Thursday, December 12, 2013

പ്രണയകാലം.



ഫിസിക്സ് ലാബിലെ പ്രിസത്തിലൂടെ
വെളിച്ചം കടത്തിവിട്ട്
റിഫ്രാക്ടീവ് ഇന്‍ഡെക്സ് തിരയുമ്പോഴാണ്
പ്രണയസ്വപ്നങ്ങളില്‍ മഴവില്ല് വിരിഞ്ഞത്.
ക്ലാസ്മേറ്റും കളിക്കൂട്ടുകാരനും
ഒരുമിച്ചു പ്രണയം പറഞ്ഞപ്പോള്‍
മനസ്സൊരു സിമ്പിള്‍പെന്‍ഡുലം പോലെ
ദോലനങ്ങളാല്‍ അസ്വസ്ഥമായി.
ട്യൂണിംഗ് ഫോര്‍ക്കിന്‍റെ കമ്പനങ്ങള്‍ക്കോ
കൗമാരസ്വപ്നങ്ങളുടെ ചിറകടിയൊച്ചയ്ക്കോ
തരംഗദൈര്‍ഘ്യം കൂടുതല്‍ എന്നു കണക്കുകൂട്ടി
ആകെ കുഴമാന്തിരത്തിലായ എന്നെ
സുവോളജി ലാബിലെ
ഫോര്‍മാലിന്‍ കുളങ്ങളില്‍ മുങ്ങിക്കിടന്ന്
ഭ്രൂണങ്ങള്‍ കൊഞ്ഞനം കുത്തി.
ശല്‍ക്കങ്ങള്‍ പൊളിച്ചു മാറ്റിയ പാറ്റകളും
നെടുകെ പിളര്‍ന്ന ശരീരത്തില്‍
തുടിക്കുന്ന ഹൃദയമുള്ള തവളകളും
എന്‍റെ തലച്ചോറില്‍ സ്വൈരവിഹാരം നടത്തി.
സെന്റിപെടുകളും മില്ലിപെടുകളും
മണ്ണിരകളെ കൂട്ടുപിടിച്ച്
എന്നിലേക്ക്‌ ഇഴഞ്ഞുകയറി.
പേടിച്ചുഴറിയ എനിക്ക് കണിശക്കാരായ
പിപ്പെറ്റുകളും ബ്യൂറെറ്റുകളും
ആത്മനിയന്ത്രണത്തിന്‍റെ മന്ത്രമോതി.
ഒരു തുള്ളിയുടെ വ്യത്യാസത്തില്‍
ആസിഡും ആള്‍ക്കലിയും
നിര്‍വീര്യമാകുന്ന കാഴ്ച
ജീവിതം നൈമിഷികമെന്ന പാഠമോതി.
ഒരു രാസമാറ്റത്തില്‍
ഉദാസീനയായ എന്നിലേക്ക്‌
വേര്‍ഡ്സ് വര്‍ത്തും ഷെല്ലിയും
കീറ്റ്സുമൊക്കെ ഉല്‍പ്രേരകങ്ങളായി.
നീളന്‍ വരാന്തകളില്‍ ഇടനാഴികളില്‍
കോണിച്ചുവടുകളില്‍ റീഡിംഗ് റൂമില്‍
ലൈബ്രറിയില്‍ ലാബുകളില്‍
പ്രണയം തുളുമ്പി നിന്ന
പ്രീഡിഗ്രിക്കാലം.

-ശ്രീ

13 comments:

  1. Replies
    1. മനു എപ്പോഴും എല്ലായിടത്തും നിന്‍റെ പ്രോത്സാഹനം ഉണ്ടായിരുന്നല്ലോ. Thanks da....

      Delete
  2. കാൽവിരൽ തുമ്പിലറിഞ്ഞ തരംഗങ്ങൾ
    കൊരിത്തരിച്ചെന്റെ മേനിയാകെ;
    നെഞ്ചിന്നകത്തൊരു പെൻഡുലമാടിക്കൊ
    ന്ടെന്നോട് കിന്നാരം ചൊല്ലി പിന്നെ...!

    ReplyDelete
  3. ബോട്ടണി ലാബിനെ കൂടി ഉള്‍പ്പെടുത്താമായിരുന്നു......

    നന്നായിട്ടുണ്ട്..രസകരം...

    ReplyDelete
  4. മനോഹരമായി ഈ വർണ്ണന
    ആ പഴയകാല കാമ്പസ് ജീവിതം
    ഒരു മിന്നൽ പോലെ ഓടിയെത്തി.
    എഴുതുക. അറിയിക്കുക.
    ആശംസകൾ

    ReplyDelete
  5. മനോഹരമായി എഴുതി..!!

    അഭിനന്ദനങ്ങള്‍,,

    ReplyDelete