Tuesday, March 26, 2013

ഹെല്‍മെറ്റ്‌ കഥകള്‍ ഭാഗം (1)


ഓര്‍മ്മപ്പെടുത്തല്‍-------------------------


രാവിലെ ഓഫീസില്‍ പോണ വഴി കണ്ടു ടൌണില്‍ പോലീസ് ചെക്കിംഗ്. മനസ്സില്‍ പറഞ്ഞു 'ഏമാന്മാര്‍ മാര്‍ച്ച് മുപ്പത്തിഒന്നിന് മുന്‍പ് ക്വോട്ട തികയ്ക്കാന്‍ ഇറങ്ങീരിക്കുവാ.'

--------------------------------------------------------------------

വൈകുന്നേരം അത്യാവശ്യമായി മഞ്ഞാടി എന്ന സ്ഥലം വരെ പോകണം. കതകുപൂട്ടാന്‍ നേരം ഓര്‍ത്തു 'രാവിലെ ഏമാന്മാരെ കണ്ടതല്ലേ ഇരിക്കട്ടെ ഹെല്‍മെറ്റ്‌ ഒരു മുന്‍കരുതലായി.' ബാഗിനോട് ചേര്‍ന്നിരിക്കാന്‍ ഹെല്‍മെറ്റിന്‍റെ നാണം കണ്ടപ്പോള്‍ പഴയ പ്രൈമറി ക്ലാസ് ഓര്‍മ വന്നു. 'ആങ്കുട്ട്യോള്‍ടെ അടുത്തിരിക്കേണ്ടി വരുമ്പോഴ്......ഉം....

'ടൌണ്‍ വഴി പോയാല്‍ അത്ര പന്തിയാവില്ല. അല്പം വളഞ്ഞ വഴി തന്നെ ആയിക്കോട്ടെ...' ഇന്‍ഡികേറ്റര്‍ തുടര്‍ച്ചയായി കരഞ്ഞു. മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വെയിസ്ടിന്റേം ഗന്ധം മൂക്കിലേക്ക് തുളച്ചു കയറുമ്പോഴും സമാധാനിച്ചു...'ഏമാന്മാരുടെ കണ്ണില്‍ പെടില്ലല്ലോ...'

'മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ്‌ കളിയോ മറ്റോ ആണെന്ന് തോന്നുന്നു. എത്രയാ ബൈക്കുകള്‍!!...'! ഒരു പയ്യന്‍ എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്ന കണ്ടപ്പോള്‍ വായിനോക്കിയെന്നു മനസ്സില്‍ പറഞ്ഞു (അവന്‍ മനസ്സില്‍ പറഞ്ഞതു എന്താണെന്ന് വളരെ താമസിയാതെ എനിക്ക് ബോധ്യമായി).

നേരെ നോക്കിയത് നീട്ടിയ കയ്യിലേക്കും  കാക്കിയിട്ട ചിരിച്ച മുഖത്തേക്കും. "ഒരു നൂറു രൂപേം കൂടി എടുത്തോണ്ട് പോരെ".

വണ്ടി എടുക്കുമ്പോള്‍ പുറകീന്ന് ഒരോര്‍മ്മപ്പെടുത്തല്‍.... "വല്ലപ്പോഴും അതൊന്നു എടുത്ത് തലേല്‍ വയ്ക്കുന്നത് നല്ലതാ ട്ടോ..."


-ശ്രീ

No comments:

Post a Comment