അല്പം സെന്റിയടിക്കാന്‍ പോവാണ്. മൃദുലഹൃദയമുള്ളവര്‍ വായിക്കുന്നതിനു മുന്‍പ് ഒന്നു കരുതിയിരുന്നോളൂ.
നാട്ടിന്‍പുറത്തെ
എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ് പഠനകാലം. ഷെരീഫ ടീച്ചര്‍ക്ക് ഞങ്ങള്‍ടെ
സ്കൂളിലേക്ക് ഹെഡ്മിസ്ട്രെസ് ആയി സ്ഥലം മാറ്റം കിട്ടി വന്നു. കാണാന്‍ അത്ര
സുന്ദരിയല്ലെങ്കിലും നല്ല സ്നേഹമുള്ള ടീച്ചര്‍. ചോക്കെടുക്കാന്‍ പേടിക്കാതെ
ഓഫീസില്‍ കയറി ചെല്ലാം. ടീച്ചര്‍ അടുത്ത് ചേര്‍ത്തുനിര്‍ത്തി കുശലം
ചോദിക്കും. ടീച്ചര്‍ വരാന്തയിലൂടെ നടക്കുമ്പോഴും ക്ലാസ്സില്‍ വരുമ്പോഴും
കയ്യില്‍ വടിയുണ്ടാവില്ല. അതും പോരാഞ്ഞിട്ടോ പ്രാര്‍ത്ഥന ചൊല്ലാന്‍ സ്ഥിരം
'അഖിലാണ്ഡമണ്ഡലം' മാത്രമല്ല ഉള്ളതെന്നു കാട്ടിത്തരുവേം ചെയ്തു.
അങ്ങിനെ ഷെരീഫാടീച്ചറിനോട് ഇഷ്ടം പെരുത്തു വരുമ്പോള്‍ ബാലകലോല്‍സവം
തുടങ്ങാറായി. പിന്നേം ഇഷ്ടം കൂട്ടാനായിട്ട് ടീച്ചര്‍ ഞങ്ങളെ ഓരോ ഐറ്റംസ്
പഠിപ്പിക്കാന്‍ തുടങ്ങി. തിരുവാതിര കളിയാണ് ടീച്ചറുടെ മാസ്റ്റര്‍പീസ്.
കുട്ട്യോളില്‍ നിന്നും നൃത്തത്തില്‍ വാസനയുള്ള പത്തു പേരെ ടീച്ചര്‍
കണ്ടെത്തി. ആ കൂട്ടത്തില്‍ വന്നതോടെ സ്വര്‍ഗം കിട്ടിയ വാശിയായി. അന്നു
ഇന്നത്തെപ്പോലെ മുക്കിനു മുക്കിനു ഡാന്‍സ് സ്കൂള്‍ ഒന്നും ഇല്ലല്ലോ. അപ്പോ
പിന്നെ ഒരു ഡാന്‍സുകാരിയാവാന്‍ കിട്ടിയ ഈ അസുലഭ അവസരത്തില്‍
സന്തോഷിക്കാതിരിക്കുന്നതെങ്ങിനെ
!
'കണി കാണുംനേരം' എന്ന വന്ദനത്തോടെ തുടങ്ങി കുചേലവൃത്തത്തിലെ
'കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണവസ്ത്ര'ത്തിലൂടെ തുടര്‍ന്ന് 'വിപ്ര
പത്നി അപ്രദേശേ ഇരന്നു കുത്തിയ നെല്ലില്‍' കുമ്മിയോടെ അവസാനിക്കുന്ന
തിരുവാതിര പ്രാക്ടീസ് ദിവസംതോറും പുരോഗമിച്ചു വന്നു. ആദ്യമൊക്കെ രാവിലെ
എഴുന്നേല്‍ക്കുമ്പോള്‍ ശരീരം നന്നായി വേദനിച്ചു. പരിശീലനത്തിനിടെ
സ്റ്റെപ്പ് തെറ്റിക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി മാഷുടെ ചൂരല്‍കഷായം ഉണ്ട്.
ഒരാള്‍ തെറ്റിച്ചാലും പത്തു പേരെയും മാഷ് അടിക്കും. വട്ടത്തില്‍ അങ്ങിനെ
നില്‍ക്കുമ്പോള്‍ പുറകിലൂടെ വന്നുള്ള ആ അടിയുണ്ടല്ലോ... അതു കിട്ടുമ്പോള്‍
അറിയാണ്ട് കണ്ണീന്നു വെള്ളം ചാടും; കൂടെ 'അയ്യോ' എന്നൊരു വിളിയും. പക്ഷേ
ഡാന്‍സുകാരികളാകാന്‍ വേണ്ടി എന്തും സഹിക്കാന്‍ തയ്യാറായ പത്തു പേര്‍ക്കു
മുന്നില്‍ കൃഷ്ണന്‍കുട്ടി മാഷുടെ അടികള്‍ നിഷ്പ്രഭമായി.
കലോത്സവം അടുത്തു വന്നു. എട്ടു പേരുടെ ഉജ്വല ടീം തയ്യാര്‍. പഠിച്ച
പത്തുപേരില്‍ രണ്ടു പേര്‍ റിസേര്‍വ് ആണ് കേട്ടോ. കൊച്ചുകുട്ടികളല്ലേ
ആര്‍ക്കെങ്കിലും മത്സരദിവസം പനിയോ മറ്റോ ആയാലും കളി മുടങ്ങരുത് എന്ന
ടീച്ചറുടെ ദീര്‍ഘദര്‍ശനം. (ഞങ്ങള്‍ അധ്യാപകര്‍ക്ക് അനുഭവങ്ങളില്‍ നിന്ന്
കിട്ടുന്നതാണ് ഇങ്ങനെയുള്ള പാഠങ്ങള്‍). ഉടുക്കാന്‍ ഉള്ള കസവ് സെറ്റുമുണ്ട്
(വാങ്ങാന്‍ നിവൃത്തിയില്ലാത്തവര്‍ക്കും വീട്ടില്‍ അമ്മൂമ്മമാര്‍
ഇല്ലാത്തവര്‍ക്കും ടീച്ചര്‍ തന്നെ കൊണ്ടു വരാം എന്നാണ് കണ്ടീഷന്‍), ചുവന്ന
അരബ്ലൌസിന്‍റെ കയ്യില്‍ ഗില്‍റ്റ്പേപ്പര്‍ വച്ചു പിടിപ്പിച്ചത്, രണ്ടു
കയ്യിലും ഇടാന്‍ നിറയെ ചുവന്ന കുപ്പിവളകള്‍, കഴുത്തിലേക്ക് കാശുമാല,
വിളക്കു വയ്ക്കാന്‍ താലം എന്ന് വേണ്ട ഒരുക്കങ്ങളുടെ മേളം. നാട്ടിന്‍പുറത്തു
കിട്ടാത്ത സാധനങ്ങള്‍ ടീച്ചര്‍ തന്നെ ടൌണീന്നു വാങ്ങി കൊണ്ടുവന്നു. മറ്റു
കുട്ടികളൊക്കെ ആരാധനയോടെ നോക്കുമ്പോള്‍ എന്താ ഞങ്ങള്‍ടെ ഗമ! 'തിരുവാതിര'
കളിക്കുന്നവരോട് കൂട്ടുകൂടുന്നതു തന്നെ മറ്റുള്ളോര്‍ക്ക് മഹാകാര്യവും.
ഞങ്ങളാണേല്‍ ഇരിക്കുമ്പോഴും നടക്കുമ്പോഴും കഴിക്കുമ്പോഴുമെല്ലാം
സ്റ്റെപ്പുകളും മുദ്രകളും കാട്ടി ഇതൊരു മഹാസംഭവമാണെന്നു വരുത്തി
തീര്‍ക്കുന്നു.
കലോത്സവത്തിന്‍റെ തലേ ദിവസം. ഷെരീഫാ ടീച്ചര്‍ ഞങ്ങളുടെ പ്രകടനം കണ്ട്
ഉറപ്പിച്ചു,"സമ്മാനം നമ്മുടെ സ്കൂളിനു തന്നെ!" വേഷഭൂഷാദികളൊക്കെ അണിഞ്ഞുള്ള
അവസാനറൗണ്ട് പരിശീലനവും കഴിഞ്ഞ് വീട്ടിലെത്തി. സന്തോഷം കൊണ്ട്
ഇരിക്കപ്പൊറുതിയില്ല. സാധാരണ എത്ര വൈകിയാലും അച്ഛന്‍ വന്നിട്ടേ ഞാന്‍
ഉറങ്ങാറുള്ളൂ. അന്നും ഞാന്‍ കുത്തിപ്പിടിച്ചു ഇരിക്കുന്നതു കണ്ടപ്പോള്‍
"പൂവേ നാളെ രാവിലെ പോകേണ്ടതല്ലേ. നേരത്തേ കിടന്നുറങ്ങിക്കോ" എന്ന് അമ്മ.
ഞാന്‍ ആവുന്ന പണി പതിനെട്ടും നോക്കി. ഉറക്കം വരണ്ടേ! അച്ഛന്‍ വരാന്‍ പതിവിലും വൈകി.
"അച്ഛാ നാളെയാ തിരുവാതിര മത്സരം. അച്ഛന് എന്‍റെ വളേം മാലേം ഒക്കെ കാണണോ?" ഞാന്‍ ഉത്സാഹത്തിലായി.
പക്ഷേ അച്ഛന്‍റെ മുഖത്ത് സന്തോഷത്തിനു പകരം ഒരു പിരിമുറുക്കം.
"അച്ഛന്‍ ഒരു കാര്യം പറഞ്ഞാല്‍ എന്‍റെ മോള് വിഷമിക്കാതെ കേള്‍ക്കണം. കരയുകേം ചെയ്യരുത്." പതിവില്ലാത്ത ആമുഖം.
അച്ഛന്‍
മടിയില്‍ കയറ്റി ഇരുത്തി. "അച്ഛന്‍റെ മോള് നാളെ മത്സരത്തിനു പോകണ്ട
ട്ടോ..." ഞാന്‍ കരച്ചിലിന്‍റെ വക്കത്തെത്തിയെങ്കിലും കരയരുത് എന്ന് അച്ഛന്‍
നേരത്തേ പറഞ്ഞത് കൊണ്ട് അന്തംവിട്ടു അച്ഛന്‍റെ മുഖത്തേയ്ക്കു നോക്കി
ഇരുന്നു.
"ഇതെന്താ പതിവില്ലാതെ അവളോട് ഇങ്ങനെ മുടക്കം പറയുന്നത്? അവള്‍ എല്ലാം
ഒരുങ്ങിയതല്ലേ. ഇനി പോകണ്ടാന്നു പറഞ്ഞാല്‍..." അമ്മ അര്‍ത്ഥോക്തിയില്‍
നിര്‍ത്തി.
"മോള് പോയാല്‍ ചിലപ്പോള്‍ നാളെ മറ്റു കുട്ടികള്‍ക്ക്
കൂടി കളിക്കാന്‍ പറ്റാതാകും. പകരം കുട്ടികളുണ്ടല്ലോ. അവരില്‍ ഒരാള്‍
കളിച്ചു കൊള്ളും. അതോണ്ട് അച്ഛന്‍റെ മോള്‍ രാവിലെ ഈ ഡ്രെസ്സും ഒരുങ്ങാനുള്ള
സാധനങ്ങളും എല്ലാം സ്കൂളില്‍ കൊണ്ട് കൊടുക്കണം. ഇല്ലേല്‍ ഇനി ഒരാള്‍ക്കു
വേണ്ടി രാവിലെ ടീച്ചര്‍ ഇതെല്ലാം എവിടുന്നു സംഘടിപ്പിക്കാനാണ്!" അച്ഛന്‍
പറഞ്ഞതല്ലേ ശരിയാകും. മനസ്സു വിങ്ങിപ്പൊട്ടുമ്പോഴും അങ്ങിനെയാണ്
ചിന്തിച്ചത്.
രാവിലെ സാധനങ്ങള്‍ എല്ലാം സഞ്ചിയില്‍ ഇട്ട് ഓഫീസ്റൂമിലെത്തി
ഷെരീഫാടീച്ചറിന്‍റെ കയ്യില്‍ കൊടുത്തു. "ടീച്ചറേ ഞാന്‍ വരുന്നില്ല
കളിക്കാന്‍. അച്ഛന്‍ പറഞ്ഞു പോകണ്ടാന്ന്" ടീച്ചറുടെയും മറ്റു
ടീച്ചര്‍മാരുടെയും മൗനത്തിനു പിന്നിലും എന്തോ ഒന്ന് ഒളിച്ചു കിടന്നു.
മത്സരം കഴിഞ്ഞു. ടീച്ചര്‍ ഉറപ്പിച്ചപോലെ ഞങ്ങള്‍ടെ സ്കൂളിനു തന്നെ
ഒന്നാം സമ്മാനം. എല്ലാര്‍ക്കും സന്തോഷമായി. ദിവസങ്ങള്‍ കഴിയവേ ഞാന്‍ എന്‍റെ
സങ്കടവും മറന്നു.
അങ്ങനെയിരിക്കേ സ്കൂള്‍ വാര്‍ഷികം വന്നു.
തിരുവാതിര കളിക്കു ഒന്നാം സ്ഥാനം കിട്ടിയതിന്‍റെ സര്‍ട്ടിഫിക്കറ്റും
സമ്മാനവും ആ ചടങ്ങില്‍ വച്ച് പങ്കാളികള്‍ക്ക് വിതരണം നടക്കുന്നു.
ഓരോരുത്തരായി പേരു വിളിക്കുന്ന മുറയ്ക്ക് ചെന്ന് ഏറ്റു വാങ്ങുന്നു. അതു
നോക്കിയിരിക്കെ ഒടുവില്‍ അതാ എന്‍റെ പേരു വിളിക്കുന്നു. പരിഭ്രമിച്ച്
എഴുന്നേറ്റു ചെന്നപ്പോള്‍ എനിക്കും ടീച്ചര്‍ നല്‍കി ഒരു സമ്മാനം.
വൈകുന്നേരം അതുമായി അച്ഛനെ കാത്തിരുന്നു. വന്ന ഉടന്‍ അച്ഛനോട് കാര്യം
പറഞ്ഞു. അപ്പോഴും അച്ഛന്‍ പറഞ്ഞു, "നാളെ എന്‍റെ മോള്‍ ഇത് ഓഫീസില്‍ കൊണ്ടു
കൊടുത്തിട്ട് തിരിച്ചുപോരണം. മോള്‍ക്ക് അച്ഛന്‍ വാങ്ങി തരാം ഇതിലും നല്ല
സമ്മാനം."
പിറ്റേന്നു രാവിലെ സമ്മാനപ്പൊതി ഓഫീസ് മുറിയിലെ മേശപ്പുറത്തു വച്ചു
"ടീച്ചറേ അച്ഛന്‍ പറഞ്ഞു ഇതിവിടെ തിരികെ തന്നേക്കാന്‍" എന്നു പറഞ്ഞു
തിരിഞ്ഞു നടക്കുമ്പോള്‍ അന്നേവരെ അണകെട്ടി നിര്‍ത്തിയിരുന്ന സങ്കടം ഒരു
കുത്തൊഴുക്കായി അലറിക്കുതിച്ചു എന്നെ കൈകളിലെടുത്തു വീട്ടിലേക്കു പാഞ്ഞു,
എന്‍റെ അച്ഛന്‍റെ നെഞ്ചിലെ സ്നേഹച്ചൂടിലേക്ക്...
വാല്‍ക്കഷ്ണം: സമ്മാനദാന ചടങ്ങിനു മുന്‍പ് തന്നെ അച്ഛന്‍റെ
വിലക്കിന്റേയും ഞാന്‍ വരുന്നില്ല എന്ന് കേട്ടപ്പോഴുള്ള എന്‍റെ അധ്യാപകരുടെ
മൗനത്തിന്റേയും കാരണം ഞാന്‍ അറിഞ്ഞിരുന്നു. അച്ഛന്‍ ഒരു
രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നല്ലോ. കൃഷ്ണന്‍കുട്ടി മാഷ് അച്ഛന്‍റെ
എതിര്‍ചേരിയിലും. മത്സരത്തിന്‍റെ തലേദിവസം മാഷ് മദ്യപിച്ചു വന്നു കവലയില്‍
നിന്നു പറഞ്ഞുവത്രേ, "നാളെ മാന്യേരടെ മോളുണ്ടേല്‍ മത്സരത്തിന് ഈ
സ്കൂളിന്‍റെ തിരുവാതിര കളിക്കില്ല. കൃഷ്ണന്‍കുട്ടിയാ പറയുന്നത് നിങ്ങള്‍
കണ്ടോ!" എന്ന്. ഞാന്‍ കാരണം സ്കൂളിനും പാവം ഷെരീഫാ ടീച്ചറിനും
ബുദ്ധിമുട്ടുണ്ടാകരുതെന്നു എന്‍റെ അച്ഛന്‍ കരുതി. താന്‍ പറയുന്നത് തന്‍റെ
മോള്‍ക്ക് ശരിയായി മനസ്സിലാവും എന്നും അച്ഛനറിയാമായിരുന്നു.
-ശ്രീ