Wednesday, April 9, 2014

മഞ്ഞും വിമലയും...


    കാലത്തിലെ സുമിത്രയെപ്പോലെ സ്നേഹത്തിനു മുന്നില്‍ സ്വാത്മനാ സമര്‍പ്പിക്കുന്നവളാണ് മഞ്ഞിലെ വിമലയും. "കരയരുത്, എന്‍റെ...എന്‍റെ എല്ലാം നല്‍കുന്ന ഈ നിമിഷത്തില്‍ കരഞ്ഞുപോകരുത്" എന്ന വിമലയുടെ ചിന്തയില്‍ ആത്മസമര്‍പ്പണം പൂര്‍ണത തേടുന്നു. ഈ ആത്മസമര്‍പ്പണങ്ങള്‍ എം.ടി യുടെ ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും നിഗൂഡമായ ഒരാനന്ദം നല്‍കുന്നതായി കാണാം. അവര്‍ ഒരിക്കലും ജീവിതയാത്രയിലെവിടെയോ തങ്ങളെ ഏകാന്തതയുടെ തുരുത്തില്‍ ഉപേക്ഷിച്ച പുരുഷന്മാരെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ആ അനര്‍ഘ നിമിഷങ്ങളുടെ അനുഭൂതികള്‍ ഒരു മഞ്ഞുപാളിയില്‍ നിമഞ്ജനം ചെയ്തു കാത്തിരിക്കുന്നു; ഒന്നു കാണാന്‍ വേണ്ടി മാത്രം.

    ഒരിക്കലും സഫലമാകില്ലെന്നറിഞ്ഞുകൊണ്ടുള്ള കാത്തിരിപ്പിന്‍റെ കഥയാണ് മഞ്ഞ്. ഈ പ്രതീക്ഷയുടെ നാളങ്ങള്‍ പകരുന്ന ഇളംചൂടാണ് വിമലയുടെ ജീവിതചക്രത്തെ മുന്നോട്ടുരുട്ടുന്നത്. ഒന്‍പതുവര്‍ഷങ്ങള്‍ക്കു ശേഷവും കത്തുകള്‍ മുന്നില്‍ വീഴുമ്പോള്‍ വിമലയുടെ നെഞ്ചിടിപ്പ് ഉയരുന്നതും ഒരു പ്രതീക്ഷ ബാക്കി നില്‍ക്കുന്നതുകൊണ്ടു മാത്രമാണ്.

  രശ്മി വാജ്‌പേയി പോകുന്നത് വീട്ടിലേക്കല്ല എന്നു വ്യക്തമായി അറിയാമായിരുന്നിട്ടും വിമല കര്‍ക്കശയായ ഒരു റെസിഡന്‍്റ് ട്യൂട്ടറുടെ നിലപാടെടുക്കുന്നില്ല. വേദനയുടെയും ഏകാന്തതയുടെയും മഞ്ഞിലുറഞ്ഞുകിടക്കുമ്പോഴും പ്രണയത്തിന്‍റെ നനുത്ത സ്പര്‍ശങ്ങള്‍ തിരിച്ചറിയാതെ പോകുന്നില്ല അവളിലെ സ്ത്രീ. എങ്കിലും 'മുപ്പത്തൊന്നു വയസ്സായ ഒരു സ്ത്രീ ഒരു നാടോടിപ്പാട്ടു കേള്‍ക്കുമ്പോള്‍ ദുര്‍ബ്ബലയാവരുത്' എന്നു മനസ്സിനെ പക്വത അടിച്ചേല്‍പ്പിക്കാനും വിമല മറക്കുന്നില്ല,

    നിശ്ശബ്ദതയുടെ, മൗനത്തിന്‍റെ സംഗീതം ഈ നോവെല്ലയില്‍ ഉടനീളം കാണാം. മഞ്ഞിന്‍റെ തണുപ്പ് ആ മൗനത്തിനു ആഴം കൂട്ടുന്നപോലെ. ഏതൊരു സംഗീതത്തേയും പോലെ സാന്ദ്രതയേറുംതോറും അസ്വാദ്യമാകുന്ന ഒന്നാണ് മൗനവും. ആത്മാവിന്‍റെ സംഗീതമാണ് മൗനം. മൗനത്തിലെ സംഗീതം ആസ്വദിക്കുക എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നാണ്. പക്ഷേ ഒന്‍പതു വര്‍ഷത്തെ ഋഷിതുല്യമായ ഏകാന്തജീവിതം വിമലയുടെ ആത്മാവിനെ മൗനത്തോടു സംവദിക്കാന്‍ പ്രാപ്തയാക്കിയിരിക്കുന്നു.

    മലയോരങ്ങളില്‍, കാലത്തിന്‍റെ പാറക്കെട്ടുകളില്‍ മഞ്ഞ് വീഴുന്നു, ഉരുകുന്നു, വീണ്ടും തണുത്തുറഞ്ഞു കട്ട പിടിക്കുന്നു. സഞ്ചാരികള്‍ വരുകയും പോവുകയും ചെയ്യുന്നു. പേരിടാത്ത പാറയില്‍ പഴയ പേരുകള്‍ മാഞ്ഞുപോകുന്നു, പുതിയ പേരുകള്‍ പെരുകുന്നു. കാലം നിശ്ചലമാകുന്നത്, ഉരുകാത്ത ഹിമപാളികള്‍ക്കു മീതേ വീണ്ടും വീണ്ടും മഞ്ഞുപെയ്തു കട്ടിയാകുന്നത് വിമലയുടെ വേദനയിലും ഏകാന്തതയിലും മാത്രം! 'മനസ്‌ മഞ്ഞിറങ്ങുന്ന ഒരു താഴ്വരയാണ്' എന്നു വിമലയെക്കൊണ്ടു പറയിക്കുമ്പോള്‍ ഈ ഏകാന്തതയുടെ വേദനയാണ് കഥാകാരന്‍ പറയാതെ പറയുന്നത്.

    അച്ഛന്‍റെ മരണം പോലും മഞ്ഞിലുറഞ്ഞ ഒരുതരം മരവിപ്പാണ് വിമലയില്‍ ഉണ്ടാക്കുന്നത്‌. അച്ഛന്‍റെ മരണത്തില്‍ ആടിയുലയുന്നതു മുന്നില്‍ക്കണ്ടിരുന്ന തനിക്ക് ഒന്നു കരയാന്‍ പോലുമാകാതെ വരുമ്പോള്‍ തനിക്കെന്തോ തകരാറുണ്ടെന്നു പോലും അവള്‍ ചിന്തിക്കുന്നു. ഏറെനാളത്തെ പ്രതീക്ഷയ്ക്കൊടുവില്‍ മരണം പോലും തണുത്തുറഞ്ഞു പോകുന്ന അവസ്ഥയാണ് ഇവിടെ നാം കാണുന്നത്.

  ബോര്‍ഡിംഗ്ഹൗസിലെ വിമലയുടെ ജീവിതം വിരസവും ഏതാണ്ട് നിശ്ചലവുമാണ്. തണുത്തുറഞ്ഞ ഈ വിരസതയ്ക്കു നടുവിലും  ഹോസ്റ്റല്‍ മുറിയിലെ ജാലകക്കാഴ്ച്ചകളില്‍, പകല്‍ക്കിനാവുകളില്‍, റാക്കില്‍ അടുക്കില്ലാതെ കിടക്കുന്ന പുസ്തകങ്ങളില്‍ തന്‍റെ തന്നെ ഒരു ലോകം തീര്‍ക്കുകയാണ് വിമല; തന്‍റെ തന്നെ ശവകുടീരവും. അച്ഛന്‍റെ മരണശേഷം എത്രയും പെട്ടെന്ന് ഈ തുരുത്തിലേക്ക് ഓടിയനയാനുള്ള അവളുടെ വ്യഗ്രതയില്‍ ഇതു പ്രകടമാണ്. എഴുതുന്ന കത്തുകളിലെ ഔപചാരികത വ്യക്തമാക്കുന്നത്  മറ്റുള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലുള്ള വിമലയുടെ വിമുഖതയാണ്. ഈ വിമുഖതയുടെ മഞ്ഞിലേക്ക് ഇളവെയില്‍ പരത്താന്‍ ശ്രമിച്ച സര്‍ദാര്‍ജി തോല്‍വി സമ്മതിക്കുന്നു. പക്ഷെ ബുദ്ദുവുമായി അവള്‍ക്കുള്ള ആത്മബന്ധംഇതിനൊരപവാദമാണ്. അവന്‍റെ ചിന്തകളിലേക്കു കൂടി എത്തിപ്പെടാന്‍ കഴിയുന്നത്ര തീവ്രമായ ഒരാത്മബന്ധം! ഒരുപക്ഷേ രണ്ടുപേരുടെയും കാത്തിരിപ്പിന്‍റെ സമാനതയാവാം ഈ ബന്ധത്തിന് അടിസ്ഥാനം. ഗോരാസാഹിബിനെ കാത്തിരിക്കുന്ന ബുദ്ദുവിനെ മറ്റെല്ലാവരും പരിഹസിക്കുമ്പോഴും ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു നഷ്ടപ്പെട്ട, 'നീലഞരമ്പുകള്‍ തുടിക്കുന്ന മുഖവും നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയുമുള്ള,' ഒരു സ്വപ്നം വീണ്ടും മുന്നില്‍ ജീവന്‍ കൊള്ളുമെന്ന് ഓരോ ഏപ്രില്‍ മാസത്തിലും പ്രതീക്ഷിക്കുന്ന വിമല മാത്രം വേറിട്ടു നില്‍ക്കുന്നു.

  വീട് ഒരിക്കലും വിമലയ്ക്ക് മധുരിക്കുന്ന ഓര്‍മ്മകള്‍ നല്‍കുന്നില്ല. കര്‍ക്കശനായ പിതാവ് ബാല്യകൗമാരങ്ങളുടെ വര്‍ണ്ണങ്ങള്‍ക്കു മേല്‍ നരച്ച ഓര്‍മ്മകള്‍ വിതറുന്നു. ചക്രവര്‍ത്തിയേപ്പോലെ വിരാജിച്ചിരുന്ന പിതാവിന്‍റെ അവസാനകാലത്തെ നിസ്സഹായാവസ്ഥ വേദനയുളവാക്കുന്നു. അച്ഛന്‍റെ വീഴ്ച മുതലെടുക്കുന്ന അമ്മയുടെ വഴിവിട്ട സഞ്ചാരം അസ്വസ്ഥതയുടെ മുള്‍മുനകള്‍ പാകുന്നു. കുടുംബത്തിലെ ഏക ആണ്‍തരി ഭാംഗിനും ചീട്ടുകളിക്കും അടിമയായി ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് ചിന്തയേതുമില്ലാതെ നടക്കുന്നു. അനുജത്തി പ്രണയത്തിന്‍റെ മാസ്മരിക ലോകത്തിലേക്ക് ഊളിയിടുന്നു. ശിഥിലമായ ഈ കുടുംബബന്ധങ്ങള്‍ 'നാളെയുടെയും ഇന്നലെയുടെയും' മധ്യത്തില്‍ വിമലയുടെ ഒഴിവുകാലങ്ങള്‍ ബോര്‍ഡിംഗ്ഹൗസിലെ ഏകാന്തതയില്‍ ഉരുക്കിത്തീര്‍ക്കുന്നു.

     വായനയ്ക്കു ശേഷം ദിവസങ്ങള്‍ കൊഴിഞ്ഞാലും ഒരു വേദനയായി മഞ്ഞ് മനസില്‍ ഉറഞ്ഞുകൂടുന്ന അനുഭവം എന്റേതു മാത്രമാകില്ല എന്നു കരുതുന്നു. വിമലയുടെ, കാലത്തിലെ സുമിത്രയുടെ പ്രണയം പോലെ ഏകാന്തതയില്‍ മനസ്സിന്‍റെ ഉള്ളറകളില്‍ നിന്നു പുറത്തെടുത്ത് നിഗൂഡമായി ആനന്ദിക്കാനുള്ള അനര്‍ഘനിമിഷങ്ങളുടെ അനുഭൂതിയാണ് മഞ്ഞിന്‍റെ വായനയും.

-ശ്രീ



പൂച്ചപ്പുരാണം - മൂന്നാം ഭാഗം


           ഉഷച്ചേച്ചിയുടെ സിറ്റൌട്ടില്‍ വല്യ ഗമേല് വാലും പൊക്കി നടക്കുകയായിരുന്നു മ്മടെ പൂച്ചച്ചന്‍. ചെടിക്കു നനയ്ക്കാനിറങ്ങിയ എന്നെ കണ്ടതും വാല് ഒന്നുകൂടി പൊക്കിപ്പിടിച്ചു.

'കണ്ടോടീ നീയല്ലേ ഞങ്ങളെ വീട്ടിനകത്തു കയറ്റാത്തെ. ഉഷച്ചേച്ചിയെ കണ്ടുപഠിക്കെടീ" എന്നാണു മുഖഭാവം.

'വേല കയ്യിലിരിക്കട്ടെ' എന്ന് ഞാനും ഒന്നു തലയാട്ടി. അപ്പോഴാണ്‌ ഉണ്ണിച്ചേട്ടന്‍റെ സ്കൂട്ടര്‍ ഗേറ്റ് കടന്നു വന്നതും ഒരു പ്ലാസ്റിക് കവര്‍ ചേട്ടന്‍ ചേച്ചിക്കു കൈമാറിയതും. 

'ഡീ പെണ്ണേ, പൊരിച്ച കോയീന്‍റെ മണം' എന്നു സിനിമാസ്റ്റൈലില്‍ പറഞ്ഞ് എന്നെ കണ്ണിറുക്കി കാട്ടി പൂച്ചച്ചന്‍ ഉഷച്ചേച്ചിയുടെ പുറകേ അകത്തേയ്ക്കു വച്ചടിച്ചു. മതില്‍ കടന്നെത്തിയ സ്നേഹപ്പങ്കു കഴിച്ച് ഏമ്പക്കവും വിട്ട് ഇരിക്കുമ്പോഴാണ് കണ്ണന്‍റെ വിളി,

"ആന്‍റീ ഒരു രസം കാണണേല്‍ വാ!"
രസം വേറൊന്നുമല്ല പാര്‍സേല്‍ കണ്ടപ്പോള്‍ മുതല്‍ ചേച്ചിയുടെ പുറകെ നടന്നു സ്വന്തം പങ്കു പിടിച്ചുവാങ്ങി കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു പൂച്ചച്ചന്‍.

"ചേട്ടാ"

ഒരു പിന്‍വിളിയില്‍ പൂച്ചച്ചന്‍റെ വിശപ്പ്‌ പമ്പ കടന്നു. പൊറോട്ടയും ചില്ലിചിക്കനും പ്രിയതമയ്ക്കായി നീക്കി വച്ചു മാറിനിന്നു ആ സ്നേഹധനനായ ഭര്‍ത്താവ്. പൂച്ചമ്മയാകട്ടെ ഒന്നു നിവര്‍ന്നു നോക്കുക പോലും ചെയ്യാതെ വെട്ടി വിഴുങ്ങുകയും.

"എടീ അവളു പെറ്റു കിടക്കുവല്ലിയോ! ഒരു കഷണം അവള്‍ക്കൂടെ വച്ചേക്ക്" പൂച്ചച്ചന്‍ നയത്തില്‍ അടുത്തുകൂടി.

"അല്ലേലും നിങ്ങള്‍ക്കാ സുന്ദരിക്കോതയോടാണ് പഥ്യം. ഞാന്‍ രണ്ടാമൂഴക്കാരിയാണല്ലോ. ഇന്നാ കൊണ്ടുക്കൊടുക്ക്." പരിഭവം പറഞ്ഞെങ്കിലും ഉള്ളതില്‍ മുഴുത്ത കഷണം നോക്കി പൂച്ചച്ചന്‍റെ അടുത്തേയ്ക്കു നീക്കിയിട്ടു പൂച്ചമ്മ. അതും കടിച്ചെടുത്തു പ്രഥമപത്നിയുടെ അടുത്തേയ്ക്കു തിരിച്ചു ആ ഭര്‍തൃപുംഗവന്‍.

'ങ്ങക്ക് വിശക്കണില്ലേ പൂച്ചച്ചാ?"

"അല്ലേലും എനിക്കീ ചില്ലി ചിക്കനോട് വല്യ ഇഷ്ടമില്ല കൊച്ചേ" എന്‍റെ ചോദ്യത്തിനുള്ള പൂച്ചച്ചന്‍റെ മറുപടിയില്‍ ഒരു ജന്മത്തിന്‍റെ സ്നേഹസുഗന്ധം. അപ്പോഴേക്കും പ്ലേറ്റ് നക്കിത്തുടയ്ക്കാനാരംഭിച്ചിരുന്ന പൂച്ചമ്മയുടെ നേരെ തിരിഞ്ഞു ഞാന്‍.

"എന്നാലും എന്‍റെ പൂച്ചമ്മേ നിങ്ങളെ ഇത്രയും സ്നേഹിക്കുന്ന ആ പൂച്ചച്ചനോട് എന്തിനാ എപ്പോഴും കടിച്ചുകീറി തിന്നാന്‍ നിക്കണേ?"

"അല്ല കൊച്ചേ അങ്ങേരു പറയണോ എന്നോട് അവള്‍ക്കും കൂടി കൊടുക്കണംന്ന്. അങ്ങിനൊരു വിചാരമില്ലേല് ആ മുഴുത്ത കഷണം ആദ്യമേ എനിക്കങ്ങു തിന്നാല്‍ പോരായിരുന്നോ? ഒന്നൂല്ലേലും അവളെന്‍റെ ചേച്ചിയല്ലേടീ പെണ്ണേ!" ഇതു പറയുമ്പോള്‍ ആ കുറുമ്പത്തിയുടെ കണ്‍കോണുകളില്‍ ഒരു നനവിന്‍റെ നിഴലാട്ടം. ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു തിരികെ നടന്ന എന്നെ പൂച്ചമ്മയുടെ ആത്മഗതം പിന്തുടര്‍ന്നെത്തി,

"ചട്ടീം കലോമായാല്‍ തട്ടീം മുട്ടീം ഇരിക്കും. കെട്ടിയോനെ കനകം കൊയ്യാന്നു കരുതി അന്യനാട്ടില്‍ പറഞ്ഞു വിട്ടിട്ടിരിക്കണ നിനക്കെങ്ങനറിയാനാ അതിന്‍റെയൊരു സുഖം!"

-ശ്രീ

പൂച്ചപ്പുരാണം രണ്ടാം ഭാഗം.

 
                        സന്ധ്യയ്ക്ക് ചെടികള്‍ക്കു നനയ്ക്കാനായി വെള്ളം എടുക്കാന്‍ പുറത്തെ പൈപ്പിനടുത്തേയ്ക്കു ചെന്നതാണ് ഞാന്‍. എവിടുന്നോ അടക്കിപ്പിടിച്ച വര്‍ത്തമാനവും ചിരിയും. ആളെ തപ്പി പിന്നാമ്പുറത്തേയ്ക്കു ചെന്നപ്പോ ദേ നമ്മുടെ പൂച്ചമ്മേം കെട്ട്യോനും മതിലിനു മുകളില്‍ മുഖത്തോടുമുഖം നോക്കി കിന്നാരം പറഞ്ഞു കിടക്കുന്നു. എന്തോ പറഞ്ഞു പൂച്ചമ്മ കെട്ട്യോനൊരു പഞ്ചാരനുള്ള് കൊടുക്കുമ്പോഴാ എന്‍റെ രംഗപ്രവേശം. 


"ചുമ്മാതിരിയെടീ ദേ ആ പെണ്ണ് നോക്കുന്നു." 

പൂച്ചച്ഛന്‍ പറഞ്ഞത് കേട്ടതും

 "സ്വര്‍ഗത്തിലെ കട്ടുറുമ്പായിട്ടു നിന്നെ എന്തിനാടീ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെഴുന്നള്ളിച്ചേ?" എന്ന മട്ടില്‍ പൂച്ചമ്മ എന്നെ തിരിഞ്ഞൊരു നോട്ടം. 

ചമ്മല്‍ പുറത്തു കാണിക്കാതെ ഞാന്‍ ചോദ്യം എറിഞ്ഞു,

 "പൂച്ചമ്മേ അന്നു ഞാന്‍ എടുത്തുതന്ന പ്രൊഫൈല്‍ പിക്ചര്‍ അങ്ങു ഹിറ്റായല്ലോ. ലൈക്‌ 1000 കഴിഞ്ഞത് ഞാന്‍ കണ്ടാരുന്നു."

"അതു പിന്നെ നീ എടുത്തോണ്ടൊന്നുമല്ല എന്‍റെ പടം എപ്പോ ഇട്ടാലും 1000 ലൈക്‌ ഉറപ്പാ."

"മരമോന്തയാണേലും അഹങ്കാരത്തിന് ഒട്ടും കുറവില്ല" 
ഞാന്‍ മനസ്സില്‍ പറഞ്ഞെങ്കിലും പുറത്തേയ്ക്കു വന്നത് ഇങ്ങനെയാ, 

"അതുപിന്നെ നിങ്ങള് ഒരു ബ്യൂട്ടിക്വീന്‍ അല്ലേ!"

"നീ പറഞ്ഞത് ഇംഗ്ലീഷിലാണേലും എനിക്കു മനസ്സിലായി കേട്ടോടീ കൊച്ചേ. ങ്ങള് കേട്ടോ മനുഷ്യാ എന്നെ കണ്ടാല്‍ ഐശ്വര്യാറായിയെ പോലുണ്ടെന്നാ ഓള് പറഞ്ഞേ." പൂച്ചമ്മ ഒന്നൂടെ പൂച്ചച്ഛനോട് ചേര്‍ന്നിരുന്നു.

"അല്ല പൂച്ചമ്മേ അന്നു നമ്മളു കണ്ടേപ്പിന്നെ നിങ്ങള് ഒന്നൂടെ പെറ്റില്ലാരുന്നോ? ആ കുട്ട്യോളെവിടെ?"

"ഓ അതുങ്ങളെ ആ കെണ്ണാന്ത്രം പിടിച്ച മരപ്പട്ടി കടിച്ചു കൊന്നു കളഞ്ഞെടീ കൊച്ചേ. അവന്‍ പണ്ടാരടങ്ങി പോവത്തെ ഉള്ളൂ. കാലമാടന്‍."

"നിങ്ങടെ ആ മൂത്ത രണ്ടു ചെക്കന്മാരോ?"

"അവന്മാര് പെണ്ണു കേട്ടിയെപ്പിന്നെ അച്ചിവീട്ടിലാ താമസം. അച്ഛനും അമ്മേം ചത്തോ ഒണ്ടോന്നു പോലും അന്വേഷണം ഇല്ല. ങാ മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കണ്ടാന്നല്ലേ! ഒക്കേറ്റിനും ഒരു യോഗം വേണം."

"നിങ്ങള്‍ടെ ചേച്ചിക്കും ഉണ്ടാരുന്നല്ലോ രണ്ടു കുട്ടികള്‍. അവറ്റോളേം മരപ്പട്ടി കൊന്നോ?
"
"ആ അതുങ്ങളേം കൊണ്ടോയി. എന്നാലെന്താ ഓള് വീണ്ടും പള്ളേലാക്കീട്ടുണ്ട്." അതും പറഞ്ഞ് അര്‍ത്ഥഗര്‍ഭമായി പൂച്ചച്ഛനെ ഒരു നോട്ടവും ഇരുത്തി ഒരു മൂളലും.

"അതിരിക്കട്ടെ കൊച്ചേ നിന്‍റെ കെട്ട്യോന്‍റെ വിളീം പറച്ചിലുമൊക്കെ ഉണ്ടോ?"  പൂച്ചച്ഛന്‍ ഡാവിനു വിഷയം മാറ്റി.

"ഉം എന്നും വിളിക്കും."

"ഇനി എന്നാ ലീവിനു വരുന്നേ?"

"മെയ്‌ മാസത്തിലു വരാന്നാ പറയണേ."

"ഇങ്ങനെ വന്നും പോയും ഇരുന്നാ മതിയോ?" 

ചോദ്യത്തോടൊപ്പമുള്ള പൂച്ചച്ഛന്‍റെ കള്ളച്ചിരി പൂച്ചമ്മയ്ക്ക് അത്ര സുഖിച്ചില്ലാന്നു എനിക്ക് തോന്നിയതേ ഉള്ളൂ അപ്പോഴേക്കും പൂച്ചമ്മ എണീറ്റു കഴിഞ്ഞു.

"അതേ മനുഷ്യാ നിങ്ങളിവിടെ കിന്നാരോം പറഞ്ഞിരുന്നാലെ ആ മീന്‍കടക്കാരന്‍ കടയടച്ച് അയാള്‍ടെ പാട്ടിനു പോവും. എനിക്കാണേല്‍ അടുക്കളേല്‍ നൂറു കൂട്ടം പണിയുണ്ട്."
പറഞ്ഞു തീര്‍ന്നതും മതിലിനപ്പുറത്തേയ്ക്കു ചാടിയതും ഒന്നിച്ചു കഴിഞ്ഞു.

പിറകെ പൂച്ചച്ഛനും എഴുന്നേറ്റു,

 "ഞാമ്പോട്ടേ കൊച്ചേ ഇല്ലേല്‍ അവളു പിണങ്ങും. മറ്റോളാണേല്‍ ഗര്‍ഭിണിയും. ഇവള്‍ടെ താളത്തിനു തുള്ളിയില്ലേല്‍ ഞാനിന്നു പട്ടിണി കിടക്കേണ്ടി വരും."

-ശ്രീ