നാ ഈ റെഫീക്കിനെ ദൂരെയെവിടേലും വിട്ടു പഠിപ്പിക്കാന്‍ അവര് സഹായിക്കും.പഠിത്തം കഴിഞ്ഞാ ഓനേം കൊണ്ടോവേം ചെയ്യും."

     "ഇല്ല വാപ്പച്ചീ ഞാന്‍ സമ്മതിക്കൂലാ... നിര്‍ബന്ധിച്ചാല്....."

    രണ്ടീസം വീട്ടില്‍ പൊരിഞ്ഞ യുദ്ധം തന്നെയായിരുന്നു. നേരത്തെ തന്നെ പകുതി മനസ്‌ മാത്രമുണ്ടായിരുന്ന ന്‍റെ വാപ്പച്ചി ഒടുവില്‍ എന്‍റെ തീരുമാനത്തിന് കീഴടങ്ങി.

     "ഇല്ലെടാ ഓള്‍ക്ക് ഇനീം പഠിക്കണംന്നാ. പഠിക്കട്ടേന്നു ഞാനും കരുതി" വാപ്പച്ചി സുഹൃത്തിനോട്‌ ഫോണില്‍ പറയുമ്പോള്‍ ഉമ്മുമ്മ എന്നെ നോക്കി പല്ലിറുമ്മി "നിഷേധി"!

-ശ്രീ

Tuesday, September 24, 2013

പൂച്ചപുരാണം



   മണി പതിനൊന്ന്. രണ്ടു കുസ്റുതികൾ സുഖശയനത്തിൽ. എന്റെ കാലൊച്ച ഒരാളെ ഉണർത്തി. .

"ശലൃം വന്നോളും ഓരോന്ന് " 

   അവന്റെ മുഖഭാവം അങ്ങിനെ ആയിരുന്നു. ഇതൊന്നും അറിയാതെ രണ്ടാമന്‍ അപ്പോഴും സുഖശയനം തന്നെ. കൂട്ടുകാരന്‍ വിളിച്ചുണർത്തിയപ്പോൾ അവനും സമ്മാനിച്ചു രൂക്ഷമായ ഒരു നോട്ടം. 'നിന്നെ കാണിച്ചു തരാടീ' എന്ന മട്ടില്‍ ഒറ്റ പോക്ക്. 'ഐകൃദാർഡൃം പ്രഖൃാപിച്ചുകൊണ്ട് രണ്ടാമനും. പോകുന്ന പോക്കില്‍ അവനും മറന്നില്ല 'നിന്നെ ഞാനെടുത്തോളാമെടീ' എന്ന മട്ടില്‍ ഒന്നു നോക്കാന്‍.

   "പോടേ പോടേ ഒരു മീൻതലയിൽ തീരുന്ന പിണക്കമല്ലേ ഉള്ളൂ" എന്നും പറഞ്ഞ് തിരിഞ്ഞുനടക്കാനൊരുങ്ങിയതും ദേ വരുന്നൂ ഒരു മാർച്ച്പാസ്റ്റ്. ഇത്തവണ കുണ്ടാമണ്ടികൾ ഒറ്റയ്ക്കല്ല. സ്കൂളില്‍ തല്ലിയവനെ കുറിച്ച് പരാതി ബോധിപ്പിക്കാൻ വരണ മാതിരി അച്ഛനും അമ്മയും ഒപ്പമുണ്ട്. ഒരുത്തന്‍ 'അച്ഛന്‍ പോയി തല്ലീട്ടു വാ'ന്നും പറഞ്ഞ് മതിലിനപ്പുറവും രണ്ടാമന്‍ 'ദേണ്ടെ ഇവളാ അച്ഛാ'ന്നും പറഞ്ഞ് മുന്നോട്ടും. അച്ഛന്‍ നല്ല ഗൗരവത്തിൽ 'നീ വാടാ മക്കളെ കൂടെ' എന്ന ഭാവത്തില്‍. അമ്മ പുറകേ 'നിനക്കെന്തിൻറെ കേടാടീ? എന്റെ പിള്ളേരെ തൊട്ടാലുണ്ടല്ലോ...'

   ''പാവം ഞാന്‍ പടമെടുക്കുക എന്നതിനപ്പുറം ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല പൂച്ചമ്മേ'' ഞാന്‍ സമസ്താപരാധം ഏറ്റുപറഞ്ഞു. "പോട്ടെടീ ആ പെണ്ണ് മാപ്പ് പറഞ്ഞില്ലേ" എന്നും പറഞ്ഞ് അച്ഛന്‍ പൂച്ച റോഡിലേക്കിറങ്ങി.'

   അപ്പോ ദേ ഒരു പുന്നാരം "അമ്മേ എനിച്ചിനീം ഉറങ്ങണം. ഈ ചേച്ചീനെ നോക്കിച്ചോണേ" എന്റെ മുന്നില്‍ ജാഡ കാണിക്കാൻ ഒരു കിടപ്പും. കണ്ണു തെറ്റിയാൽ ഓൾടെ മോനെ ഞാന്‍ വിഴുങ്ങി കളയും എന്ന മട്ടില്‍ അമ്മേടെ കാവലും.

   ഞാൻ വിടുമോ? "പൂച്ചമ്മേ ങ്ങളെ കണ്ടാല്‍ ഇത്രേം വലിയ മക്കളുണ്ടെന്നു പറയൂലാ ട്ടാ. ഞാന്‍ നിങ്ങടെ രണ്ടു പടമെടുത്തോട്ടെ?"

   പൂച്ചമ്മ ഫ്ലാറ്റ്. ഫോട്ടോയ്ക്കു പോസ് ചെയ്തു. പടമെടുത്ത് ഞാന്‍ തിരിയുമ്പോ ഒരു പിൻവിളി "ടീ കൊച്ചേ ആ പടങ്ങള്‍ എനിക്കൊന്നു മെയില്‍ ചെയ്തേര്. എഫ് ബീല് പ്രൊഫൈൽ പിക്ചർ മാറ്റീട്ടു കുറേ ദിവസായി"

'എന്നാലും എന്റെ പൂച്ചമ്മേ..........!'
 
-ശ്രീ

സ്നേഹസ്പര്‍ശം

   കളിയില്‍ ഹരം പിടിച്ചിരിക്കുന്ന മോളെ ഒപ്പം വരാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുന്നത്‌ കേട്ടു കൊണ്ടാണ് അച്ഛന്‍ വന്നത്.

“അവള്‍ അവിടിരുന്നു കളിച്ചോട്ടെ കുട്ടീ നമുക്ക് പോയി വരാം”

“കുറച്ചു കഴിഞ്ഞ് അവള്‍ വഴക്കുണ്ടാക്കിയാലോ അച്ഛാ?”
അച്ഛന്‍ അമ്മയെ നോക്കി ഒന്നു ചിരിച്ചു. ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്ള ചിരി. അച്ഛന്‍റെ ബൈക്കിനു പുറകില്‍ ഇരിക്കുമ്പോഴും മോള് കരയുമോന്നായിരുന്നു ചിന്ത മുഴുവന്‍. വല്ലാത്ത വാശിക്കാരിയാണ്‌. എപ്പോഴും ഞാന്‍ കൂടെയുണ്ടാവണം. അമ്മയ്ക്കാണെങ്കില്‍ കൂടെ ഓടാന്‍ കാലും വയ്യാണ്ടിരിക്കയാ.

   അച്ഛന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. 
“എന്താ കുട്ടീ നിന്‍റെ മനസിപ്പൊഴും വീട്ടിലാ? നിന്‍റെ അമ്മയില്ലേ അവളുടെ കൂടെ! നീ ഈ പ്രായത്തില്‍ ഇതിനെക്കാള്‍ വാശിക്കാരിയായിരുന്നു.”

   ചാലക്കമ്പോളത്തിലേക്ക് കയറുമ്പോള്‍ അച്ഛന്‍ തിരിഞ്ഞുനിന്ന് കൈ നീട്ടി. എല്ലാം മറന്ന് പഴയ പാവാടക്കാരിയായ നിമിഷം. അച്ഛന്‍റെ കയ്യില്‍ തൂങ്ങി കിലുകിലെ വര്‍ത്തമാനം പറഞ്ഞ് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഒന്ന് രണ്ടു പരിചയക്കാര്‍ കുശലം പറഞ്ഞു കടന്നു പോയി.

   തിരികെ വരുന്ന വഴി ജയലക്ഷ്മിക്ക് മുന്നില്‍ ഒരു കള്ളച്ചിരിയോടെ അച്ഛന്‍ വണ്ടി നിറുത്തി. ചുരിദാര്‍ കൂമ്പാരത്തിലേക്ക് ഊളിയിടുന്ന എന്നെ നോക്കി അച്ഛന്‍ അതെ ചിരിയോടെയിരുന്നു. ട്രയല്‍ റൂമിലേക്കും തിരിച്ചും പലവട്ടം പോയി വരുമ്പോള്‍ മുന്‍പ് പരാതി പറയുന്ന അമ്മയോട്  അച്ഛന്‍ പറയാറുള്ള മറുപടി ഓര്‍ത്തുപോയി. 
“ന്‍റെ മോള് സുന്ദരിയല്ലേ ശാന്തേ. ചേരാത്ത വേഷം ധരിച്ച് അവളുടെ ഭംഗി കുറയേണ്ട.”
ഒടുവില്‍ ഇഷ്ടപ്പെട്ട ഒരെണ്ണം ധരിച്ച് അച്ഛനു മുന്നില്‍ വന്നപ്പോളുണ്ട്‌ മനസറിഞ്ഞ പോലെ അച്ഛന്‍ പറയുന്നു. 
 
“അപ്പോ ഇതങ്ങ് ഇട്ടോണ്ട് പോവല്ലേ”

“നീ ജയന്‍റെ കൂടെ ഷോപ്പിങ്ങിനു പോവുമ്പോഴും ഇങ്ങനെ തന്നെയാണോ കുട്ടീ കാട്ടുക?” പടിയിറങ്ങവേ അച്ഛന്‍റെ ചോദ്യം.

“ഇല്ലച്ഛാ അപ്പോ ഞാന്‍ ഒക്കെ പോതിഞ്ഞന്നെ വാങ്ങും. ഇല്ലേല്‍ അപ്പോ വരും ഇതൊക്കെ അച്ഛന്‍ പഠിപ്പിച്ചതാണെന്ന പരാതി.”

“അല്ലാ ഉണ്ണിമോളിതുവരെ വഴക്കുണ്ടാക്കിയ ലക്ഷണമില്ലല്ലോ കുട്ടീ. ശാന്ത വിളിച്ചേയില്ലല്ലോ” കളി പറഞ്ഞ അച്ഛനെ പരിഭവം നിറച്ചു നോക്കി ബൈക്കിനു പിന്നിലിരുന്നു. 
 
“നാളെ അച്ഛന്‍ കൂടെ വരണോ കുട്ട്യേ? ഉണ്ണിയേം കൊണ്ട് നീ തനിയെ”

“വേണ്ടച്ചാ ഞങ്ങള് പൊയ്ക്കോളാം. ജയേട്ടന്‍ സ്റ്റേഷനില്‍ വരുമല്ലോ” അച്ഛന്‍ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പ് മറുപടി പറയുമ്പോള്‍ സുഖല്യാത്ത അച്ഛനെ എന്തിനേ ഇത്രദൂരം യാത്ര ചെയ്യിക്കണേ എന്നായിരുന്നു മനസ്സില്‍..

   പെട്ടെന്നാണ് ഒരു ബസ്‌ ചേര്‍ന്ന് പോയതും ബൈക്കൊന്നു വെട്ടി വിറച്ചതും. എവിടോക്കെയോ നീറിപ്പുകയുന്ന വേദന. കണ്ണുകള്‍ മുഴുക്കെ തുറക്കാനാവുന്നില്ല. ആരൊക്കെയോ ഓടിക്കൂടുന്നുണ്ട്. അച്ഛനെവിടെ? എന്താ സംഭവിച്ചത്? നീണ്ടുവരുന്ന ഒരു കൈ കണ്ടപ്പോള്‍ കോരിയെടുക്കാനാവുമെന്നു കരുതി. പക്ഷെ നീട്ടിയ കൈകളിലെ മൊബൈല്‍ ക്യാമറയില്‍ എന്‍റെ ചിത്രം പകര്‍ത്തുകയാണെന്നറിഞ്ഞപ്പോള്‍ ആശ്വാസത്തിന്‍റെ സ്ഥാനത്ത് ഭീതി ചേക്കേറുന്നതറിഞ്ഞു. കണ്ണുകളില്‍ ഇരുട്ട് മൂടുന്നതിനിടയിലും വിറയ്ക്കുന്ന ഒരു കരസ്പര്‍ശം തിരിച്ചറിഞ്ഞു. ഒപ്പം വിറയാര്‍ന്ന വാക്കുകളും...”എന്‍റെ മോള്‍...... ദയവുചെയ്ത് ആരെങ്കിലും എന്‍റെ കുട്ടിയെ ഒന്ന് ആശുപത്രിയിലെത്തിക്കുമോ?”

-ശ്രീ

ചോരയുടെ മണം



            നഗരത്തില്‍ ബസിറങ്ങുമ്പോള്‍ ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു.ഏറെ നാളത്തെ ആഗ്രഹം അല്ല ആവശ്യം ഒരു വിളിപ്പാടകലെ നിറവേറ്റപ്പെടാന്‍ പോകുന്നു. സമയം ഒന്‍പത് ആയിട്ടേ ഉള്ളൂ. ബസ്‌സ്റ്റോപ്പില്‍ നിന്ന് നടന്നു പോകാവുന്ന ദൂരമേയുള്ളൂ. പത്തുമണിക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം തന്നിരിക്കുന്നത്. അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിയതാണ്. നന്നായി വിശക്കുന്നുണ്ട്. പോക്കെറ്റിന്‍റെ അവസ്ഥ നോക്കിയപ്പോള്‍ ഒരു ചായയില്‍ ഒതുങ്ങുന്ന വിശപ്പേ ഉള്ളൂ എന്ന് സമാധാനിച്ചു. 

           പെട്ടെന്നാണ് എന്തോ തട്ടിത്തകര്‍ന്നു വീഴുന്ന ഒരു ശബ്ദം കേട്ടത്. ഞാനും ഓടിക്കൂടിയ ആള്‍ക്കൂട്ടത്തില്‍ ഒരാളായി. ഓവര്‍ടെക് ചെയ്ത ബസിന്‍റെ സൈഡില്‍ തട്ടി ബൈക്ക് നിയന്ത്രണം വിട്ടതാണ്. റോഡില്‍ തെറിച്ചു വീണുകിടക്കുന്ന അച്ഛനും മകളും. ചോരയില്‍ കുളിച്ചു കിടക്കുന്ന ആ പെണ്‍കുട്ടിയെ ഒന്നേ നോക്കിയുള്ളൂ. ചുറ്റും കൂടി നില്‍ക്കുന്നവരില്‍ ഒരു കാഴ്ച കാണുന്ന കൗതുകം. ആ ദയനീയ കാഴ്ചയ്ക്ക് നേരെ നീളുന്ന മൊബൈല്‍ക്യാമെറകള്‍. പോലീസ്സ്റ്റേഷനിലേക്കും ആംബുലന്‍സ് സര്‍വീസിലേക്കും ഫോണ്‍ ചെയ്യുന്നവര്‍. കൂട്ടത്തില്‍ ഒരു സ്ത്രീ മുന്നോട്ടുചെന്ന് ആ പെണ്‍കുട്ടിയെ താങ്ങിയെടുത്ത് മടിയില്‍ കിടത്തി.

           "ആരെങ്കിലും ഒരു വണ്ടി എടുക്കൂ. ഈ കുട്ടിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം" അവര്‍ ചുറ്റും കൂടി നില്‍ക്കുന്നവരോടായി പറയുന്നുണ്ടായിരുന്നു. തങ്ങള്‍ക്കു കിട്ടിയ ചിത്രത്തിന്‍റെ മിഴിവ് നോക്കുന്നവര്‍ അത് കേള്‍ക്കാഞ്ഞതോ കേട്ട മട്ടു നടിക്കാഞ്ഞതോ! ചോര കുതിച്ചൊഴുകുകയാണ്. ഇനിയും വൈകിയാല്‍.... റോഡിലേക്ക് ഇറങ്ങി ഓട്ടോയ്ക്ക് കൈ കാട്ടിയ ഞാന്‍ പെട്ടെന്ന് ഒരു ഉള്‍വിളി തോന്നിയ പോലെ കൈ പിന്‍വലിച്ചു. പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയില്‍ പോയാല്‍ കൂടിക്കാഴ്ച? ആരുടെയൊക്കെ കാലുപിടിച്ചിട്ടാണ് ഈ ജോലി ഉറപ്പാക്കിയത്. ഈ അവസരം നഷ്ടമായാല്‍.... 

           എം ബി എ യ്ക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ സന്തോഷത്തെക്കാളേറെ അഹങ്കാരമായിരുന്നു. കാശിനു ബുദ്ധിമുട്ടി മകനെ നഗരത്തിലയച്ചു പഠിപ്പിക്കുന്നതിന് കുറ്റപ്പെടുത്തിയ നാട്ടുകാരുടെ മുന്നില്‍ അഭിമാനത്തോടെ "എന്‍റെ മകനെ അവനിഷ്ടമുള്ളിടത്തോളം ഞാന്‍ പഠിപ്പിക്കും" എന്ന് പറഞ്ഞ അച്ഛന്‍ പോലും കുറ്റപ്പെടുത്തലിലേയ്ക്കും പരിഹാസത്തിലേയ്ക്കും വഴിമാറിയിരിക്കുന്നു. എനിക്ക് വേണ്ടി അടുക്കളകോണിലൊതുങ്ങി കൂടിയ സഹോദരിയുടെ നിശ്വാസങ്ങള്‍ ചുട്ടുപൊള്ളിക്കുന്നു. പ്രാര്‍ഥനകളും വഴിപാടുകളുമായി അമ്മയും അമ്മമ്മയും. കാണുമ്പോഴൊക്കെ ഇത്രേം പഠിച്ചിട്ടും ജോലിയൊന്നുമായില്ലേ എന്ന് ചോദിക്കുന്ന പരിചയക്കാരുടെ ശബ്ദത്തില്‍ പരിഹാസമോ സഹതാപമോ... വേര്‍തിരിച്ചറിയാനാവുന്നില്ല. അഭ്യസ്തവിദ്യനായ തൊഴില്‍രഹിതന്‍റെ കഥകളിലെ മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വന്ന കാമുകി മാത്രം ഇല്ല അത്രയും ആശ്വാസം.

           പെട്ടെന്നുണ്ടായ വെളിപാടില്‍ പിന്‍വിളിയെ അവഗണിച്ച് മുന്നോട്ട് നീങ്ങി. കാലുകള്‍ക്ക് സാമാന്യത്തിലധികം ഭാരം;മനസ്സിനും... വേണ്ടപ്പെട്ടവരെ കണ്ട് ജോലി നേരത്തെ ഉറപ്പാക്കിയതിനാല്‍ കൂടിക്കാഴ്ച ഒരു ചടങ്ങ് മാത്രമായി. നിയമനക്കത്ത് നെഞ്ചോടടുക്കി പിടിച്ച് പടികളിറങ്ങുമ്പോള്‍ ചിന്തകള്‍ വീണ്ടും ചോരയില്‍ കുളിച്ച പെണ്‍കുട്ടിയുടെ ദയനീയ രോദനങ്ങളില്‍ ഉടക്കി. 

           രാവിലെ നടന്ന അപകടത്തില്‍ പെട്ടവര്‍ക്ക് എന്തുസംഭവിച്ചു എന്നാ ചോദ്യത്തിന് കടക്കാരന്‍ നിസ്സംഗനായി മറുപടി നല്‍കി. "ഓ ആ കൊച്ച് മരിച്ചുപോയി. അങ്ങേര് ഏതോ ആശുപത്രിയില്‍ ആണെന്ന് കേട്ടു." ഒരു കുറ്റബോധം കൂടുതല്‍ ചോദിക്കുന്നതില്‍ നിന്ന് എന്നെ വിലക്കി.

           മടക്കയാത്രയിലുടനീളം അപകടസ്ഥലത്തെ വിവിധ ദൃശ്യങ്ങള്‍ മനസിലൂടെ കടന്നുപോയി. വളരെ വൈകി വീട്ടിലെത്തിയപ്പോഴും ആഹാരം വിളമ്പി ഉറങ്ങാതെ കാത്തിരിക്കുന്ന അമ്മയെ കണ്ടപ്പോഴാണ് ഇന്നത്തെ ദിവസം ഒരു ചായ പോലും കുടിച്ചിട്ടില്ലെന്ന് ഓര്‍ത്തത്. കൈ കഴുകുമ്പോള്‍ ചോരയുടെ മനംമടുപ്പിക്കുന്ന ഗന്ധം. എത്ര കഴുകിയിട്ടും മാറാത്ത പോലെ.

           "വേണ്ടമ്മേ വൈകുമെന്നോര്‍ത്തപ്പോള്‍ ഞാന്‍ ആഹാരം കഴിച്ചു" അമ്മയോട് കള്ളം പറഞ്ഞ് മുറിയിലേക്ക് നീങ്ങുമ്പോള്‍ നിയമനക്കത്ത് കയ്യിലിരുന്നു വിറയ്ക്കുന്നുണ്ടായിരുന്നു.

-ശ്രീ

Friday, September 6, 2013

സദാചാരക്കണ്ണുകള്‍...



തിരക്കൊഴിഞ്ഞ തീവണ്ടിയാപ്പീസില്‍ യാത്രക്കാര്‍ക്കായുള്ള കാത്തിരിപ്പ്‌ കസേരയിലൊന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്ന നിന്നെ ദൂരെ നിന്നേ ഞാന്‍ തിരിച്ചറിഞ്ഞു, നീ എന്നേയും. എന്നിട്ടും മുഖപുസ്തകത്തിലെ പരിചയം മാത്രമല്ലേയുള്ളൂ എന്ന തോന്നലില്‍ മുറുകെ പിടിച്ച് എന്നെ കബളിപ്പിക്കാമെന്ന് നീ വെറുതെ വ്യാമോഹിച്ചു. ഞാന്‍ അടുത്തെത്തിയിട്ടും പാളങ്ങളിലേക്ക് അലസമായി നോക്കിയിരുന്നു നീ അപരിചിതത്ത്വം കടം വാങ്ങി. നേരെ മുന്നില്‍ വന്നുനിന്ന് ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോള്‍ പിണഞ്ഞ അമളി ഒരു ചിരിയില്‍ ഒതുക്കി നീ ഉഷാറായി. നമ്മുടെ സൗഹൃദസ്പര്‍ശത്തിന്‍റെ ഊഷ്മളതയിലേക്ക് നിര്‍ത്തിയിട്ട തീവണ്ടിയുടെ ജാലക കണ്ണുകളിലെ സദാചാരം ആഴ്ന്നിറങ്ങുമ്പോള്‍ നീ വാചാലനാവുകയായിരുന്നു. ഇവിടേയ്ക്കു വരേണ്ടി വന്ന സാഹചര്യം... തൊട്ടടുത്ത നിമിഷത്തില്‍ കയ്യിലിരുന്ന ആഴ്ച്ചപ്പതിപ്പിനെകുറിച്ച്...ഒക്കെ... അപ്പോഴും പരിചിത മുഖങ്ങള്‍ക്കായി ഉഴറുന്ന കപടസദാചാരം എന്നെ പൊള്ളിക്കുകയായിരുന്നു. ഒരു ദൂരം ഒപ്പം നടന്നപ്പോള്‍ ഒരകലം കുറയാതെ സൂക്ഷിച്ചതും ഈ കപടസദാചാരം തന്നെ. ചായമേശയിലേക്ക്‌ ഒളിഞ്ഞുനോക്കുന്ന കണ്ണുകളും തെറിച്ചു വീഴുന്ന വാക്കുകളില്‍ പ്രണയം പരതുന്ന കാതുകളും നീ കണ്ടില്ല. ഒടുവില്‍ വേഗം കാലുകളിലാവാഹിച്ച ഘടികാരസൂചികള്‍ പകര്‍ന്നുതന്ന അസ്വസ്ഥതയുമായി യാത്രാമൊഴി... അപ്പോഴും എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു സദാചാരക്കണ്ണുകള്‍.....

- by ശ്രീ