Wednesday, April 6, 2016

മഴനൂല്‍ കിനാവുകള്‍


രാത്രി വളരുമ്പോഴും റെയില്‍വേ പ്ലാറ്റ്ഫോമിലെ കാത്തിരിപ്പില്‍ മുഷിവു തോന്നിയില്ല, കണ്ണുകളില്‍ ഉറക്കം ഊറിക്കൂടിയില്ല. ഏറെ നാളത്തെ ആഗ്രഹമാണ് ദേവിയുടെ സവിധത്തിലെത്തുക എന്നത്. അതാണ്‌ നാളെ സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നത്. സന്തോഷം കൊണ്ട് ഹൃദയം പുറത്തേയ്ക്ക് തുള്ളിത്തെറിച്ചു പോകുമെന്നു തോന്നി അവള്‍ക്ക്. PNR സ്റ്റാറ്റസില്‍ confirmed തെളിയുമെന്ന പ്രതീക്ഷ ചക്രം പാളങ്ങളില്‍ ഉരസി നില്‍ക്കുന്ന ശബ്ദത്തില്‍ അവസാനിച്ചു. അവളുടെ കൈ പിടിച്ചു വണ്ടിയിലേക്കു കയറുമ്പോള്‍ അവന്‍ പിറുപിറുക്കുന്നുണ്ടായിരുന്നു. "നിനക്ക് ഇരിക്കാനെങ്കിലും ഒരു സീറ്റ് തരപ്പെടുമോന്നു നോക്കാം. ഞാനീ ഇടനാഴിയില്‍ എവിടെയെങ്കിലും നിന്നോളാം." ടി ടി ആറിനു മുന്നില്‍ കെഞ്ചുന്ന മുഖത്തേയ്ക്കുറ്റു നോക്കിയ അവളുടെ കണ്ണുകളില്‍ എപ്പോഴും 'അവസാനനിമിഷത്തില്‍' യാത്ര തീരുമാനിക്കുന്നതിലുള്ള പരിഭവം നിറഞ്ഞിരുന്നു. ഒടുവില്‍ എങ്ങിനെയോ ഒരു കുട്ടി കിടന്നിരുന്ന സീറ്റിന്‍റെ ഓരം ചേര്‍ന്ന് ഇരിക്കാന്‍ ഇടം കിട്ടി. തന്നെ ചേര്‍ന്നിരിക്കുന്ന അവളെ അവന്‍ തന്‍റെ ചുമലിലേക്ക് ഒന്നുകൂടി ചേര്‍ത്തു കിടത്തി കാതില്‍ മന്ത്രിച്ചു.
"നീ ഉറങ്ങിക്കോളൂ.."
ചുടുനിശ്വാസങ്ങള്‍ അവന്‍റെ കഴുത്തിന്‍റെ സ്നിഗ്ധതയില്‍ അലിഞ്ഞു ചേരവേ ഉറക്കം അവളോടു പിണങ്ങി നിന്നു. പിന്നെടെപ്പോഴോ മയക്കത്തിലേക്കു വഴുതി വീഴുമ്പോള്‍ തന്‍റെ കൈപ്പത്തിക്കു മുകളില്‍ അവന്‍റെ കൈവിരലുകളുടെ മാര്‍ദവം അവള്‍ അറിയുന്നുണ്ടായിരുന്നു. വെള്ളച്ചിറകും നീണ്ടുഭംഗിയേറിയ കഴുത്തുമുള്ള അരയന്നങ്ങള്‍ വെണ്‍മേഘങ്ങള്‍ക്കൊപ്പം കൂട്ടമായി ഒഴുകി പറക്കുന്നു. അവയ്ക്കൊപ്പം മറ്റൊരു മേഘക്കീറായി താനും ഒഴുകുകയാണ്. എവിടേയ്ക്ക് എന്നു ചിന്തിക്കാനിട കിട്ടിയില്ല അവന്‍റെ ശബ്ദം കേട്ടു.
"എഴുന്നേല്‍ക്കൂ സീറ്റ് കിട്ടിയിട്ടുണ്ട്."
മുന്‍പേ നടന്ന ടി ടി ആര്‍ മറ്റൊരു കൂപ്പയിലെക്കുള്ള വാതില്‍ തുറന്നു തന്നു. മുകള്‍ ബെര്‍ത്തുകളില്‍ ഓരോരുത്തര്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നുണ്ട്. താഴെ ഷീറ്റ് കുടഞ്ഞു വിരിച്ചു തന്നു അവന്‍.
"കിടന്നോളൂ. പുലരാന്‍ ഇനിയും സമയമുണ്ട്."
മുറിഞ്ഞ സ്വപ്നത്തിന്‍റെ ബാക്കി കാണാമെന്നു മോഹിച്ചിട്ടാവാം വേഗം വീണ്ടും ഉറക്കത്തിലേക്കു വഴുതിവീണു. കണ്ണു തുറക്കുമ്പോള്‍ വണ്ടിയുടെ കുലുക്കം നിലച്ചിരുന്നു. എതിര്‍സീറ്റില്‍ തന്നെത്തന്നെ നോക്കി അവന്‍. മുകള്‍ത്തട്ടില്‍ ഉണ്ടായിരുന്നവര്‍ എപ്പോഴോ യാത്ര പറഞ്ഞിരിക്കുന്നു.
"നന്നായി ഉറങ്ങിയോ?"
എഴുന്നേല്‍ക്കാന്‍ ഭാവിക്കുമ്പോഴേക്കും വണ്ടി വീണ്ടും നീങ്ങിത്തുടങ്ങിയിരുന്നു.

"വേണ്ട കിടന്നോളൂ. ഒരൂട്ടം കാട്ടിത്തരാം."
അവന്‍ പതിയെ അടുത്തു വന്നിരുന്നു. ജനാലയുടെ ഷട്ടര്‍ മുകളിക്കുയര്‍ത്തി. പ്രതീക്ഷിക്കാതെ നനുത്ത തുള്ളികള്‍ മുഖത്തു പതിച്ചപ്പോള്‍ ദേഹമാകെ കുളിരുകോരി.
"ഈ യാത്രയിലും മഴ പതിവു തെറ്റിച്ചില്ലല്ലോ."
അവന്‍ പതിയെ കൈക്കുമ്പിള്‍ പുറത്തേയ്ക്കു നീട്ടി. മഴ അവളുടെ നെറ്റിയില്‍, ചുണ്ടില്‍ പിന്നെ സ്ഥാനം തെറ്റിക്കിടന്ന സാരി നല്‍കിയ പൊക്കിള്‍ച്ചുഴിയുടെ നഗ്നതയില്‍... മഴയുടെ കുളിര് അവന്‍റെ ചുണ്ടുകള്‍ ഒപ്പിയെടുക്കവേ അവള്‍ മുറിഞ്ഞ സ്വപ്നം പുനര്‍ജനിക്കുന്നതറിഞ്ഞു

Wednesday, April 9, 2014

മഞ്ഞും വിമലയും...


    കാലത്തിലെ സുമിത്രയെപ്പോലെ സ്നേഹത്തിനു മുന്നില്‍ സ്വാത്മനാ സമര്‍പ്പിക്കുന്നവളാണ് മഞ്ഞിലെ വിമലയും. "കരയരുത്, എന്‍റെ...എന്‍റെ എല്ലാം നല്‍കുന്ന ഈ നിമിഷത്തില്‍ കരഞ്ഞുപോകരുത്" എന്ന വിമലയുടെ ചിന്തയില്‍ ആത്മസമര്‍പ്പണം പൂര്‍ണത തേടുന്നു. ഈ ആത്മസമര്‍പ്പണങ്ങള്‍ എം.ടി യുടെ ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും നിഗൂഡമായ ഒരാനന്ദം നല്‍കുന്നതായി കാണാം. അവര്‍ ഒരിക്കലും ജീവിതയാത്രയിലെവിടെയോ തങ്ങളെ ഏകാന്തതയുടെ തുരുത്തില്‍ ഉപേക്ഷിച്ച പുരുഷന്മാരെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ആ അനര്‍ഘ നിമിഷങ്ങളുടെ അനുഭൂതികള്‍ ഒരു മഞ്ഞുപാളിയില്‍ നിമഞ്ജനം ചെയ്തു കാത്തിരിക്കുന്നു; ഒന്നു കാണാന്‍ വേണ്ടി മാത്രം.

    ഒരിക്കലും സഫലമാകില്ലെന്നറിഞ്ഞുകൊണ്ടുള്ള കാത്തിരിപ്പിന്‍റെ കഥയാണ് മഞ്ഞ്. ഈ പ്രതീക്ഷയുടെ നാളങ്ങള്‍ പകരുന്ന ഇളംചൂടാണ് വിമലയുടെ ജീവിതചക്രത്തെ മുന്നോട്ടുരുട്ടുന്നത്. ഒന്‍പതുവര്‍ഷങ്ങള്‍ക്കു ശേഷവും കത്തുകള്‍ മുന്നില്‍ വീഴുമ്പോള്‍ വിമലയുടെ നെഞ്ചിടിപ്പ് ഉയരുന്നതും ഒരു പ്രതീക്ഷ ബാക്കി നില്‍ക്കുന്നതുകൊണ്ടു മാത്രമാണ്.

  രശ്മി വാജ്‌പേയി പോകുന്നത് വീട്ടിലേക്കല്ല എന്നു വ്യക്തമായി അറിയാമായിരുന്നിട്ടും വിമല കര്‍ക്കശയായ ഒരു റെസിഡന്‍്റ് ട്യൂട്ടറുടെ നിലപാടെടുക്കുന്നില്ല. വേദനയുടെയും ഏകാന്തതയുടെയും മഞ്ഞിലുറഞ്ഞുകിടക്കുമ്പോഴും പ്രണയത്തിന്‍റെ നനുത്ത സ്പര്‍ശങ്ങള്‍ തിരിച്ചറിയാതെ പോകുന്നില്ല അവളിലെ സ്ത്രീ. എങ്കിലും 'മുപ്പത്തൊന്നു വയസ്സായ ഒരു സ്ത്രീ ഒരു നാടോടിപ്പാട്ടു കേള്‍ക്കുമ്പോള്‍ ദുര്‍ബ്ബലയാവരുത്' എന്നു മനസ്സിനെ പക്വത അടിച്ചേല്‍പ്പിക്കാനും വിമല മറക്കുന്നില്ല,

    നിശ്ശബ്ദതയുടെ, മൗനത്തിന്‍റെ സംഗീതം ഈ നോവെല്ലയില്‍ ഉടനീളം കാണാം. മഞ്ഞിന്‍റെ തണുപ്പ് ആ മൗനത്തിനു ആഴം കൂട്ടുന്നപോലെ. ഏതൊരു സംഗീതത്തേയും പോലെ സാന്ദ്രതയേറുംതോറും അസ്വാദ്യമാകുന്ന ഒന്നാണ് മൗനവും. ആത്മാവിന്‍റെ സംഗീതമാണ് മൗനം. മൗനത്തിലെ സംഗീതം ആസ്വദിക്കുക എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നാണ്. പക്ഷേ ഒന്‍പതു വര്‍ഷത്തെ ഋഷിതുല്യമായ ഏകാന്തജീവിതം വിമലയുടെ ആത്മാവിനെ മൗനത്തോടു സംവദിക്കാന്‍ പ്രാപ്തയാക്കിയിരിക്കുന്നു.

    മലയോരങ്ങളില്‍, കാലത്തിന്‍റെ പാറക്കെട്ടുകളില്‍ മഞ്ഞ് വീഴുന്നു, ഉരുകുന്നു, വീണ്ടും തണുത്തുറഞ്ഞു കട്ട പിടിക്കുന്നു. സഞ്ചാരികള്‍ വരുകയും പോവുകയും ചെയ്യുന്നു. പേരിടാത്ത പാറയില്‍ പഴയ പേരുകള്‍ മാഞ്ഞുപോകുന്നു, പുതിയ പേരുകള്‍ പെരുകുന്നു. കാലം നിശ്ചലമാകുന്നത്, ഉരുകാത്ത ഹിമപാളികള്‍ക്കു മീതേ വീണ്ടും വീണ്ടും മഞ്ഞുപെയ്തു കട്ടിയാകുന്നത് വിമലയുടെ വേദനയിലും ഏകാന്തതയിലും മാത്രം! 'മനസ്‌ മഞ്ഞിറങ്ങുന്ന ഒരു താഴ്വരയാണ്' എന്നു വിമലയെക്കൊണ്ടു പറയിക്കുമ്പോള്‍ ഈ ഏകാന്തതയുടെ വേദനയാണ് കഥാകാരന്‍ പറയാതെ പറയുന്നത്.

    അച്ഛന്‍റെ മരണം പോലും മഞ്ഞിലുറഞ്ഞ ഒരുതരം മരവിപ്പാണ് വിമലയില്‍ ഉണ്ടാക്കുന്നത്‌. അച്ഛന്‍റെ മരണത്തില്‍ ആടിയുലയുന്നതു മുന്നില്‍ക്കണ്ടിരുന്ന തനിക്ക് ഒന്നു കരയാന്‍ പോലുമാകാതെ വരുമ്പോള്‍ തനിക്കെന്തോ തകരാറുണ്ടെന്നു പോലും അവള്‍ ചിന്തിക്കുന്നു. ഏറെനാളത്തെ പ്രതീക്ഷയ്ക്കൊടുവില്‍ മരണം പോലും തണുത്തുറഞ്ഞു പോകുന്ന അവസ്ഥയാണ് ഇവിടെ നാം കാണുന്നത്.

  ബോര്‍ഡിംഗ്ഹൗസിലെ വിമലയുടെ ജീവിതം വിരസവും ഏതാണ്ട് നിശ്ചലവുമാണ്. തണുത്തുറഞ്ഞ ഈ വിരസതയ്ക്കു നടുവിലും  ഹോസ്റ്റല്‍ മുറിയിലെ ജാലകക്കാഴ്ച്ചകളില്‍, പകല്‍ക്കിനാവുകളില്‍, റാക്കില്‍ അടുക്കില്ലാതെ കിടക്കുന്ന പുസ്തകങ്ങളില്‍ തന്‍റെ തന്നെ ഒരു ലോകം തീര്‍ക്കുകയാണ് വിമല; തന്‍റെ തന്നെ ശവകുടീരവും. അച്ഛന്‍റെ മരണശേഷം എത്രയും പെട്ടെന്ന് ഈ തുരുത്തിലേക്ക് ഓടിയനയാനുള്ള അവളുടെ വ്യഗ്രതയില്‍ ഇതു പ്രകടമാണ്. എഴുതുന്ന കത്തുകളിലെ ഔപചാരികത വ്യക്തമാക്കുന്നത്  മറ്റുള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലുള്ള വിമലയുടെ വിമുഖതയാണ്. ഈ വിമുഖതയുടെ മഞ്ഞിലേക്ക് ഇളവെയില്‍ പരത്താന്‍ ശ്രമിച്ച സര്‍ദാര്‍ജി തോല്‍വി സമ്മതിക്കുന്നു. പക്ഷെ ബുദ്ദുവുമായി അവള്‍ക്കുള്ള ആത്മബന്ധംഇതിനൊരപവാദമാണ്. അവന്‍റെ ചിന്തകളിലേക്കു കൂടി എത്തിപ്പെടാന്‍ കഴിയുന്നത്ര തീവ്രമായ ഒരാത്മബന്ധം! ഒരുപക്ഷേ രണ്ടുപേരുടെയും കാത്തിരിപ്പിന്‍റെ സമാനതയാവാം ഈ ബന്ധത്തിന് അടിസ്ഥാനം. ഗോരാസാഹിബിനെ കാത്തിരിക്കുന്ന ബുദ്ദുവിനെ മറ്റെല്ലാവരും പരിഹസിക്കുമ്പോഴും ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു നഷ്ടപ്പെട്ട, 'നീലഞരമ്പുകള്‍ തുടിക്കുന്ന മുഖവും നെറ്റിയിലേക്കു വീണുകിടക്കുന്ന മുടിയുമുള്ള,' ഒരു സ്വപ്നം വീണ്ടും മുന്നില്‍ ജീവന്‍ കൊള്ളുമെന്ന് ഓരോ ഏപ്രില്‍ മാസത്തിലും പ്രതീക്ഷിക്കുന്ന വിമല മാത്രം വേറിട്ടു നില്‍ക്കുന്നു.

  വീട് ഒരിക്കലും വിമലയ്ക്ക് മധുരിക്കുന്ന ഓര്‍മ്മകള്‍ നല്‍കുന്നില്ല. കര്‍ക്കശനായ പിതാവ് ബാല്യകൗമാരങ്ങളുടെ വര്‍ണ്ണങ്ങള്‍ക്കു മേല്‍ നരച്ച ഓര്‍മ്മകള്‍ വിതറുന്നു. ചക്രവര്‍ത്തിയേപ്പോലെ വിരാജിച്ചിരുന്ന പിതാവിന്‍റെ അവസാനകാലത്തെ നിസ്സഹായാവസ്ഥ വേദനയുളവാക്കുന്നു. അച്ഛന്‍റെ വീഴ്ച മുതലെടുക്കുന്ന അമ്മയുടെ വഴിവിട്ട സഞ്ചാരം അസ്വസ്ഥതയുടെ മുള്‍മുനകള്‍ പാകുന്നു. കുടുംബത്തിലെ ഏക ആണ്‍തരി ഭാംഗിനും ചീട്ടുകളിക്കും അടിമയായി ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് ചിന്തയേതുമില്ലാതെ നടക്കുന്നു. അനുജത്തി പ്രണയത്തിന്‍റെ മാസ്മരിക ലോകത്തിലേക്ക് ഊളിയിടുന്നു. ശിഥിലമായ ഈ കുടുംബബന്ധങ്ങള്‍ 'നാളെയുടെയും ഇന്നലെയുടെയും' മധ്യത്തില്‍ വിമലയുടെ ഒഴിവുകാലങ്ങള്‍ ബോര്‍ഡിംഗ്ഹൗസിലെ ഏകാന്തതയില്‍ ഉരുക്കിത്തീര്‍ക്കുന്നു.

     വായനയ്ക്കു ശേഷം ദിവസങ്ങള്‍ കൊഴിഞ്ഞാലും ഒരു വേദനയായി മഞ്ഞ് മനസില്‍ ഉറഞ്ഞുകൂടുന്ന അനുഭവം എന്റേതു മാത്രമാകില്ല എന്നു കരുതുന്നു. വിമലയുടെ, കാലത്തിലെ സുമിത്രയുടെ പ്രണയം പോലെ ഏകാന്തതയില്‍ മനസ്സിന്‍റെ ഉള്ളറകളില്‍ നിന്നു പുറത്തെടുത്ത് നിഗൂഡമായി ആനന്ദിക്കാനുള്ള അനര്‍ഘനിമിഷങ്ങളുടെ അനുഭൂതിയാണ് മഞ്ഞിന്‍റെ വായനയും.

-ശ്രീപൂച്ചപ്പുരാണം - മൂന്നാം ഭാഗം


           ഉഷച്ചേച്ചിയുടെ സിറ്റൌട്ടില്‍ വല്യ ഗമേല് വാലും പൊക്കി നടക്കുകയായിരുന്നു മ്മടെ പൂച്ചച്ചന്‍. ചെടിക്കു നനയ്ക്കാനിറങ്ങിയ എന്നെ കണ്ടതും വാല് ഒന്നുകൂടി പൊക്കിപ്പിടിച്ചു.

'കണ്ടോടീ നീയല്ലേ ഞങ്ങളെ വീട്ടിനകത്തു കയറ്റാത്തെ. ഉഷച്ചേച്ചിയെ കണ്ടുപഠിക്കെടീ" എന്നാണു മുഖഭാവം.

'വേല കയ്യിലിരിക്കട്ടെ' എന്ന് ഞാനും ഒന്നു തലയാട്ടി. അപ്പോഴാണ്‌ ഉണ്ണിച്ചേട്ടന്‍റെ സ്കൂട്ടര്‍ ഗേറ്റ് കടന്നു വന്നതും ഒരു പ്ലാസ്റിക് കവര്‍ ചേട്ടന്‍ ചേച്ചിക്കു കൈമാറിയതും. 

'ഡീ പെണ്ണേ, പൊരിച്ച കോയീന്‍റെ മണം' എന്നു സിനിമാസ്റ്റൈലില്‍ പറഞ്ഞ് എന്നെ കണ്ണിറുക്കി കാട്ടി പൂച്ചച്ചന്‍ ഉഷച്ചേച്ചിയുടെ പുറകേ അകത്തേയ്ക്കു വച്ചടിച്ചു. മതില്‍ കടന്നെത്തിയ സ്നേഹപ്പങ്കു കഴിച്ച് ഏമ്പക്കവും വിട്ട് ഇരിക്കുമ്പോഴാണ് കണ്ണന്‍റെ വിളി,

"ആന്‍റീ ഒരു രസം കാണണേല്‍ വാ!"
രസം വേറൊന്നുമല്ല പാര്‍സേല്‍ കണ്ടപ്പോള്‍ മുതല്‍ ചേച്ചിയുടെ പുറകെ നടന്നു സ്വന്തം പങ്കു പിടിച്ചുവാങ്ങി കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു പൂച്ചച്ചന്‍.

"ചേട്ടാ"

ഒരു പിന്‍വിളിയില്‍ പൂച്ചച്ചന്‍റെ വിശപ്പ്‌ പമ്പ കടന്നു. പൊറോട്ടയും ചില്ലിചിക്കനും പ്രിയതമയ്ക്കായി നീക്കി വച്ചു മാറിനിന്നു ആ സ്നേഹധനനായ ഭര്‍ത്താവ്. പൂച്ചമ്മയാകട്ടെ ഒന്നു നിവര്‍ന്നു നോക്കുക പോലും ചെയ്യാതെ വെട്ടി വിഴുങ്ങുകയും.

"എടീ അവളു പെറ്റു കിടക്കുവല്ലിയോ! ഒരു കഷണം അവള്‍ക്കൂടെ വച്ചേക്ക്" പൂച്ചച്ചന്‍ നയത്തില്‍ അടുത്തുകൂടി.

"അല്ലേലും നിങ്ങള്‍ക്കാ സുന്ദരിക്കോതയോടാണ് പഥ്യം. ഞാന്‍ രണ്ടാമൂഴക്കാരിയാണല്ലോ. ഇന്നാ കൊണ്ടുക്കൊടുക്ക്." പരിഭവം പറഞ്ഞെങ്കിലും ഉള്ളതില്‍ മുഴുത്ത കഷണം നോക്കി പൂച്ചച്ചന്‍റെ അടുത്തേയ്ക്കു നീക്കിയിട്ടു പൂച്ചമ്മ. അതും കടിച്ചെടുത്തു പ്രഥമപത്നിയുടെ അടുത്തേയ്ക്കു തിരിച്ചു ആ ഭര്‍തൃപുംഗവന്‍.

'ങ്ങക്ക് വിശക്കണില്ലേ പൂച്ചച്ചാ?"

"അല്ലേലും എനിക്കീ ചില്ലി ചിക്കനോട് വല്യ ഇഷ്ടമില്ല കൊച്ചേ" എന്‍റെ ചോദ്യത്തിനുള്ള പൂച്ചച്ചന്‍റെ മറുപടിയില്‍ ഒരു ജന്മത്തിന്‍റെ സ്നേഹസുഗന്ധം. അപ്പോഴേക്കും പ്ലേറ്റ് നക്കിത്തുടയ്ക്കാനാരംഭിച്ചിരുന്ന പൂച്ചമ്മയുടെ നേരെ തിരിഞ്ഞു ഞാന്‍.

"എന്നാലും എന്‍റെ പൂച്ചമ്മേ നിങ്ങളെ ഇത്രയും സ്നേഹിക്കുന്ന ആ പൂച്ചച്ചനോട് എന്തിനാ എപ്പോഴും കടിച്ചുകീറി തിന്നാന്‍ നിക്കണേ?"

"അല്ല കൊച്ചേ അങ്ങേരു പറയണോ എന്നോട് അവള്‍ക്കും കൂടി കൊടുക്കണംന്ന്. അങ്ങിനൊരു വിചാരമില്ലേല് ആ മുഴുത്ത കഷണം ആദ്യമേ എനിക്കങ്ങു തിന്നാല്‍ പോരായിരുന്നോ? ഒന്നൂല്ലേലും അവളെന്‍റെ ചേച്ചിയല്ലേടീ പെണ്ണേ!" ഇതു പറയുമ്പോള്‍ ആ കുറുമ്പത്തിയുടെ കണ്‍കോണുകളില്‍ ഒരു നനവിന്‍റെ നിഴലാട്ടം. ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു തിരികെ നടന്ന എന്നെ പൂച്ചമ്മയുടെ ആത്മഗതം പിന്തുടര്‍ന്നെത്തി,

"ചട്ടീം കലോമായാല്‍ തട്ടീം മുട്ടീം ഇരിക്കും. കെട്ടിയോനെ കനകം കൊയ്യാന്നു കരുതി അന്യനാട്ടില്‍ പറഞ്ഞു വിട്ടിട്ടിരിക്കണ നിനക്കെങ്ങനറിയാനാ അതിന്‍റെയൊരു സുഖം!"

-ശ്രീ

പൂച്ചപ്പുരാണം രണ്ടാം ഭാഗം.

 
                        സന്ധ്യയ്ക്ക് ചെടികള്‍ക്കു നനയ്ക്കാനായി വെള്ളം എടുക്കാന്‍ പുറത്തെ പൈപ്പിനടുത്തേയ്ക്കു ചെന്നതാണ് ഞാന്‍. എവിടുന്നോ അടക്കിപ്പിടിച്ച വര്‍ത്തമാനവും ചിരിയും. ആളെ തപ്പി പിന്നാമ്പുറത്തേയ്ക്കു ചെന്നപ്പോ ദേ നമ്മുടെ പൂച്ചമ്മേം കെട്ട്യോനും മതിലിനു മുകളില്‍ മുഖത്തോടുമുഖം നോക്കി കിന്നാരം പറഞ്ഞു കിടക്കുന്നു. എന്തോ പറഞ്ഞു പൂച്ചമ്മ കെട്ട്യോനൊരു പഞ്ചാരനുള്ള് കൊടുക്കുമ്പോഴാ എന്‍റെ രംഗപ്രവേശം. 


"ചുമ്മാതിരിയെടീ ദേ ആ പെണ്ണ് നോക്കുന്നു." 

പൂച്ചച്ഛന്‍ പറഞ്ഞത് കേട്ടതും

 "സ്വര്‍ഗത്തിലെ കട്ടുറുമ്പായിട്ടു നിന്നെ എന്തിനാടീ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെഴുന്നള്ളിച്ചേ?" എന്ന മട്ടില്‍ പൂച്ചമ്മ എന്നെ തിരിഞ്ഞൊരു നോട്ടം. 

ചമ്മല്‍ പുറത്തു കാണിക്കാതെ ഞാന്‍ ചോദ്യം എറിഞ്ഞു,

 "പൂച്ചമ്മേ അന്നു ഞാന്‍ എടുത്തുതന്ന പ്രൊഫൈല്‍ പിക്ചര്‍ അങ്ങു ഹിറ്റായല്ലോ. ലൈക്‌ 1000 കഴിഞ്ഞത് ഞാന്‍ കണ്ടാരുന്നു."

"അതു പിന്നെ നീ എടുത്തോണ്ടൊന്നുമല്ല എന്‍റെ പടം എപ്പോ ഇട്ടാലും 1000 ലൈക്‌ ഉറപ്പാ."

"മരമോന്തയാണേലും അഹങ്കാരത്തിന് ഒട്ടും കുറവില്ല" 
ഞാന്‍ മനസ്സില്‍ പറഞ്ഞെങ്കിലും പുറത്തേയ്ക്കു വന്നത് ഇങ്ങനെയാ, 

"അതുപിന്നെ നിങ്ങള് ഒരു ബ്യൂട്ടിക്വീന്‍ അല്ലേ!"

"നീ പറഞ്ഞത് ഇംഗ്ലീഷിലാണേലും എനിക്കു മനസ്സിലായി കേട്ടോടീ കൊച്ചേ. ങ്ങള് കേട്ടോ മനുഷ്യാ എന്നെ കണ്ടാല്‍ ഐശ്വര്യാറായിയെ പോലുണ്ടെന്നാ ഓള് പറഞ്ഞേ." പൂച്ചമ്മ ഒന്നൂടെ പൂച്ചച്ഛനോട് ചേര്‍ന്നിരുന്നു.

"അല്ല പൂച്ചമ്മേ അന്നു നമ്മളു കണ്ടേപ്പിന്നെ നിങ്ങള് ഒന്നൂടെ പെറ്റില്ലാരുന്നോ? ആ കുട്ട്യോളെവിടെ?"

"ഓ അതുങ്ങളെ ആ കെണ്ണാന്ത്രം പിടിച്ച മരപ്പട്ടി കടിച്ചു കൊന്നു കളഞ്ഞെടീ കൊച്ചേ. അവന്‍ പണ്ടാരടങ്ങി പോവത്തെ ഉള്ളൂ. കാലമാടന്‍."

"നിങ്ങടെ ആ മൂത്ത രണ്ടു ചെക്കന്മാരോ?"

"അവന്മാര് പെണ്ണു കേട്ടിയെപ്പിന്നെ അച്ചിവീട്ടിലാ താമസം. അച്ഛനും അമ്മേം ചത്തോ ഒണ്ടോന്നു പോലും അന്വേഷണം ഇല്ല. ങാ മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കണ്ടാന്നല്ലേ! ഒക്കേറ്റിനും ഒരു യോഗം വേണം."

"നിങ്ങള്‍ടെ ചേച്ചിക്കും ഉണ്ടാരുന്നല്ലോ രണ്ടു കുട്ടികള്‍. അവറ്റോളേം മരപ്പട്ടി കൊന്നോ?
"
"ആ അതുങ്ങളേം കൊണ്ടോയി. എന്നാലെന്താ ഓള് വീണ്ടും പള്ളേലാക്കീട്ടുണ്ട്." അതും പറഞ്ഞ് അര്‍ത്ഥഗര്‍ഭമായി പൂച്ചച്ഛനെ ഒരു നോട്ടവും ഇരുത്തി ഒരു മൂളലും.

"അതിരിക്കട്ടെ കൊച്ചേ നിന്‍റെ കെട്ട്യോന്‍റെ വിളീം പറച്ചിലുമൊക്കെ ഉണ്ടോ?"  പൂച്ചച്ഛന്‍ ഡാവിനു വിഷയം മാറ്റി.

"ഉം എന്നും വിളിക്കും."

"ഇനി എന്നാ ലീവിനു വരുന്നേ?"

"മെയ്‌ മാസത്തിലു വരാന്നാ പറയണേ."

"ഇങ്ങനെ വന്നും പോയും ഇരുന്നാ മതിയോ?" 

ചോദ്യത്തോടൊപ്പമുള്ള പൂച്ചച്ഛന്‍റെ കള്ളച്ചിരി പൂച്ചമ്മയ്ക്ക് അത്ര സുഖിച്ചില്ലാന്നു എനിക്ക് തോന്നിയതേ ഉള്ളൂ അപ്പോഴേക്കും പൂച്ചമ്മ എണീറ്റു കഴിഞ്ഞു.

"അതേ മനുഷ്യാ നിങ്ങളിവിടെ കിന്നാരോം പറഞ്ഞിരുന്നാലെ ആ മീന്‍കടക്കാരന്‍ കടയടച്ച് അയാള്‍ടെ പാട്ടിനു പോവും. എനിക്കാണേല്‍ അടുക്കളേല്‍ നൂറു കൂട്ടം പണിയുണ്ട്."
പറഞ്ഞു തീര്‍ന്നതും മതിലിനപ്പുറത്തേയ്ക്കു ചാടിയതും ഒന്നിച്ചു കഴിഞ്ഞു.

പിറകെ പൂച്ചച്ഛനും എഴുന്നേറ്റു,

 "ഞാമ്പോട്ടേ കൊച്ചേ ഇല്ലേല്‍ അവളു പിണങ്ങും. മറ്റോളാണേല്‍ ഗര്‍ഭിണിയും. ഇവള്‍ടെ താളത്തിനു തുള്ളിയില്ലേല്‍ ഞാനിന്നു പട്ടിണി കിടക്കേണ്ടി വരും."

-ശ്രീ

Tuesday, December 24, 2013

സാന്താക്ലോസ് ... ഒരു മനോഹരസങ്കല്പം...    ലില്ലിപ്പുട്ടിലെ കുള്ളന്മാരും അത്ഭുതലോകത്തിലെ മിണ്ടുന്ന പൂച്ചകളുമൊക്കെ അടക്കിവാഴുന്ന കുഞ്ഞുമനസ്സിലേക്ക്‌ മഞ്ഞുപാളികളിലൂടെ തെന്നിനീങ്ങുന്ന മരവണ്ടിയില്‍ വന്ന സാന്താക്ലോസും വളരെപ്പെട്ടെന്നു ചേക്കേറി. പൂമ്പാറ്റയും മുത്തശ്ശിയും ബാലമംഗളവുമൊക്കെ നല്‍കിയ ഒരു മനോഹരസങ്കല്പം. മഞ്ഞുപോലെ വെളുത്ത നീളന്‍ താടിയുള്ള സാന്താക്ലോസ് അപ്പൂപ്പന്‍ ക്രിസ്തുമസിന്‍റെ തലേരാത്രി ലോകത്തുള്ള മുഴോന്‍ കുട്ട്യോള്‍ക്കും സമ്മാനവുമായി എത്തുമത്രേ. കുട്ടികള്‍ രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തങ്ങളുടെ കാലുറകള്‍ ഊരി അപ്പൂപ്പനു കാണത്തക്കവിധം വച്ചിരിക്കും. സാന്താക്ലോസ് രാത്രി ആരുമറിയാതെ വന്ന് അവര്‍ക്കുള്ള സമ്മാനം ഈ കാലുറകളില്‍ നിക്ഷേപിക്കും.

    എന്‍റെ നാട്ടിലൊന്നും അന്നു ഷൂസും സോക്സും പ്രചാരത്തില്‍ ആയിട്ടില്ല. ചെരിപ്പിടുന്നതു തന്നെ ആഡംബരമായ കാലത്ത് കാലുറയ്ക്ക് എവിടെ പോകാന്‍ ! എങ്കിലും സമ്മാനം കിട്ടാനുള്ള ആഗ്രഹം കൊണ്ട് സ്കൂളില്‍ കൊണ്ടുപോകുന്ന തുണിസഞ്ചി എടുത്ത് മേശപ്പുറത്ത് വച്ചു കിടക്കും. എന്നിട്ട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കും,

"എന്‍റെ പൊന്നു സാന്താക്ലോസ് അപ്പൂപ്പാ എനിക്ക് കാലുറയില്ല. എന്നാലും എന്നെ മറന്നുപോവല്ലേ! ഇന്നു രാത്രി എന്‍റെ ബാഗില്‍ 'കിടത്തുമ്പോള്‍ കണ്ണടയ്ക്കുന്ന ഒരു സുന്ദരിപ്പാവയെ' കൊണ്ടുവയ്ക്കണേ!"

    ആകാംക്ഷ കാരണം ഉറക്കം വരില്ല. പക്ഷേ ഉറങ്ങിയില്ലെങ്കില്‍ സാന്താക്ലോസ് ഞാന്‍ കാണുമെന്നു കരുതി സമ്മാനം വയ്ക്കാതെ തിരിച്ചുപോയാലോ? കണ്ണിറുക്കി അടച്ച് പുതപ്പ് തലവഴി മൂടി ശ്വാസം പിടിച്ചു കിടക്കും. ആ കിടപ്പില്‍ എപ്പോഴോ ഉറങ്ങിപ്പോകുന്ന ഞാന്‍ പിറ്റേന്നു രാവിലെ ബാഗ്‌ തുറക്കുമ്പോള്‍ കാണുന്ന സുന്ദരിപ്പാവയെ സ്വപ്നം കാണും. കൂട്ടുകാര്‍ക്കു മുന്നില്‍ വാതോരാതെ പാവയുടെ വിശേഷം പറയുന്നതിനിടയിലാവും ഉറക്കമുണരുക. ഓടിപ്പോയി ബാഗ് തുറക്കുമ്പോള്‍ നെഞ്ച് പടപടാ മിടിക്കുന്നുണ്ടാവും.

    കാലുറകള്‍ ഇല്ലാഞ്ഞിട്ടോ എന്തോ എന്‍റെ ബാഗില്‍ ഒരിക്കലും സാന്താക്ലോസ് സമ്മാനം വച്ചില്ല. ഇന്ന് ഈ ക്രിസ്മസ് രാത്രിയില്‍ ഞാനെന്‍റെ കാലുറകള്‍ ഊരി മേശമുകളില്‍ വച്ച് ഉറങ്ങാന്‍ പോകയാണ്; ഒപ്പം ഇങ്ങനെ ഒരു കത്തും...

പ്രിയ സാന്താക്ലോസ്,

              ഇന്നെനിക്ക് കാലുറകളുണ്ട്. പക്ഷേ നഷ്ടമായത് ബാല്യത്തിന്‍റെ നിഷ്ക്കളങ്കതയും നൈര്‍മ്മല്യവും. ഇന്നീ ധന്യരാവില്‍ അങ്ങേയ്ക്കു കഴിയുമെങ്കില്‍ ഈ ഭൂമിയിലെ എല്ലാ മുതിര്‍ന്നവരുടെയും കാലുറകളില്‍ സത്യവും സ്നേഹവും നീതിയും നിറയ്ക്കൂ. അതാവും വരുംതലമുറയ്ക്കായി അങ്ങേയ്ക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ സമ്മാനം.

                            പ്രതീക്ഷയോടെ,

                                       ശ്രീ.
ക്രിസ്മസ് കരോള്‍


    എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ രണ്ടു പള്ളികളില്‍ നിന്നുള്ള കരോള്‍ സംഘങ്ങള്‍ ആണ് വീടുകള്‍ കയറിയിറങ്ങുക. ക്രിസ്മസ് കാലമായാല്‍ പിന്നെ ഇവര്‍ വരുന്ന രാവുകള്‍ക്കായി കാത്തിരിപ്പാണ് ഞങ്ങള്‍ കുട്ടികള്‍. സന്ധ്യക്ക്‌ ഡ്രം മുഴങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോഴേ വീട്ടില്‍ എല്ലാവരെയും ചട്ടം കെട്ടും.

"ക്രിസ്മസ് അപ്പൂപ്പന്‍ വരുമ്പോ എന്നെ വിളിച്ചുണര്‍ത്തണേ" എന്ന്.

    ഉറങ്ങിയിട്ടു വേണ്ടേ മറ്റുള്ളവര്‍ക്ക് വിളിച്ചുണര്‍ത്താന്‍ അവസരം കിട്ടുക! അപ്പൂപ്പന്‍ വരുമ്പോള്‍ തിണ്ണയില്‍ മുന്നിലുണ്ടാവും ഞാന്‍. ആ നില്‍പ്പിനു ഉദ്ദേശ്യങ്ങള്‍ രണ്ടാണ്. കരോള്‍ സംഘത്തിന്‍റെ പാട്ടും നൃത്തവും നന്നായി കാണാം, പിന്നെ ക്രിസ്മസ് അപ്പൂപ്പന്‍റെ വക മിട്ടായിയും കിട്ടും. വമ്പന്‍ കുമ്പയും നീളന്‍ കുപ്പായവും പഞ്ഞി തൊപ്പിയും കയ്യിലൊരു നീളന്‍ വടിയുമായി സംഘത്തിനു മുന്നില്‍ തലയാട്ടിയും കുമ്പ കുലുക്കി നൃത്തം വച്ചും കുട്ടികളില്‍ കൂതൂഹലമുണര്‍ത്തുന്ന ക്രിസ്മസ് അപ്പൂപ്പന്‍. ആ കുപ്പായക്കീശകളില്‍ നിറയെ മിട്ടായി ആണെന്നായിരുന്നു എന്‍റെ വിശ്വാസം. അതുകൊണ്ടു തന്നെ കരോള്‍ സംഘത്തിന്‍റെ കൂടെയുള്ള സഹപാഠികളോട് കുഞ്ഞൊരു അസൂയയും. 

    ഏതാണ്ട് മുപ്പതു പേര്‍ക്കു മേലെയുള്ള സംഘത്തിലെ എല്ലാവരും ചിരപരിചിതര്‍ തന്നെ. അന്നൊക്കെ എന്‍റെ കൂട്ടുകാരികളും അവരുടെ ചേച്ചിമാരുമൊക്കെയുണ്ടാവും ഈ പാട്ടുകൂട്ടത്തില്‍. തങ്ങളുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാണ്‌ എന്ന് ഉറച്ചു വിശ്വസിക്കാമായിരുന്നു അവരുടെ മാതാപിതാക്കള്‍ക്ക്. ഒരു നാടിന്‍റെ ഒരുമയുടെ പെരുമയായിരുന്നു ഇത്തരം ആഘോഷങ്ങളും ആചാരങ്ങളും. ഇന്നിപ്പോ പത്തു പീക്കിരി ചെക്കന്മാരും ഒരു പാട്ടയുമുണ്ടെങ്കില്‍ ഒരു കരോള്‍ സംഘമായി. അന്നു കേട്ടിരുന്ന മനോഹരമായ ക്രിസ്തീയഗാനങ്ങളെ ഇവര്‍ വികലമാക്കുമ്പോള്‍ 'കഷ്ടം' എന്നല്ലാതെ എന്തു പറയാന്‍!

-ശ്രീ.

Friday, December 13, 2013

ഓര്‍മ്മകളില്‍ ഒരു തിരുവാതിര
  അല്പം സെന്റിയടിക്കാന്‍ പോവാണ്. മൃദുലഹൃദയമുള്ളവര്‍ വായിക്കുന്നതിനു മുന്‍പ് ഒന്നു കരുതിയിരുന്നോളൂ.

  നാട്ടിന്‍പുറത്തെ എല്‍ പി സ്കൂളിലെ രണ്ടാം ക്ലാസ് പഠനകാലം.  ഷെരീഫ ടീച്ചര്‍ക്ക് ഞങ്ങള്‍ടെ സ്കൂളിലേക്ക് ഹെഡ്മിസ്ട്രെസ് ആയി സ്ഥലം മാറ്റം കിട്ടി വന്നു. കാണാന്‍ അത്ര സുന്ദരിയല്ലെങ്കിലും നല്ല സ്നേഹമുള്ള ടീച്ചര്‍. ചോക്കെടുക്കാന്‍ പേടിക്കാതെ ഓഫീസില്‍ കയറി ചെല്ലാം. ടീച്ചര്‍ അടുത്ത് ചേര്‍ത്തുനിര്‍ത്തി കുശലം ചോദിക്കും. ടീച്ചര്‍ വരാന്തയിലൂടെ നടക്കുമ്പോഴും ക്ലാസ്സില്‍ വരുമ്പോഴും കയ്യില്‍ വടിയുണ്ടാവില്ല. അതും പോരാഞ്ഞിട്ടോ പ്രാര്‍ത്ഥന ചൊല്ലാന്‍ സ്ഥിരം 'അഖിലാണ്ഡമണ്ഡലം' മാത്രമല്ല ഉള്ളതെന്നു കാട്ടിത്തരുവേം ചെയ്തു.

  അങ്ങിനെ ഷെരീഫാടീച്ചറിനോട് ഇഷ്ടം പെരുത്തു വരുമ്പോള്‍ ബാലകലോല്‍സവം തുടങ്ങാറായി. പിന്നേം ഇഷ്ടം കൂട്ടാനായിട്ട് ടീച്ചര്‍ ഞങ്ങളെ ഓരോ ഐറ്റംസ് പഠിപ്പിക്കാന്‍ തുടങ്ങി. തിരുവാതിര കളിയാണ് ടീച്ചറുടെ മാസ്റ്റര്‍പീസ്‌. കുട്ട്യോളില്‍ നിന്നും നൃത്തത്തില്‍ വാസനയുള്ള പത്തു പേരെ ടീച്ചര്‍ കണ്ടെത്തി. ആ കൂട്ടത്തില്‍ വന്നതോടെ സ്വര്‍ഗം കിട്ടിയ വാശിയായി. അന്നു ഇന്നത്തെപ്പോലെ മുക്കിനു മുക്കിനു ഡാന്‍സ് സ്കൂള്‍ ഒന്നും ഇല്ലല്ലോ. അപ്പോ പിന്നെ ഒരു ഡാന്‍സുകാരിയാവാന്‍ കിട്ടിയ ഈ അസുലഭ അവസരത്തില്‍ സന്തോഷിക്കാതിരിക്കുന്നതെങ്ങിനെ

  'കണി കാണുംനേരം' എന്ന വന്ദനത്തോടെ തുടങ്ങി കുചേലവൃത്തത്തിലെ 'കണ്ടാലെത്ര കഷ്ടമെത്രയും മുഷിഞ്ഞ ജീര്‍ണവസ്ത്ര'ത്തിലൂടെ തുടര്‍ന്ന് 'വിപ്ര പത്നി അപ്രദേശേ ഇരന്നു കുത്തിയ നെല്ലില്‍' കുമ്മിയോടെ അവസാനിക്കുന്ന തിരുവാതിര പ്രാക്ടീസ് ദിവസംതോറും പുരോഗമിച്ചു വന്നു. ആദ്യമൊക്കെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശരീരം നന്നായി വേദനിച്ചു. പരിശീലനത്തിനിടെ സ്റ്റെപ്പ് തെറ്റിക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി മാഷുടെ ചൂരല്‍കഷായം ഉണ്ട്. ഒരാള്‍ തെറ്റിച്ചാലും പത്തു പേരെയും മാഷ് അടിക്കും. വട്ടത്തില്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ പുറകിലൂടെ വന്നുള്ള ആ അടിയുണ്ടല്ലോ... അതു കിട്ടുമ്പോള്‍ അറിയാണ്ട് കണ്ണീന്നു വെള്ളം ചാടും; കൂടെ 'അയ്യോ' എന്നൊരു വിളിയും. പക്ഷേ ഡാന്‍സുകാരികളാകാന്‍ വേണ്ടി എന്തും സഹിക്കാന്‍ തയ്യാറായ പത്തു പേര്‍ക്കു മുന്നില്‍ കൃഷ്ണന്‍കുട്ടി മാഷുടെ അടികള്‍ നിഷ്പ്രഭമായി.

  കലോത്സവം അടുത്തു വന്നു. എട്ടു പേരുടെ ഉജ്വല ടീം തയ്യാര്‍. പഠിച്ച പത്തുപേരില്‍ രണ്ടു പേര്‍ റിസേര്‍വ് ആണ് കേട്ടോ. കൊച്ചുകുട്ടികളല്ലേ ആര്‍ക്കെങ്കിലും മത്സരദിവസം പനിയോ മറ്റോ ആയാലും കളി മുടങ്ങരുത് എന്ന ടീച്ചറുടെ ദീര്‍ഘദര്‍ശനം. (ഞങ്ങള്‍ അധ്യാപകര്‍ക്ക് അനുഭവങ്ങളില്‍ നിന്ന് കിട്ടുന്നതാണ് ഇങ്ങനെയുള്ള പാഠങ്ങള്‍). ഉടുക്കാന്‍ ഉള്ള കസവ് സെറ്റുമുണ്ട് (വാങ്ങാന്‍ നിവൃത്തിയില്ലാത്തവര്‍ക്കും വീട്ടില്‍ അമ്മൂമ്മമാര്‍ ഇല്ലാത്തവര്‍ക്കും ടീച്ചര്‍ തന്നെ കൊണ്ടു വരാം എന്നാണ് കണ്ടീഷന്‍), ചുവന്ന അരബ്ലൌസിന്‍റെ കയ്യില്‍ ഗില്‍റ്റ്പേപ്പര്‍ വച്ചു പിടിപ്പിച്ചത്, രണ്ടു കയ്യിലും ഇടാന്‍ നിറയെ ചുവന്ന കുപ്പിവളകള്‍, കഴുത്തിലേക്ക് കാശുമാല, വിളക്കു വയ്ക്കാന്‍ താലം എന്ന് വേണ്ട ഒരുക്കങ്ങളുടെ മേളം. നാട്ടിന്‍പുറത്തു കിട്ടാത്ത സാധനങ്ങള്‍ ടീച്ചര്‍ തന്നെ ടൌണീന്നു വാങ്ങി കൊണ്ടുവന്നു.  മറ്റു കുട്ടികളൊക്കെ ആരാധനയോടെ നോക്കുമ്പോള്‍ എന്താ ഞങ്ങള്‍ടെ ഗമ! 'തിരുവാതിര' കളിക്കുന്നവരോട് കൂട്ടുകൂടുന്നതു തന്നെ മറ്റുള്ളോര്‍ക്ക് മഹാകാര്യവും. ഞങ്ങളാണേല്‍ ഇരിക്കുമ്പോഴും നടക്കുമ്പോഴും കഴിക്കുമ്പോഴുമെല്ലാം സ്റ്റെപ്പുകളും മുദ്രകളും കാട്ടി ഇതൊരു മഹാസംഭവമാണെന്നു വരുത്തി തീര്‍ക്കുന്നു.

  കലോത്സവത്തിന്‍റെ തലേ ദിവസം. ഷെരീഫാ ടീച്ചര്‍ ഞങ്ങളുടെ പ്രകടനം കണ്ട് ഉറപ്പിച്ചു,"സമ്മാനം നമ്മുടെ സ്കൂളിനു തന്നെ!" വേഷഭൂഷാദികളൊക്കെ അണിഞ്ഞുള്ള അവസാനറൗണ്ട് പരിശീലനവും കഴിഞ്ഞ് വീട്ടിലെത്തി. സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതിയില്ല. സാധാരണ എത്ര വൈകിയാലും അച്ഛന്‍ വന്നിട്ടേ ഞാന്‍ ഉറങ്ങാറുള്ളൂ. അന്നും ഞാന്‍ കുത്തിപ്പിടിച്ചു ഇരിക്കുന്നതു കണ്ടപ്പോള്‍

"പൂവേ നാളെ രാവിലെ പോകേണ്ടതല്ലേ. നേരത്തേ കിടന്നുറങ്ങിക്കോ" എന്ന് അമ്മ.

ഞാന്‍ ആവുന്ന പണി പതിനെട്ടും നോക്കി. ഉറക്കം വരണ്ടേ! അച്ഛന്‍ വരാന്‍ പതിവിലും വൈകി.

"അച്ഛാ നാളെയാ തിരുവാതിര മത്സരം. അച്ഛന് എന്‍റെ വളേം മാലേം ഒക്കെ കാണണോ?" ഞാന്‍ ഉത്സാഹത്തിലായി.

പക്ഷേ അച്ഛന്‍റെ മുഖത്ത് സന്തോഷത്തിനു പകരം ഒരു പിരിമുറുക്കം.

"അച്ഛന്‍ ഒരു കാര്യം പറഞ്ഞാല്‍ എന്‍റെ മോള് വിഷമിക്കാതെ കേള്‍ക്കണം. കരയുകേം ചെയ്യരുത്." പതിവില്ലാത്ത ആമുഖം.

അച്ഛന്‍ മടിയില്‍ കയറ്റി ഇരുത്തി. "അച്ഛന്‍റെ മോള് നാളെ മത്സരത്തിനു പോകണ്ട ട്ടോ..." ഞാന്‍ കരച്ചിലിന്‍റെ വക്കത്തെത്തിയെങ്കിലും കരയരുത് എന്ന് അച്ഛന്‍ നേരത്തേ പറഞ്ഞത് കൊണ്ട് അന്തംവിട്ടു അച്ഛന്‍റെ മുഖത്തേയ്ക്കു നോക്കി ഇരുന്നു.

"ഇതെന്താ പതിവില്ലാതെ അവളോട്‌ ഇങ്ങനെ മുടക്കം പറയുന്നത്? അവള്‍ എല്ലാം ഒരുങ്ങിയതല്ലേ. ഇനി പോകണ്ടാന്നു പറഞ്ഞാല്‍..." അമ്മ അര്‍ത്ഥോക്തിയില്‍ നിര്‍ത്തി.

"മോള് പോയാല്‍ ചിലപ്പോള്‍ നാളെ മറ്റു കുട്ടികള്‍ക്ക് കൂടി കളിക്കാന്‍ പറ്റാതാകും. പകരം കുട്ടികളുണ്ടല്ലോ. അവരില്‍ ഒരാള്‍ കളിച്ചു കൊള്ളും. അതോണ്ട് അച്ഛന്‍റെ മോള്‍ രാവിലെ ഈ ഡ്രെസ്സും ഒരുങ്ങാനുള്ള സാധനങ്ങളും എല്ലാം സ്കൂളില്‍ കൊണ്ട് കൊടുക്കണം. ഇല്ലേല്‍ ഇനി ഒരാള്‍ക്കു വേണ്ടി രാവിലെ ടീച്ചര്‍ ഇതെല്ലാം എവിടുന്നു സംഘടിപ്പിക്കാനാണ്‌!" അച്ഛന്‍ പറഞ്ഞതല്ലേ ശരിയാകും. മനസ്സു വിങ്ങിപ്പൊട്ടുമ്പോഴും അങ്ങിനെയാണ് ചിന്തിച്ചത്.

  രാവിലെ സാധനങ്ങള്‍ എല്ലാം സഞ്ചിയില്‍ ഇട്ട് ഓഫീസ്റൂമിലെത്തി ഷെരീഫാടീച്ചറിന്‍റെ കയ്യില്‍ കൊടുത്തു. "ടീച്ചറേ ഞാന്‍ വരുന്നില്ല കളിക്കാന്‍. അച്ഛന്‍ പറഞ്ഞു പോകണ്ടാന്ന്" ടീച്ചറുടെയും മറ്റു ടീച്ചര്‍മാരുടെയും മൗനത്തിനു പിന്നിലും എന്തോ ഒന്ന് ഒളിച്ചു കിടന്നു.

  മത്സരം കഴിഞ്ഞു. ടീച്ചര്‍ ഉറപ്പിച്ചപോലെ ഞങ്ങള്‍ടെ സ്കൂളിനു തന്നെ ഒന്നാം സമ്മാനം. എല്ലാര്‍ക്കും സന്തോഷമായി. ദിവസങ്ങള്‍ കഴിയവേ ഞാന്‍ എന്‍റെ സങ്കടവും മറന്നു.

  അങ്ങനെയിരിക്കേ സ്കൂള്‍ വാര്‍ഷികം വന്നു. തിരുവാതിര കളിക്കു ഒന്നാം സ്ഥാനം കിട്ടിയതിന്‍റെ സര്‍ട്ടിഫിക്കറ്റും സമ്മാനവും ആ ചടങ്ങില്‍ വച്ച് പങ്കാളികള്‍ക്ക് വിതരണം നടക്കുന്നു. ഓരോരുത്തരായി പേരു വിളിക്കുന്ന മുറയ്ക്ക് ചെന്ന് ഏറ്റു വാങ്ങുന്നു. അതു നോക്കിയിരിക്കെ ഒടുവില്‍ അതാ എന്‍റെ പേരു വിളിക്കുന്നു. പരിഭ്രമിച്ച് എഴുന്നേറ്റു ചെന്നപ്പോള്‍ എനിക്കും ടീച്ചര്‍ നല്‍കി ഒരു സമ്മാനം.

  വൈകുന്നേരം അതുമായി അച്ഛനെ കാത്തിരുന്നു. വന്ന ഉടന്‍ അച്ഛനോട് കാര്യം പറഞ്ഞു. അപ്പോഴും അച്ഛന്‍ പറഞ്ഞു, "നാളെ എന്‍റെ മോള്‍ ഇത് ഓഫീസില്‍ കൊണ്ടു കൊടുത്തിട്ട് തിരിച്ചുപോരണം. മോള്‍ക്ക്‌ അച്ഛന്‍ വാങ്ങി തരാം ഇതിലും നല്ല സമ്മാനം."

  പിറ്റേന്നു രാവിലെ സമ്മാനപ്പൊതി ഓഫീസ് മുറിയിലെ മേശപ്പുറത്തു വച്ചു "ടീച്ചറേ അച്ഛന്‍ പറഞ്ഞു ഇതിവിടെ തിരികെ തന്നേക്കാന്‍" എന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ അന്നേവരെ അണകെട്ടി നിര്‍ത്തിയിരുന്ന സങ്കടം ഒരു കുത്തൊഴുക്കായി അലറിക്കുതിച്ചു എന്നെ കൈകളിലെടുത്തു വീട്ടിലേക്കു പാഞ്ഞു, എന്‍റെ അച്ഛന്‍റെ നെഞ്ചിലെ സ്നേഹച്ചൂടിലേക്ക്...

വാല്‍ക്കഷ്ണം: സമ്മാനദാന ചടങ്ങിനു മുന്‍പ് തന്നെ അച്ഛന്‍റെ വിലക്കിന്റേയും ഞാന്‍ വരുന്നില്ല എന്ന് കേട്ടപ്പോഴുള്ള എന്‍റെ അധ്യാപകരുടെ മൗനത്തിന്റേയും കാരണം ഞാന്‍ അറിഞ്ഞിരുന്നു. അച്ഛന്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നല്ലോ. കൃഷ്ണന്‍കുട്ടി മാഷ്‌ അച്ഛന്‍റെ എതിര്‍ചേരിയിലും. മത്സരത്തിന്‍റെ തലേദിവസം മാഷ് മദ്യപിച്ചു വന്നു കവലയില്‍ നിന്നു പറഞ്ഞുവത്രേ, "നാളെ മാന്യേരടെ മോളുണ്ടേല്‍ മത്സരത്തിന് ഈ സ്കൂളിന്‍റെ തിരുവാതിര കളിക്കില്ല. കൃഷ്ണന്‍കുട്ടിയാ പറയുന്നത് നിങ്ങള്‍ കണ്ടോ!" എന്ന്. ഞാന്‍ കാരണം സ്കൂളിനും പാവം ഷെരീഫാ ടീച്ചറിനും ബുദ്ധിമുട്ടുണ്ടാകരുതെന്നു എന്‍റെ അച്ഛന്‍ കരുതി. താന്‍ പറയുന്നത് തന്‍റെ മോള്‍ക്ക്‌ ശരിയായി മനസ്സിലാവും എന്നും അച്ഛനറിയാമായിരുന്നു.

-ശ്രീ

Thursday, December 12, 2013

എനിക്ക് കുറച്ചു മതി.(ഗ്ലാസ് നിറയെ ഉള്ള കട്ടന്‍ കാപ്പിയുടെ പിന്നില്‍ മറ്റൊരു കഥയുണ്ട്. പിന്നീടു പറയാന്‍ ഓര്‍മിപ്പിച്ചാല്‍ മതി ട്ടോ).

ആ കഥ ഇതാ കൂട്ടുകാരേ...

  അമ്മ പലതവണ പറഞ്ഞു കേട്ട കഥയാണ്. കാരണം ഈ കഥ നടക്കുമ്പോള്‍ ഈയുള്ളവള്‍ ഭൂജാതയായിട്ടില്ല. വീട്ടില്‍ അമ്മ രാവിലെ എഴുന്നേറ്റ് അടുപ്പിലെ ചാരം ഒക്കെ വാരിയിട്ട് ഒരു വലിയ കലം വെള്ളം അടുപ്പില്‍ വയ്ക്കുകയാണ് ആദ്യം ചെയ്യുക. ആ കലത്തിന്‍റെ ചുവട്ടിലെ തീയ് അണയുക പിന്നെ രാത്രിയില്‍ അടുക്കള അടയ്ക്കുമ്പോഴാവും. പകല്‍ മുഴോന്‍ ഈ കലത്തില്‍ ഇങ്ങനെ വെള്ളം തിളച്ചുമറിഞ്ഞ് കിടക്കും. ഇതുകൊണ്ട് പലതാണ് പ്രയോജനം. അന്ന് ഗ്യാസ് ഒന്നും നിലവില്‍ ഇല്ലേ. അതോണ്ട് തന്നെ നാഴികയ്ക്ക് നാല്പതു വട്ടം ചായയുണ്ടാക്കണമെങ്കില്‍ ഇതേയുള്ളൂ പോംവഴി. പിന്നെ അച്ഛനാണെങ്കില്‍ എല്ലാറ്റിനും ചൂടുവെള്ളം വേണം.

  ഞാന്‍ രാവിലെ എഴുന്നേറ്റു വന്നാലുടന്‍ പാതകത്തില്‍ ഈ അടുപ്പിനടുത്ത് സ്ഥാനം പിടിക്കും തണുപ്പ് മാറ്റുവേം ചെയ്യാം. ഇടയ്ക്കിടെ നല്ല മധുരമുള്ള കട്ടന്‍ കാപ്പി കുടിക്കുവേം ചെയ്യാം. വീട്ടില്‍ എല്ലാവര്‍ക്കും കട്ടന്‍ കാപ്പി നിര്‍ബന്ധാ. എനിക്കാണെങ്കില്‍ ഇച്ചിരി ഇഷ്ടം അന്നും ഇന്നും കൂടുതലാ. എന്‍റെ ഈ കൊതി കാണുമ്പോഴാ അമ്മ ഈ കഥ പറയാറ്.

  അന്നൊക്കെ പുരയിടത്തില്‍ പണിക്കു നില്‍ക്കുന്നവരും  അച്ഛനോടൊപ്പം വരുന്നവരുമൊക്കെയായി ആഹാരം കഴിക്കാന്‍  എപ്പോഴും കുറേ ആള്‍ക്കാരുണ്ടാവും. അമ്മ ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടൂല്ല. ചിലപ്പോള്‍ രണ്ടാമതും ആഹാരം ഉണ്ടാക്കേണ്ടി വരാറും ഉണ്ട്. അതുകൊണ്ട് അടുക്കളയില്‍ സഹായത്തിന് എപ്പോഴും ആരെങ്കിലും ഉണ്ടാവുക പതിവാണ്. എന്‍റെ മൂത്ത കൊച്ചാട്ടന്‍ കുട്ടിയായിരിക്കുന്ന കാലം. അടുത്തടുത്ത്‌ ഇളയ രണ്ടുപേര്‍ കൂടി വന്നതു കൊണ്ട് (ആ ഗാങ്ങില്‍ ഞാനില്ല കേട്ടോ. ഞാന്‍ വന്നത് പിന്നേം കുറേ കഴിഞ്ഞാ) പുള്ളിക്കാരന് അല്പം വാശി കൂടുതലും ഉണ്ട്. ആദ്യ ജാതനായത് കൊണ്ടും പരിതസ്ഥിതിയുടെ പരിതാപകരമായ അവസ്ഥ കൊണ്ടും ഈ വാശികളൊക്കെ വിജയം കണ്ടും വന്നു.

  അങ്ങിനെയിരിക്കെ വീട്ടില്‍ സഹായത്തിനു നിന്ന ചേച്ചി കല്യാണം കഴിഞ്ഞു പോയത് പ്രമാണിച്ച് പുതിയ ആള്‍ അടുക്കളയില്‍ ചാര്‍ജ് എടുത്തു. പിറ്റേ ദിവസം രാവിലെ അടുക്കളയില്‍ ഭയങ്കര മേളം. കൊച്ചാട്ടന്‍ വല്യ വായിലേ കരയുന്നു. പുതിയ ചേച്ചി അന്തം വിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്നു. അമ്മ രംഗത്തെത്തി.

"ഇവനെന്തിനാ ഇങ്ങനെ കരയുന്നെ?"

"എന്‍റെ രായമ്മ ചേച്ചീ ശരച്ചന്ദ്രന് കട്ടന്‍ കാപ്പി കൊടുത്തപ്പോള്‍ 'എനിക്ക് കുറച്ചു മതീ'ന്നു പറഞ്ഞു. ഞാന്‍ കുറച്ചെടുത്തു തിരിച്ചു പാത്രത്തിലൊഴിച്ചു. അപ്പോള്‍ പിന്നേം പറയുവാ 'എനിക്ക് കുറച്ചു മതിയേ' എന്ന്. ഞാന്‍ കുറച്ചു കൂടി തിരിച്ചൊഴിച്ചു. അപ്പോഴേക്കും 'എനിക്ക് കുറച്ചു മതിയേ....' എന്നും പറഞ്ഞു കരച്ചിലായി. ഇതെന്തോന്ന് കൊച്ച്? എല്ലാ പിള്ളേരും തോനെ വേണേന്നും പറഞ്ഞാ കരയുന്നെ."

അമ്മ സിമ്പിളായി സംഗതി കൈകാര്യം ചെയ്തു. കരച്ചിലു മാറി. കൊച്ചാട്ടന്‍ ഹാപ്പി.

"ഇതായിരുന്നല്ലേ കാര്യം ഇനി ഞാന്‍ നോക്കിക്കൊള്ളാം" എന്ന് ചേച്ചിയും.

  കാര്യം എന്താന്നല്ലേ? കൊച്ചാട്ടന് ഒരു (ദു:)ശീലം ഉണ്ട്. കട്ടന്‍ കാപ്പി കൊടുക്കുമ്പോള്‍ ഗ്ലാസ് നിറയെ കൊടുക്കണം. എന്ന് പറഞ്ഞാല്‍ ഗ്ലാസ് എടുത്തു പൊക്കി കുടിക്കാന്‍ പറ്റാത്ത വിധം തുളുമ്പേ. പുള്ളി ആദ്യം താഴെയിരിക്കുന്ന ഗ്ലാസ്സില്‍ നിന്ന് കുനിഞ്ഞു കാപ്പി കുടിക്കും. ഇവിടെ പ്രശ്നമായത്‌ "നിറയെ വേണം" എന്നതിനു പകരം കൊച്ചാട്ടന്‍ ഉപയോഗിച്ചിരുന്ന പദപ്രയോഗമാണ്. കുട്ടികള്‍ പലപ്പോഴും ഇങ്ങനെ അക്ഷരങ്ങളോ വാക്കുകളോ തെറ്റിച്ചു ഉപയോഗിക്കാറുണ്ടല്ലോ. വീട്ടുകാര്‍ക്ക് അത് സുപരിചിതമായതുകൊണ്ട് പലപ്പോഴും തിരുത്താന്‍ ശ്രമിക്കാറുമില്ല. കുറച്ചു വളരുമ്പോള്‍ സ്വയം മനസ്സിലാക്കി തിരുത്തിക്കൊള്ളും. പക്ഷേ പുതിയ ഒരു വ്യക്തിക്ക് അതു മൂലം ഉണ്ടായ ബുദ്ധിമുട്ട് നോക്കൂ.

-ശ്രീ

ഒരു നൊമ്പരം  ഗ്രാമീണ ജീവിതത്തില്‍ കൃഷിയും കാര്‍ഷിക ഉത്പന്നങ്ങളും ഒക്കെ അവിഭാജ്യഘടകങ്ങളാണല്ലോ. ചേമ്പും ചേനയും കാച്ചിലും മരച്ചീനിയും... അങ്ങിനെ നാനാതരം കിഴങ്ങുകളുടെ ഒരു മേളം തന്നെയാണ്. കുട്ടിക്കാലത്ത് വീട്ടില്‍ ഇതെല്ലാം കൂടി ഒരുമിച്ചു പുഴുങ്ങും. എന്നിട്ട് മുറത്തില്‍ ഒരു വാഴയില വെട്ടിയിട്ട് അതിലേക്കു ഈ പുഴുക്ക് കുടഞ്ഞിടും. ഒപ്പം കാന്താരിയും ഉള്ളിയും ഉപ്പും ചേര്‍ത്ത് അരച്ചു വെളിച്ചെണ്ണയില്‍ ചാലിച്ച ചമ്മന്തിയും കട്ടന്‍കാപ്പിയും ഉണ്ടാവും. കുട്ട്യോള്‍ക്ക് എരിവു കുറയ്ക്കാന്‍ ഒരു വിദ്യയുണ്ട്. കാ‍ന്താരിച്ചമ്മന്തിയില്‍ കൂടുതല്‍ വെളിച്ചെണ്ണ ഒഴിക്കും. നാളികേരം ഉണക്കി ആട്ടിയെടുക്കുന്ന നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ്. ആ വെളിച്ചെണ്ണയുടെ മണം ആസ്വദിച്ചു തന്നെ അറിയണം. കട്ടന്‍കാപ്പിക്കുമുണ്ട് പ്രത്യേകത. ഞങ്ങള്‍ടെ കാപ്പിച്ചെടിയിലുണ്ടായ കായ ഉണക്കി പൊടിച്ച കാപ്പിപ്പൊടിയിട്ടു തിളപ്പിച്ചതാണ്.
  ചിറ്റപ്പന്മാരുടെ വീട്ടീന്ന് കുഞ്ഞമ്മമാരും കുട്ട്യോളുമൊക്കെ വൈകിട്ട് സര്‍ക്കീട്ടിനു വരുന്ന പതിവുണ്ട്. ഈ വരവുകള്‍ ആഘോഷമാവുക ഞങ്ങള്‍ കുട്ടികള്‍ക്കാണ്. സന്ധ്യക്ക്‌ തിരിച്ചു പോകണ വരെ ഞങ്ങള്‍ക്ക് കളിച്ചു തിമിര്‍ക്കാം. ഞങ്ങള്‍ അങ്ങിനെ കളിച്ചു കുഴഞ്ഞു വിശന്നിരിക്കുമ്പോഴാവും ഈ പുഴുക്ക് തിന്നാന്‍ വിളിക്കുക. ഒരോട്ടമാണ് പിന്നെ. പലപ്പോഴും വഴക്ക് കിട്ടുമ്പോഴാ കൈ കഴുകിയില്ലാന്നു ഓര്‍ക്കുന്നതുപോലും.


  എല്ലാരും ചമ്രം പടിഞ്ഞ്‌ ചാണകം മെഴുകിയ നിലത്തിരിക്കും. ഇലച്ചീന്തില്‍ ചൂടുപുഴുക്കും ചമ്മന്തിയും സ്റ്റീല്‍ ഗ്ലാസ്സു നിറയെ കട്ടന്‍ കാപ്പിയും.(ഗ്ലാസ് നിറയെ ഉള്ള കട്ടന്‍ കാപ്പിയുടെ പിന്നില്‍ മറ്റൊരു കഥയുണ്ട്. പിന്നീടു പറയാന്‍ ഓര്‍മിപ്പിച്ചാല്‍ മതി ട്ടോ). ചറപറാ ചിലച്ചു കൊണ്ടാണ് തീറ്റ. കളിയുടെ വീറും വാശിയും ഒക്കെ ഈ സംസാരത്തിലും നിറഞ്ഞു നില്‍ക്കും. എത്രയും പെട്ടെന്ന് കഴിച്ചിട്ട് കളി തുടരാനുള്ള വെപ്രാളമാണ് എല്ലാര്‍ക്കും. ഇലച്ചീന്തില്‍ പുഴുക്ക് തീരാറാകുമ്പോള്‍

"ഇനി വേണോ?" എന്ന ചോദ്യം ഉണ്ടാകും.
  എന്‍റെ ചിറ്റപ്പന്‍റെ മകനാണ് സുനില്‍ കൊച്ചാട്ടന്‍. എന്നെക്കാള്‍ ഒരു വയസ്സിന്‍റെ മൂപ്പേ ഉള്ളൂ ട്ടോ. ഒരു ദിവസത്തേയ്ക്ക് മുതിര്‍ന്ന ആളായാലും എനിക്ക് ചേച്ചിയും കൊച്ചാട്ടനുമാണ്. എന്‍റെ ഈ ശീലം ബന്ധുക്കളുടെ ഇടയില്‍ ധാരാളം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്തിനേറെ അച്ഛനൊഴികെ വീട്ടിലും എല്ലാരും കളിയാക്കുമായിരുന്നു. മറ്റൊന്നുമല്ല പാടത്തും പറമ്പിലും പണിയെടുക്കാന്‍ വരുന്നവരെയും ചേച്ചിയും കൊച്ചാട്ടനും ചേര്‍ത്ത് വിളിക്കുന്നതിന്. (എന്‍റെ കുട്ടിക്കാലത്ത് ആള്‍ക്കാര്‍ പുറമേ എത്ര പുരോഗമനവും പരിഷ്കാരവും പറഞ്ഞാലും മനസ്സില്‍ തീണ്ടലും തൊടീലും ഒക്കെ സൂക്ഷിച്ചിരുന്നേ).

പക്ഷേ എന്‍റെ അച്ഛന്‍ മാത്രം പറയുമായിരുന്നു,
"മോള്‍ അങ്ങിനെ തന്നെ വിളിച്ചോളൂ. അവരും മനുഷ്യര്‍ തന്നെയാ."


എന്നിട്ട് അമ്മയുടെ നേരെ നോക്കി 
"വിവരമില്ലാത്തതുങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല" എന്ന് അടുത്ത ഡയലോഗും.

  പറഞ്ഞു വന്നതിലേക്ക് തിരിച്ചു പോകാം. പുഴുക്ക് ഇനി വേണോ എന്നാ ചോദ്യത്തിന് വേണ്ടവര്‍ വേണം എന്നും വയറു പോട്ടാരായവര്‍ വേണ്ട എന്നും മറുപടി പറയും. സുനിക്കൊച്ചാട്ടന്‍ മാത്രം പറയുന്നതിങ്ങനെ,
"നി..നി..നി..നിക്ക് വല്യമ്മച്ചീ... നോ..നോ..നോക്കട്ടെ"
എന്നിട്ട് കക്ഷി എഴുന്നേറ്റു നിന്ന് നിക്കറൊക്കെ പിടിച്ചു മേലോട്ടിട്ടിട്ടു ഒന്നു കുലുങ്ങും... നമ്മള്‍ ഭരണിയില്‍ നെല്ലിക്കേം ഉപ്പുമാങ്ങേം ഒക്കെ കുലുക്കി കൊള്ളിക്കില്ലേ അതുമാതിരി. ഞങ്ങള്‍ ഇതു കാണുമ്പോള്‍ ചിരിക്കാന്‍ തുടങ്ങും. ഉടനെ വരും പരിഭവം...
"എ..എ..എന്താ? വ..വ..വല്യമ്മച്ചി നോ..നോക്ക് ഈ പൂ..പൂ..പൂവ് ഇരുന്നു ചിരിക്കുന്നു."
"അവര് ചിരിക്കട്ടെ നീ അങ്ങോട്ട്‌ നോക്കണ്ട. മോനവിടിരുന്നു കഴിച്ചോ" എന്നും പറഞ്ഞു സ്നേഹത്തോടെ രണ്ടു കഷണം പുഴുക്കു കൂടി അമ്മ കൊച്ചാട്ടന്‍റെ ഇലച്ചീന്തിലേക്കിടും.
  അല്പം നല്ല വിക്കുണ്ട് കൊച്ചാട്ടന്. പിന്നെ പഠിക്കുന്ന കാര്യത്തില്‍ വളരെ പിന്നോക്കവും. ചെറുതിലെ മുതല്‍ പുള്ളിക്ക് താത്പര്യം കൃഷിയിലും വീട്ടുകാര്യങ്ങളിലും ആണ്. തേങ്ങ ഇടുമ്പോഴും കൊയ്ത്തു നടക്കുമ്പോഴുമെല്ലാം കണിശക്കാരനായിട്ടു കൂടെ നില്‍ക്കും. തേങ്ങയുടെ എണ്ണവും നെല്ലിന്‍റെ പതം അളക്കലുമൊക്കെ കൊച്ചാട്ടന് വെറും നിസ്സാരം. പക്ഷേ സങ്കലനവും വ്യവകലനവും ഗുണനപ്പട്ടികയുമൊന്നും ഏഴയലത്ത് അടുക്കില്ല. മലയാള അക്ഷരങ്ങള്‍ പോലും ചിലപ്പോള്‍ വഴുതിമാറും. ഇന്നാണെങ്കില്‍ ഞങ്ങള്‍ അധ്യാപകരുടെ ഭാഷയില്‍ ഒരു സ്ലോ ലേണര്‍. പക്ഷേ അന്ന് ഈ ബുദ്ധിമുട്ടിനെ ഉഴപ്പായാണ് സ്ഥിരീകരിക്കപ്പെട്ടിരുന്നത്. ചിറ്റപ്പന്‍ നല്ല ദേഷ്യക്കാരനാണ്. പഠിക്കാത്തത്തിനു നന്നായി തല്ലും പാവത്തിനെ. അടി കിട്ടുമ്പോള്‍ കല്ല്‌ പെന്‍സില്‍ പിടിച്ച കയ്യുടെ പുറം കൊണ്ട് കണ്ണീരു തുടയ്ക്കുന്ന കൊച്ചാട്ടന്‍റെ ചിത്രം ഇന്നെന്തോ മനസ്സില്‍ വന്നു.

  കൊച്ചാട്ടനെ ഞാന്‍ കണ്ടിട്ടു വര്‍ഷങ്ങളായി. ഓര്‍ക്കുമ്പോള്‍ ഒരു നൊമ്പരം ശേഷിക്കുന്നു മനസ്സില്‍. ഇപ്പോള്‍ വീട്ടില്‍ ഒരു മുറിയില്‍ നിന്ന് പുറത്തിറക്കാറെ ഇല്ലാന്നു കേട്ടു. ആര്‍ക്കു എവിടെയാണ് പിഴച്ചത്? അറിയില്ല...!

-ശ്രീ

ഒരു പേരുവരുത്തിയ വിനഒരു പേരിലെന്തിരിക്കുന്നു ല്ലേ?

  ഞാന്‍ ജനിച്ചത്‌ ഒരു നാട്ടിന്‍പുറത്താണ്. അവിടങ്ങളില്‍ ആളുകള്‍ക്ക് ഔദ്യോഗികനാമത്തിനു പുറമേ ഒരു വിളിപ്പേരുണ്ടാവുക സ്വാഭാവികം. ഓമനത്തം തോന്നിയിട്ടോ സ്നേഹം കൂടിയിട്ടോ എനിക്കും കിട്ടി അങ്ങിനെ ഒരു വിളിപ്പേര്-"പൂവ്." അമ്മയാണത്രേ ആദ്യം ഈ പേര് വിളിച്ചു തുടങ്ങിയത്. എന്തായാലും നാട്ടില്‍ മറ്റാര്‍ക്കും ഇല്ലാത്തതുകൊണ്ടും വേറെ ആര്‍ക്കും കേട്ടിട്ടില്ലാത്തതുകൊണ്ടും എന്‍റെ പേരങ്ങു വിളങ്ങി. ഇപ്പോഴും എന്‍റെ ഔദ്യോഗികനാമം പറഞ്ഞാല്‍ ഏറെപ്പേര്‍ക്ക് പെട്ടെന്ന് ആളെ മനസ്സിലാവുമോന്നു സംശയാണ്.

  ഇനി കഥയിലേക്ക് വരാം. എന്‍റെ കുഞ്ഞുന്നാളില്‍ വീട്ടില്‍ ഈ കുഞ്ഞിനെ നോക്കാന്‍ ഒരു അമ്മൂമ്മ ഉണ്ടായിരുന്നു. 'പട്ടാഴി അമ്മൂമ്മ' എന്ന് ഞാന്‍ വിളിച്ചിരുന്ന ആ അമ്മൂമ്മയുടെ പേര് എനിക്ക് അറിയില്ലാട്ടോ. പല്ലില്ലാത്ത പട്ടാഴി അമ്മൂമ്മയുടെ കൈവശം  ഒരുപാട് കഥകളും പാട്ടുകളും ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ അമ്മൂമ്മ മുറുക്കാന്‍ ഇടിക്കുന്ന കൂട്ടത്തില്‍ പുറത്തുവരും. ഈ വെറ്റിലയും പാക്കും ചുണ്ണാമ്പും പുകയിലയും എല്ലാം കൂടി ഇടിച്ചു കൂട്ടി വായിലാക്കി അമ്മൂമ്മ ചുവപ്പുനിറത്തില്‍ നീട്ടി തുപ്പുന്നത് എനിക്ക് എന്നും ഒരു അത്ഭുതമായിരുന്നു. എനിക്കും മുറുക്കണം എന്നു പറഞ്ഞ് വാശി പിടിക്കുമ്പോള്‍ അമ്മൂമ്മ അല്പം വെറ്റില എടുത്ത് തരും. ഞാന്‍ ആവുന്ന പണി പതിനെട്ടും നോക്കും, പക്ഷെ ചുവക്കില്ല. അപ്പോ സങ്കടപ്പെട്ടിരിക്കുന്ന എന്നെ അമ്മൂമ്മ കെട്ടിപ്പിടിച്ച് പൊട്ടി പൊട്ടി ചിരിച്ചുകൊണ്ട് മുറുക്കാന്‍ മണക്കുന്ന ഉമ്മ തരും. ഒരുപാട് സ്നേഹം തന്ന അമ്മൂമ്മയ്ക്ക് രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്നു. ഓമനചേച്ചിയും മണിചേച്ചിയും. ഞാന്‍ ചേച്ചിഎന്നാണ് വിളിച്ചിരുന്നതെങ്കിലും ഓമനചേച്ചിക്ക് എന്നെക്കാള്‍ മുതിര്‍ന്ന മക്കള്‍ ഉണ്ടായിരുന്നു ട്ടോ. അവര്‍ക്കൊക്കെ എന്നോട് പെരുത്ത് സ്നേഹം. കുഞ്ഞു പൂവിനെ അമ്മൂമ്മ "പൂമോളെ" എന്ന് മാത്രമേ വിളിക്കൂ; അത് കേട്ടു അമ്മൂമ്മയുടെ മക്കളും. അവരുടെ സ്നേഹത്തിന്‍റെ ആഴം അനുഭവിച്ചറിയുന്ന എനിക്കും എന്‍റെ വീട്ടിലുള്ളവര്‍ക്കും എന്നുവേണ്ട അയപക്കത്തുള്ളവര്‍ക്കോ നാട്ടുകാര്‍ക്കോ അതില്‍ അസ്വാഭാവികമായി ഒന്നും തോന്നിയിട്ടും ഇല്ല.

  കുഞ്ഞു പൂവ് വളര്‍ന്നു. പ്രീഡിഗ്രി വിദ്യാര്‍ഥിനിയായി. അപ്പോഴും നാട്ടുകാര്‍ക്ക് 'പൂവും' അമ്മൂമ്മയ്ക്കും മക്കള്‍ക്കും 'പൂമോളും' തന്നെ. തൊട്ടടുത്തുള്ള നഗരത്തിലെ കോളേജിലാണ് പഠനം. വീട്ടില്‍ നിന്ന് അര മണിക്കൂര്‍ യാത്രയുണ്ട്. എപ്പോഴും ഒന്നും ബസില്ല. സാധാരണ വൈകുന്നേരം ട്യൂഷനും കൂടി കഴിഞ്ഞ് 5.20 നുള്ള ശിശുമംഗലത്തിലാണ് തിരിച്ചു പോവുക.

ഒരു ഡിസംബര്‍ മാസം...

  ഡിസംബറില്‍ നേരത്തേ സന്ധ്യയാവുമല്ലോ. പതിവു ബസ് ഇല്ല. പിന്നെ 6 മണിക്കുള്ള കോമോസേ ഉള്ളൂ. ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കയാണ്‌ ഞാന്‍. നേരം ഇരുട്ടി തുടങ്ങി. ബസ്‌ സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള നാരങ്ങാവെള്ളം വില്‍ക്കുന്ന കടയില്‍ എതിര്‍വശത്തെ ടാക്സി സ്റ്റാന്‍ഡിലെ കുറെ ഡ്രൈവര്‍മാര്‍ എപ്പോഴും ഉണ്ടാവും.  അന്നും പതിവു തെറ്റിയിട്ടില്ല. നേരം ഇരുട്ടുംതോറും ചെറിയ പേടിയും ഉണ്ട്. അപ്പോഴുണ്ട് ഓമനചേച്ചി എവിടെയോ പോയിട്ട് ബസ്‌ പിടിക്കാന്‍ സ്റ്റാന്‍ഡിലേക്ക് വരുന്നു. മനസ്സിന് ഒരു ആശ്വാസം തോന്നി. ആ ആശ്വാസം കുറേ നാളത്തേയ്ക്കുള്ള അസ്വസ്ഥതയാവാന്‍ അധികം താമസം ഉണ്ടായില്ല. നേരം ഇരുട്ടിയ നേരത്ത് എന്നെ തനിച്ചു ബസ്‌ സ്റ്റാന്‍ഡില്‍ കണ്ട ഓമനചേച്ചിയുടെ ആധി വെളിയില്‍ വന്നത് ഇങ്ങനെ, അതും ഉറക്കെ...

"പൂമോളെ നീ ഇതുവരെ പോയില്ലേ?"

പോരെ പൂരം...! ബാക്കി ഞാന്‍ പറയണോ? പിന്നീട് കുറേ നാളത്തേയ്ക്ക് ടാക്സി സ്റ്റാന്റ് ഞാന്‍ ഓടിത്തള്ളുകയായിരുന്നു പതിവ്...

ഒരു പേരില്‍ എന്തെല്ലാം ഇരിക്കുന്നു ല്ലേ?

-ശ്രീ

പ്രണയകാലം.ഫിസിക്സ് ലാബിലെ പ്രിസത്തിലൂടെ
വെളിച്ചം കടത്തിവിട്ട്
റിഫ്രാക്ടീവ് ഇന്‍ഡെക്സ് തിരയുമ്പോഴാണ്
പ്രണയസ്വപ്നങ്ങളില്‍ മഴവില്ല് വിരിഞ്ഞത്.
ക്ലാസ്മേറ്റും കളിക്കൂട്ടുകാരനും
ഒരുമിച്ചു പ്രണയം പറഞ്ഞപ്പോള്‍
മനസ്സൊരു സിമ്പിള്‍പെന്‍ഡുലം പോലെ
ദോലനങ്ങളാല്‍ അസ്വസ്ഥമായി.
ട്യൂണിംഗ് ഫോര്‍ക്കിന്‍റെ കമ്പനങ്ങള്‍ക്കോ
കൗമാരസ്വപ്നങ്ങളുടെ ചിറകടിയൊച്ചയ്ക്കോ
തരംഗദൈര്‍ഘ്യം കൂടുതല്‍ എന്നു കണക്കുകൂട്ടി
ആകെ കുഴമാന്തിരത്തിലായ എന്നെ
സുവോളജി ലാബിലെ
ഫോര്‍മാലിന്‍ കുളങ്ങളില്‍ മുങ്ങിക്കിടന്ന്
ഭ്രൂണങ്ങള്‍ കൊഞ്ഞനം കുത്തി.
ശല്‍ക്കങ്ങള്‍ പൊളിച്ചു മാറ്റിയ പാറ്റകളും
നെടുകെ പിളര്‍ന്ന ശരീരത്തില്‍
തുടിക്കുന്ന ഹൃദയമുള്ള തവളകളും
എന്‍റെ തലച്ചോറില്‍ സ്വൈരവിഹാരം നടത്തി.
സെന്റിപെടുകളും മില്ലിപെടുകളും
മണ്ണിരകളെ കൂട്ടുപിടിച്ച്
എന്നിലേക്ക്‌ ഇഴഞ്ഞുകയറി.
പേടിച്ചുഴറിയ എനിക്ക് കണിശക്കാരായ
പിപ്പെറ്റുകളും ബ്യൂറെറ്റുകളും
ആത്മനിയന്ത്രണത്തിന്‍റെ മന്ത്രമോതി.
ഒരു തുള്ളിയുടെ വ്യത്യാസത്തില്‍
ആസിഡും ആള്‍ക്കലിയും
നിര്‍വീര്യമാകുന്ന കാഴ്ച
ജീവിതം നൈമിഷികമെന്ന പാഠമോതി.
ഒരു രാസമാറ്റത്തില്‍
ഉദാസീനയായ എന്നിലേക്ക്‌
വേര്‍ഡ്സ് വര്‍ത്തും ഷെല്ലിയും
കീറ്റ്സുമൊക്കെ ഉല്‍പ്രേരകങ്ങളായി.
നീളന്‍ വരാന്തകളില്‍ ഇടനാഴികളില്‍
കോണിച്ചുവടുകളില്‍ റീഡിംഗ് റൂമില്‍
ലൈബ്രറിയില്‍ ലാബുകളില്‍
പ്രണയം തുളുമ്പി നിന്ന
പ്രീഡിഗ്രിക്കാലം.

-ശ്രീ

Wednesday, December 11, 2013

കാലാതീതമായ കാലം.എം. ടിയുടെ ‘കാലം’...

ഒരുപിടി മനുഷ്യരിലൂടെ ഒരു നാടിനെയും ഒരു കാലഘട്ടത്തെയും തന്നെ നമുക്ക് മുന്നില്‍ അനാവൃതമാക്കുന്ന അതുല്യ കൃതി. ഗന്ധങ്ങളിലൂടെ കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും സംഭവങ്ങളെയും വൈയക്തികമാക്കുന്ന ഒരു അവസ്ഥാവിശേഷം ആദ്യാവസാനം ഈ നോവലില്‍ കാണാം. നിറങ്ങളും ശബ്ദങ്ങളും പലപ്പോഴും ഗന്ധങ്ങള്‍ക്ക് അകമ്പടി സേവിക്കുന്ന കാഴ്ചയും സാധാരണം. പ്രധാനകഥാപാത്രങ്ങളുടെയെല്ലാം മാനസികവ്യാപാരങ്ങള്‍ വായനക്കാരനു അനുഭ...വവേദ്യമാകുമ്പോഴും സുമിത്ര വ്യതിരിക്തയായി നിലകൊള്ളുന്നു. ഉയരങ്ങള്‍ സ്വപ്നം കാണുന്നവരാണ് എല്ലാ കഥാപാത്രങ്ങളും; പൊട്ടനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണി നമ്പൂതിരിയുള്‍പ്പെടെ. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി വ്യക്തിബന്ധങ്ങളെ അവഗണിക്കുന്ന നായകന്‍ ഒടുവില്‍ സ്വത്വം നഷ്ടപ്പെട്ടു തിരികെ വരുന്ന കാഴ്ച്ച ഒരു നിമിഷം വായനക്കാരനേയും ഒന്നു തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കും. സേതുവിനോടൊപ്പം “ഒരിക്കല്‍ക്കൂടി, ഒരിക്കല്‍ക്കൂടി ഒരവസരം തരൂ!” എന്നു കിട്ടാത്ത വരങ്ങള്‍ ഉരുവിട്ട് അടഞ്ഞ കോവിലുകള്‍ക്കു പുറത്തു നില്‍ക്കുമ്പോള്‍ ‘കാലവും തിരമാലകളും ആരേയും കാത്തുനില്‍ക്കുന്നില്ല’ എന്ന് ഉള്ളില്‍ നിന്നുയര്‍ന്ന സ്വരത്തില്‍ പ്രതിധ്വനിക്കുന്നത് പരിഹാസമാണോ തത്ത്വശാസ്ത്രമാണോ! വേര്‍തിരിച്ചറിയാന്‍ ഞാന്‍ അശക്തയാകുന്നു.

-ശ്രീ


ആരിതു കടക്കും?  അധ്യാപകര്‍ക്ക് മാനേജ്മെന്റ് ട്രെയിനിംഗ് നല്‍കിയ സമയത്ത് വൈകാരിക സംതുലനവും സഹഭാവവും(Emotional Balance and Empathy) എന്ന മൊഡ്യൂള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിലെ ഒരു സെഷന്‍ ‍'ഭൂതകാലത്തില്‍‍ നമുക്കുണ്ടായ ഒരു ഭയം വര്‍ത്തമാനകാലത്തിലും നമ്മെ പിന്തുടരുന്നതിനെ' കുറിച്ചായിരുന്നു. പരിശീലകയുടെ റോളില്‍ നിന്ന ഞാന്‍ അങ്ങിനെയുള്ള എന്‍റെ ചില അനുഭവങ്ങള്‍ അവരോടും അധ്യാപകരില്‍ ചിലര്‍ അവരുടെ അനുഭവങ്ങളും പങ്കു വച്ചു.

  അന്നു പറയാന്‍ വിട്ടുപോയ ഒരു അനുഭവം ഇവിടെ പങ്കുവയ്ക്കട്ടെ. എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഉണ്ണൂണ്ണി അച്ചായന്‍ ഉണ്ടായിരുന്നു. ആറടിയില്‍ അധികം പൊക്കവും അതിനൊത്ത തടിയുമുള്ള ഒരാള്‍. ഇന്നത്തെപ്പോലെ മദ്യപാനം സ്റ്റാറ്റസ് സിംബല്‍ ആയിട്ടില്ല അന്നൊന്നും ഞങ്ങള്‍ടെ നാട്ടില്‍. പരസ്യമായി മദ്യപിക്കാന്‍ ധൈര്യമുള്ളവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട പേരാണ് ഉണ്ണൂണ്ണി അച്ചായന്റേത്. ഉണ്ണൂണ്ണി അച്ചായന്‍ മൂക്കറ്റം കുടിക്കുമെന്നു മാത്രമല്ല കുടിച്ചുകഴിഞ്ഞാല്‍ ആരോടെങ്കിലും വഴക്കുണ്ടാക്കുവേം ചെയ്യും.

  ഒരു ദിവസം കുടിച്ചിട്ട് ഉണ്ണൂണ്ണി അച്ചായന്‍ അച്ഛനെ അന്വേഷിച്ച് വീട്ടില്‍ വന്നു. വീട്ടിലാണേല്‍ ഞാനും ചേച്ചിയും മാത്രം. ഞങ്ങള്‍ കതകൊക്കെ അടച്ചു ശ്വാസം പിടിച്ച് അകത്തിരിപ്പാണ്. ജനാലയിലൂടെ ഒളിഞ്ഞു നോക്കുന്നുമുണ്ട്. ഉണ്ണൂണ്ണി അച്ചായന്‍ നടക്കുമ്പോള്‍ ബാലന്‍സ് കിട്ടുന്നില്ല. കൂട്ടത്തില്‍ പുള്ളി പാടുന്നും ഉണ്ട്.

"ഈ വഴി ഇടുക്കം ഞെരുക്കം ആരിതു കടക്കും?
ഈ ഉണ്ണൂണ്യച്ചായന്‍ കടക്കും"

  വീട്ടിലേക്കുള്ള നല്ല വീതിയുള്ള വഴിയാണ്. ഇടയ്ക്കെപ്പോഴോ അച്ചായന്‍ മടിയില്‍ നിന്ന് ഒരു കത്തി എടുത്തു നോക്കിയതു ഒരു മിന്നായം പോലെ കണ്ടു. പിന്നെ ചേച്ചി എന്നെ കണ്ടുപിടിച്ചത് കട്ടിലിനു കീഴേന്നാ.

  അന്നുമുതല്‍ ഉണ്ണൂണ്ണി അച്ചായനെ ഞാന്‍ പൂര്‍വ്വാധികം ഭംഗിയായി പേടിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്നും ഒരു ഇറക്കം ഇറങ്ങിയാല്‍ സ്കൂളായി. സ്കൂളില്‍ പോകുന്ന വഴിയിലെങ്ങാനും ഉണ്ണൂണ്ണി അച്ചായനെ കണ്ടാല്‍ അപ്പോള്‍ റിവേര്‍സ് ഗീയര്‍ ഇടും. പിന്നെ വീട്ടീന്ന് സ്കൂളുവരെ രാമതിയോ കുട്ടനോ അവരുടെ മക്കള്‍ ആരെങ്കിലുമോ കൊണ്ടാക്കണം. അവര്‍ ചോദിക്കും "കുഞ്ഞെന്തിനാ അങ്ങേരെ പേടിക്കുന്നെ? അങ്ങേരൊരു പാവാ. കൊച്ചുങ്ങളോട് വല്യ സ്നേഹാ. കുടിച്ചിട്ട് നിക്കുമ്പോ പിള്ളേരുക്കൊക്കെ മുട്ടായി വാങ്ങിച്ചു കൊടുക്കും"

'ഹും പാവം ഇങ്ങേരുടെ മടിയില്‍ കത്തിയുള്ള കാര്യം ഇവര്‍ക്കറിയുമോ? അതെങ്ങാനും എടുത്തു ഒന്നു ഞോണ്ടിയാല്‍ ചാവുന്നത് ഞാനല്ലേ'

  ഏറ്റവും കഷ്ടം ഇതൊന്നുമല്ല. സ്കൂളില്‍ പോകാന്‍ ഇവരൊക്കെ കൂട്ടുവരും. വല്ലപ്പോഴും അനുവാദം കിട്ടുന്ന ഒരു കാര്യാ അക്കരെയുള്ള ചിറ്റപ്പന്റെ വീട്ടില്‍ പോകാന്‍. അവിടെ ചെന്നാല്‍ കളിയ്ക്കാന്‍ കൂട്ടുണ്ട്. തോടും വയലും ഒക്കെ കടന്നുവേണം പോകാന്‍. ആ വയലുകള്‍ അച്ചായന്‍റെ വിഹാരകേന്ദ്രങ്ങളും. വയലിന് ഇക്കരെ നിന്ന് ഞാന്‍ ആകെ ഒന്ന് വീക്ഷിക്കും. എന്നിട്ട് ഒറ്റ ഓട്ടമാണ്.

  ഇനി ഈ സംഭവത്തിന്‍റെ പ്രസക്തിയിലേക്ക് വരാം. ഇപ്പോഴും കള്ളുകുടിയന്മാരെ എനിക്ക് പേടിയാണ്. അവരുടെ മടിയിലെവിടെയോ ഞാന്‍ കാണാത്ത ഒരു കത്തി ഒളിഞ്ഞിരിക്കുന്നതുപോലെ......

വാല്‍ക്കഷ്ണം: യഥാര്‍ത്ഥത്തില്‍ ഈ ഉണ്ണൂണ്ണി അച്ചായന്‍ വെറും ഒരു പാവം മനുഷ്യനായിരുന്നു. ആ കത്തി കൊണ്ട് ഒരു ഉറുമ്പിനേപ്പോലും നോവിച്ചതായി കേട്ടിട്ടില്ല.

-ശ്രീ

ഇനി ഞാന്‍ ഉറങ്ങട്ടെ...പി. കെ. ബാലകൃഷ്ണന്‍റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന നോവല്‍ എന്‍റെ വായനയില്‍...

ഹിരണ്വതി നദിയുടെ തീരത്തെ പാണ്ഡവ ശിബിരങ്ങളിലെ വിജയാഹ്ലാദങ്ങളോടെ ആരംഭിക്കുന്ന നോവല്‍ പുരോഗമിക്കുന്നത് പാണ്ഡവപത്നിയായ ദ്രൌപദിയുടെ മനോവിചാരങ്ങളിലൂടെയാണ്. ഒരു ഫ്ലാഷ്ബാക്ക് രീതിയിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീത്വം പിടയുന്ന ഹൃദയവുമായി പ്രതികാരദാഹത്തോടെ പതിമൂന്നു സംവത്സരങ്ങള്‍ കഴിഞ്ഞ കൃഷ്ണയുടെ മനോവിചാരങ്ങളിലൂടെ, സര...്‍വ്വവിനാശത്തിന്‍റെ കരിനിഴല്‍ കണ്ടിട്ടുപോലും മനസ്സിന്‍റെ ഉള്ളറകളില്‍ സൂക്ഷിക്കപ്പെട്ട കുന്തിയുടെ രഹസ്യത്തിന്‍റെ മറനീക്കലിലൂടെ, ഭ്രാതൃഹത്യയില്‍ മനംനൊന്തു, യുദ്ധം ചെയ്തു നേടിയ, രാജ്യമുപേക്ഷിച്ചു തപോവനം പൂകാന്‍ വെമ്പുന്ന ധര്‍മ്മജന്‍റെ സംഭവവിവരണങ്ങളിലൂടെ, കാലാതിവര്‍ത്തിയായ ദേവര്‍ഷി നാരദന്‍റെ പൂര്‍വ്വകഥാഭാഷണങ്ങളിലൂടെ, കൌരവസഭയിലെ ദൂത് പരാജയപ്പെട്ടു മടങ്ങവേ കര്‍ണനോട് തന്‍റെ ജന്മരഹസ്യം വെളിവാക്കിയ ശ്രീകൃഷ്ണന്‍റെ വാക്കുകളിലൂടെ, ദിവ്യചക്ഷുസ്സാല്‍ കുരുക്ഷേത്രയുദ്ധം വീക്ഷിച്ച സഞ്ജയന്‍റെ വിചാരങ്ങളുടെ കുരുക്കഴിക്കലിലൂടെ കര്‍ണന്‍റെ കഥ ഉരുക്കഴിക്കപ്പെടുകയാണ്.

ഹസ്തിനപുരത്തെ ആയുധവിദ്യാപ്രദര്‍ശനവേദി മുതല്‍ തന്നെ വിട്ടൊഴിയാതെ പിന്തുടര്‍ന്ന കര്‍ണന്‍റെ ബാഹുബലത്തെക്കുറിച്ചുള്ള ഭയം, കര്‍ണവിശിഖമേറ്റു നിലത്തു വീഴുന്ന അര്‍ജ്ജുനശിരസ്സെന്ന സങ്കല്പത്തിന്‍റെ ഭീഷണി; ഇവയില്‍ നിന്നൊക്കെ എന്നേയ്ക്കുമായി മുക്തി നേടി എന്നാശ്വസിക്കുന്ന നിമിഷത്തില്‍ തന്നെ കര്‍ണന്‍ തന്‍റെ ജ്യേഷ്ഠഭ്രാതാവാണെന്ന സത്യത്തിനു മുന്നില്‍ സര്‍വ്വം നഷ്ടപ്പെട്ടവനെ പോലെ പകച്ചു നില്ക്കയാണ്‌ യുധിഷ്ഠിരന്‍. രാജ്യം എന്തിനേറെ സ്വജീവന്‍ പോലും ആ മഹാനുഭാവന്‍റെ ദാനമാണെന്ന തിരിച്ചറിവില്‍ എല്ലാം ഉപേക്ഷിച്ചു തപോവനം സ്വീകരിക്കാന്‍ വെമ്പുകയാണ് ധര്‍മ്മജന്‍റെ മനസ്സ്.

പാഞ്ചാലരാജധാനിയിലെ സ്വയംവരവേദിയില്‍ ഭീകരമായ ദുര്‍വ്വിധിയായി തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന കര്‍ണന്‍റെ സ്മരണ തന്‍റെ അവശിഷ്ടജീവിതത്തിന്‍റെ പുറന്തോടുപോലും ഭസ്മീകരിക്കുന്നത് കണ്ടു സ്തബ്ധയായി നില്ക്കുകയാണ് കൃഷ്ണ. കൊല ചെയ്യപ്പെട്ട സ്വന്തം ഉണ്ണികളുടെയോ സ്വജനങ്ങളുടെയോ പിതാമഹന്‍റെയോ ആചാര്യന്‍റെയോ പേരിലല്ല തന്‍റെ ജീവിതത്തിനു മുന്നില്‍ എന്നും ദുര്‍വ്വിധിയുടെ നിഴല്‍ വിരിച്ചു നിന്ന കര്‍ണന്‍റെ പേരിലാണ് തനിക്കു അവകാശപ്പെട്ട വിശ്രമവും അനുഭവങ്ങളും നിഷേധിക്കപ്പെടുന്നത് എന്ന ചിന്ത അവളെ വീണ്ടും നിദ്രാവിഹീനയാക്കുന്നു. “ദ്രൌപദീ നീ ഏകാകിനിയാണ്! എല്ലാറ്റില്‍ നിന്നും എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട, ജീവിതത്തില്‍ നിന്നുതന്നെ ഒറ്റപ്പെട്ട, തികഞ്ഞ ഏകാകിനിയാണ് നീ” കടുത്ത പരിത്യക്തതാബോധത്തിന്‍റെ പാരമ്യത്തില്‍ സ്വമനസ്സിന്‍റെ ആമന്ത്രണം ഭയത്തോടും ദൈന്യത്തോടുമാണ് അവള്‍ ശ്രവിക്കുന്നത്. ക്ഷത്രിയധര്‍മ്മം ഒന്ന് മാത്രമാണ്, അല്ലാതെ തനിക്കു നേരെ നടന്ന പാതകങ്ങളല്ല, യുധിഷ്ടിരനെ യുദ്ധമാര്‍ഗ്ഗത്തിലേക്ക് നയിച്ചതെന്ന് വേദനയോടെ അവള്‍ തിരിച്ചറിയുന്നു. സ്വഹിതാച്ചരണത്തിനിടയില്‍ സ്വന്തം ഉണ്ണികളോടുള്ള കടമ മറന്ന തനിക്കു അവരുടെ സ്വരൂപം പോലും മനസാ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് വിലപിക്കുമ്പോള്‍ തന്‍റെ ദുഃഖം തന്‍റെ മാത്രം ദുഃഖമാണെന്ന് അവളിലെ മാതാവ് തിരിച്ചറിയുന്നു; ഈ വിലാപം തനിക്കു അവകാശപ്പെട്ടതല്ലെന്നും. ആപത്തുകളെ ഭയന്നാണെങ്കിലും അവയുടെ നടുവില്‍ ഭര്‍ത്തൃശുശ്രൂഷയില്‍ മുഴുകി ജീവിച്ച വനവാസകാലമായിരുന്നു തന്‍റെ ജീവിതത്തിലെ സുഖകാലം എന്നാ തിരിച്ചറിവില്‍ ജീവിച്ചുകഴിഞ്ഞ ഒരു ജീവിതത്തിന്‍റെ പുറന്തോടു മാത്രമാണ് താനെന്ന ചിന്ത ദ്രൌപദിയില്‍ ഉരുത്തിരിയുന്നു.

ജീവിതത്തില്‍ പലപ്പോഴായി തന്‍റെ സ്ത്രീത്വം വ്രണപ്പെട്ട സംഭവങ്ങളുടെ ഓര്‍മ്മയില്‍ പൊള്ളുന്ന കൃഷ്ണയുടെ മനസ്സില്‍ താന്‍ എന്നെങ്കിലും തനിക്കുവേണ്ടി, തനിക്കുവേണ്ടിമാത്രം സ്നേഹിക്കപ്പെട്ടിരുന്നോ എന്ന ചോദ്യം ഉരുവാകുന്ന മാത്രയില്‍ ചേതോഹരമായ കൃഷ്ണരൂപം അവളുടെ മനോമുകുരത്തില്‍ തെളിയുന്നു; ഒപ്പം ‘അവന്‍ നിനക്കാരാണ്?’ എന്ന ചോദ്യവും. കൃഷ്ണന്‍റെ വാക്കുകളില്‍ നിന്നും കര്‍ണന്‍ ജീവിതത്തിലുടനീളം അനുഭവിച്ച നിന്ദയുടെ വേദന അറിയുന്ന ദ്രൌപദി മനസുകൊണ്ട് ക്ഷമാപണം ചെയ്യുന്നു.

അഞ്ചു പതിമാരുള്ള തന്‍റെ സനാഥത്വം കര്‍ണന്‍റെ ഭിക്ഷയാണെന്നറിയുന്ന കൃഷ്ണ ആത്മപരിദേവനത്തിന്‍റെയും ആത്മനിന്ദയുടേയും പിടിയില്‍ അമരുന്നു. തന്‍റെയും കുന്തിയുടെയും ജീവിതങ്ങള്‍ തമ്മിലുള്ള അത്ഭുതകരമായ സാമ്യം അവളെ വിസ്മയഭരിതയാക്കുന്നു.

സ്നേഹിക്കപ്പെടുക എന്ന ദിവ്യമായ അനുഭവത്തില്‍ താനും കര്‍ണനും ഒരുപോലെ നിര്‍ഭാഗ്യരാണെന്നു കൃഷ്ണ തിരിച്ചറിയുന്നു. ഒരുവേള കര്‍ണന്‍റെ ജീവിതനിര്‍ഭാഗ്യങ്ങള്‍ക്കു മുന്നില്‍ തന്‍റെ നിര്‍ഭാഗ്യങ്ങള്‍ നിസ്സാരങ്ങളാണെന്ന് ചിന്തിക്കുന്ന അവളുടെ മനസ്സ് സഹതാപത്തിലേക്കും ആദരവിലേക്കും വഴിമാറുന്നു.

നീണ്ട പതിമൂന്നു വര്‍ഷക്കാലം അഴിഞ്ഞുലഞ്ഞ തലമുടിയുമായി അപമാനവും നിന്ദയും പേറി സ്വന്തം സ്ത്രീത്വം മറന്നു സതീധര്‍മ്മാചരണത്തില്‍ മുഴുകി നിദ്രാവിഹീനയായി കഴിഞ്ഞ കൃഷ്ണ താന്‍ സുഖനിദ്രയാല്‍ അനുഗ്രഹിക്കപ്പെട്ട തപ്തമായ ആ രാവിനെ കുറിച്ചോര്‍ത്തു കൊണ്ട് ഹിരണ്വനദിയുടെ കരയില്‍ വൃക്ഷച്ചുവട്ടില്‍ ഇരിക്കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. ആ ഭയാനകമായ രാത്രിയുടെ ഓര്‍മ്മയില്‍ ജീവിതത്തില്‍, വന്നു നിറഞ്ഞ ശൂന്യതയില്‍, നിന്നുകൊണ്ട് തന്നെ വിടാതെ പിന്തുടരുന്ന പേടിസ്വപ്നത്തില്‍ അമരുകയാണ് കൃഷ്ണ. മനസ്സിന്‍റെ ചിന്നിയ കണ്ണാടിയില്‍ വിഭ്രാന്തിജന്യമായ സ്വപ്നത്തിന്‍റെ പ്രതിബിംബം തെളിഞ്ഞു നില്ക്കവേ ആലസ്യത്തില്‍ അമരുന്ന അവള്‍ തന്നെ പേര്‍ ചൊല്ലി വിളിക്കുന്ന പതിക്കു മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍ പിറുപിറുക്കുന്നു, “യുധിഷ്ഠിരാ ഇനി ഞാന്‍ ഉറങ്ങട്ടെ!”

ഭാഷയും ശൈലിയും അല്പം കടുകട്ടിയായതിനാല്‍ വായനയുടെ ഒഴുക്ക് പലയിടത്തും തടസ്സപ്പെടുകയും ഇടയ്ക്ക് വിരസത അനുഭവപ്പെടുകയും ചെയ്തത് ഒരുപക്ഷേ എന്‍റെ മാത്രം അനുഭവമായിരിക്കാം. എങ്കിലും ചെറുപ്പത്തില്‍ ചിത്രകഥകളിലൂടെ അറിഞ്ഞ കര്‍ണനില്‍ നിന്നും വ്യത്യസ്തനായ കര്‍ണന്‍ മറക്കാനാവാത്ത വായനാനുഭവം തന്നെയാണ്.

-ശ്രീ

മാന്യരേ...  കുട്ടിക്കാലത്ത് പല യെമണ്ടന്‍ മണ്ടത്തരങ്ങള്‍ പറ്റിയിട്ടുണ്ട്. അന്നേ ഞാന്‍ ഒരു സ്വപ്നജീവി ആയിരുന്നു. ചെടികളോടും പൂക്കളോടും പക്ഷികളോടുമൊക്കെ സംസാരിച്ചു നടക്കണ സൂക്കേടും ഉണ്ടായിരുന്നു. വായിക്കുന്ന കഥകളിലെ കഥാപാത്രങ്ങള്‍ ഒക്കെ ഏതു നിമിഷവും ജീവന്‍ വച്ച് മുന്നിലെത്തിയേക്കാം എന്നു പ്രതീക്ഷിച്ചിരുന്ന പാവാടക്കാരി.

  എല്‍ പി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന ഒരു അബദ്ധധാരണയെ കുറിച്ചാണ് പറയാന്‍ പോകുന്നത്. എന്‍റെ പേരിന്‍റെ വാലിലൂടെ നിങ്ങള്‍ക്കെല്ലാം പരിചിതനായ എന്‍റെ അച്ഛന്‍. നാട്ടുകാരുടെ പ്രിയപ്പെട്ട 'മാന്യേര്.' പ്രായത്തില്‍ ചെറിയവര്‍ 'മാന്യേര് കൊച്ചാട്ടന്‍' എന്ന് വിളിക്കും. ആ പേര് വരാനുള്ള കാരണം അച്ഛന്‍ രണ്ട് സ്കൂളുകളുടെ മാനേജര്‍ ആണ് അന്ന്.അച്ഛനെ കാണാന്‍ എല്ലാ ദിവസവും ആരെങ്കിലുമൊക്കെ വീട്ടില്‍ വരും. ഞങ്ങള്‍ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയാണ് അച്ഛന്‍.  അച്ഛനെ കാണാന്‍ വീട്ടില്‍ വരുന്ന ആള്‍ക്കാരൊക്കെ ചോദിക്കുക ഒന്നുകില്‍

"മാന്യേരൊണ്ടോ?"  അല്ലെങ്കില്‍

"മാന്യേരുകൊച്ചാട്ടന്‍" ഉണ്ടോ?  എന്നാണ്.

   അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ചതിന്‍റെ ആവേശത്തില്‍ അന്ന് എന്തു കിട്ടിയാലും വായിക്കും. കഴിയുന്നതും ഉറക്കെ തന്നെ. കല്യാണം വിളിക്കാന്‍ വരുന്നവര്‍ കൊണ്ടുത്തരുന്ന ക്ഷണക്കത്തും ആഘോഷങ്ങളുടെ നോട്ടീസും ഒക്കെ എന്‍റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള ഉപാധികളാണ്. ഇതിലെ രസകരമായ വശം എന്താണെന്നു വച്ചാല്‍ ഈ കത്തുകളും നോട്ടീസുകളും ഒക്കെ തുടങ്ങുന്നത് 'മാന്യരേ' എന്ന സംബോധനയോടെ ആണല്ലോ.  കുട്ടിയായ ഞാന്‍ ധരിച്ചിരുന്നത് എന്‍റെ അച്ഛനുള്ള കത്തായതു കൊണ്ടാണ് അങ്ങിനെ തുടങ്ങുന്നത് എന്നാണ്.  കുറച്ചു വലുതാവുന്നതു വരെ എന്‍റെ ധാരണ ഇതു തന്നെ ആയിരുന്നു.
ഒരിക്കല്‍ ഇതു കേട്ടപ്പോള്‍ അച്ഛന്‍ ചിരിച്ച ചിരി എനിക്ക് നല്ല ഓര്‍മയുണ്ട്.

പാവം ഞാന്‍.....

-ശ്രീ

Sunday, September 29, 2013

തന്ത്രങ്ങള്‍


    ഓണപ്പരീക്ഷയ്ക്ക് എനിക്കാണ് മാര്‍ക്ക് കൂടുതല്‍ എന്നറിഞ്ഞപ്പോള്‍ മുതല്‍ അവളുടെ മുന്നില്‍ക്കൂടി ഒന്ന് ഞെളിഞ്ഞുനടക്കണം എന്ന് കരുതിയതാണ്. പക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവളെ കാണാഞ്ഞപ്പോള്‍ എന്തോ പന്തികേട്‌ തോന്നി. പഠിത്തത്തിലും വലിയ ഉഷാറ് തോന്നിയില്ല. എതിരാളിയില്ലാതെ എന്തു പോരാട്ടം? അവളുണ്ടെല്‍ പിന്നെ മത്സരമാണ്, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും ഏറ്റവും ആദ്യം കണക്ക് ചെയ്തുതീര്‍ക്കാനും എന്തിനേറെ ഊണ് കഴിച്ച് എഴുന്നേല്‍ക്കാന്‍ വരെ.

    ടീച്ചര്‍മാരോട് ചോദിക്കാന്‍ ഒരു ചമ്മല്‍; അവളുടെ കൂട്ടുകാരികളോട് ചോദിക്കാനുമതേ.ഞങ്ങളുടെ മത്സരം സ്കൂളുമുഴുവന്‍ പാട്ടാണല്ലോ. ഒടുവില്‍ അസ്വസ്ഥതയും ആകാംക്ഷയും വീര്‍പ്പുമുട്ടിച്ചപ്പോള്‍ സൈക്കിളെടുത്ത് നേരെ വച്ചുപിടിച്ചു. ശിവക്ഷേത്രത്തിന് അടുത്തെവിടെയോ ആണ് വീടെന്നറിയാം. ക്ഷേത്രത്തിന് മുന്നിലെ ആല്‍ത്തറയില്‍ കുറേ നേരം ഇരുന്നു. കടന്നുപോയ ഒന്ന് രണ്ടുപേര്‍ എന്നെ ശ്രദ്ധിച്ചു. പരിചയമില്ലാത്തത് കൊണ്ടാവും. 'ആരോടാ ഒന്നു ചോദിക്യാ? ഒരു പെണ്‍കുട്ടീടെ വീട് ചോദിക്കുമ്പോള്‍ അവര്‍ എന്തേലും വിചാരിക്കുമോ?' ഇങ്ങനെ വിചാരങ്ങളില്‍ മുഴുകി ഇരിക്കുമ്പോള്‍ ഏകദേശം അറുപത്തഞ്ചുവയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യന്‍ എന്‍റെ അരികിലേക്ക് വന്നു.

"എന്താ കുട്ടീ ഇവിടിരിക്കുന്നേ? എവിടുന്നാ? മുന്‍പ് കണ്ടിട്ടില്ലല്ലോ?"

"ഞാന്‍...ഞാന്‍ എന്‍റെ ക്ലാസ്സില്‍ പഠിക്കണ ഒരു കുട്ടീടെ വീട്ടില്‍ പോകാന്‍ വന്നതാ."

"വീട്ടുപേര് എന്താ?"

"അതറിയില്ല. ആ കുട്ടീടെ പേര് ഷെമി എന്നാണ്"

"ഇപ്പോഴത്തെ കുട്ട്യോള്‍ടെ പേരൊന്നും എനിക്കറിയൂല കുട്ടീ. ആ കുട്ടിയുടെ അച്ഛന്‍റെ പേരറിയുമോ?"

"ഷാനവാസ്" സ്കൂളില്‍ വച്ച് എപ്പോഴോ കേട്ട ഓര്‍മ്മയില്‍ പറഞ്ഞു.

"ഓ മ്മടെ പീടികപ്പറമ്പിലെ അബ്ദുറഹിമാന്‍റെ കൊച്ചുമോള്! കൂട്ടുകാരന്‍ വിശേഷം അറിഞ്ഞിട്ടു വന്നതാവും ല്ലേ? ദേ ഈ ഇടവഴി ചെന്നു നില്‍ക്കണത് അവരുടെ വീടിനു മുന്നിലാ. ഞാനും ആ വഴിക്കാ. വന്നോളൂ."

"വിശേഷമോ? എന്തു വിശേഷം?" ഞാന്‍ അല്‍പനേരം ചിന്തിച്ചു നിന്നപ്പോഴേക്കും കുറച്ചു മുന്നിലെത്തിയ അയാളുടെ അടുത്തേയ്ക്ക് ചെന്ന് ചോദിച്ചു.

"ആ കൊച്ചിന്‍റെ കല്യാണമല്ലിയോ അടുത്ത തിങ്കളാഴ്ച. അപ്പൊ കുട്ടി പിന്നെ എന്തിനാ വന്നേ?"

"എന്‍റെ ഒരു ബുക്ക്‌ ആ കുട്ടീടെ കയ്യിലായിപോയി. അതു വാങ്ങാന്‍ വന്നതാ" പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു കള്ളം പറഞ്ഞു.

"അല്പം കൂടി മുന്നിലേക്ക്‌ പോവുമ്പോള്‍ ഇടതുവശത്ത് ഒരു പടിപ്പുര കാണാം. അതാണ്‌ വീട്. ഞാനിവിടെ തിരിഞ്ഞു പോവാ." ഇടവഴിയിലെ ഒരു തിരിവില്‍ വച്ച് ആ മനുഷ്യന്‍ എന്നോട് യാത്ര ചൊല്ലി.

    വഴി ചോദിച്ച ആളോട് പറഞ്ഞ കള്ളവും ആവര്‍ത്തിച്ചു അവളുടെ വീട്ടിലേക്ക് ചെല്ലാനാവില്ലല്ലോ. തിരികെ സൈക്കിള്‍ ചവിട്ടുമ്പോള്‍ എന്താ ഏതാന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു.  പഠിത്തത്തില്‍ ഒരേ ഒരു എതിരാളി അവള്‍ മാത്രമായിരുന്നു സ്കൂളില്‍. ഇനി അവള്‍ ഉണ്ടാവില്ലെന്നോര്‍ത്തപ്പോള്‍ സന്തോഷമല്ല ശൂന്യതയാണ് തോന്നുന്നത്.

    "ഈ ചെക്കന് ഇതെന്തുപറ്റി? തത്ത ചത്ത കാക്കാനെപോലെ ഈ കുത്തിയിരിപ്പ് തുടങ്ങീട്ട് രണ്ടു ദിവസമായല്ലോ. ചോദിച്ചിട്ട് ഒന്നുമൊട്ടു പറയുന്നുമില്ല." അമ്മ അച്ഛനോട് പരാതിപ്പെട്ടി തുറന്ന് അല്പം കഴിഞ്ഞപ്പോള്‍ അച്ഛന്‍ എന്‍റെ മുറിയിലേക്ക് വന്നു കട്ടിലില്‍ ഇരുന്നു.

"എന്താ വിനൂ സ്കൂളില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ?" എന്‍റെ തോളില്‍ കൈ വച്ചു കൊണ്ടായിരുന്നു അച്ഛന്‍റെ ചോദ്യം.

'പറയണോ വേണ്ടയോ?' ആദ്യം ഒന്ന് സംശയിച്ചെങ്കിലും അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു.

"ഉം നോക്കട്ടെ. എന്താ വേണ്ടതെന്ന് ഞാനൊന്ന് ആലോചിക്കട്ടെ. നീ വേഗം റെഡിയായി സ്കൂളില്‍ പോകാന്‍ നോക്കൂ." അച്ഛന്‍റെ വാക്കുകളില്‍ ആശ്വാസം കലര്‍ന്നിരുന്നു.

    സ്കൂളില്‍ നിന്നു വന്നതും ചിന്തകള്‍ വീണ്ടും ഷെമിയെ കുറിച്ചായി. കൊച്ചുകുട്ടിയേപ്പോലെ തുള്ളിച്ചാടി നടന്നും വഴക്കുണ്ടാക്കിയും ക്ലാസില്‍ അവള്‍ നിറഞ്ഞു നില്‍ക്കാറുള്ളതോര്‍ത്തു. 'നന്നായി പഠിക്കുന്ന അവളുടെ പഠിത്തം നിര്‍ത്താന്‍ വീട്ടുകാര്‍ക്ക് എങ്ങിനെ തോന്നി? പഠനത്തില്‍ ഇത്രേം വാശിയുള്ള അവളെങ്ങിനെ സമ്മതിച്ചു!'

    പിറ്റേദിവസവും സാധാരണ പോലെ കടന്നു പോയി. 'അച്ഛന്‍ വെറുതെ പറഞ്ഞതാവുമോ? ഏയ്‌ അങ്ങിനെ വെറുതെ വാക്കുപറയുന്ന ആളല്ല എന്‍റെ അച്ഛന്‍. ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നോളം എനിക്ക് തന്നിട്ടുള്ള ഒരു ഉറപ്പും പാഴായി പോയിട്ടില്ല. നാളെ ശനി. തിങ്കളാഴ്ച അവളുടെ വിവാഹമാണ്. ഇപ്പോള്‍ സ്കൂളിലും എല്ലാവരും അറിഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും വിഷമമാണ്. പക്ഷെ അവളുടെ വീട്ടുകാര്‍ എടുത്ത തീരുമാനമല്ലേ. എന്തു ചെയ്യാന്‍ കഴിയും എന്നാണ് ക്ലാസ് ടീച്ചര്‍ പോലും പറഞ്ഞത്.'

    ശനിയാഴ്ച രാവിലെ പതിവുപോലെ പത്രം വായിക്കുന്നതിനിടയില്‍ ഒരു വാര്‍ത്ത കണ്ണിലുടക്കി. 'പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹം തടഞ്ഞു' ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത് ചായയുമായി കസേരയില്‍ ഇരിക്കുന്ന അച്ഛനെ ചോദ്യഭാവത്തില്‍ നോക്കി. 'അതെ' എന്ന ഭാവത്തില്‍ അച്ഛന്‍ തലയാട്ടി. ഭാരമൊഴിഞ്ഞ മനസുമായി മുറിയിലേക്ക് നടക്കവേ പഠനത്തില്‍ എതിരാളിയെ പുറകിലാക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

-ശ്രീ

Saturday, September 28, 2013

ഹെല്‍മെറ്റ്‌ കഥകള്‍(ഭാഗം (2)

വീണ്ടും ഹെല്‍മെറ്റില്ലാത്ത ഒരു ദിവസം..... ഓഫീസില്‍ എത്തിയപ്പോഴാണ് ഒരു സുഹൃത്തിന്‍റെ അമ്മായിഅച്ഛന്‍ തലേന്ന് മരിച്ച വിവരം അറിയുന്നത്. അടക്കം കഴിഞ്ഞെങ്കിലും അവിടെ വരെ പോകേണ്ട സാമാന്യമര്യാദ ഉണ്ടല്ലോ. തൊട്ടടുത്തായത് കൊണ്ട് കയ്യും വീശി പോകുന്നതിന്‍റെ സുഖം ആസ്വദിക്കാന്‍ തീരുമാനിച്ചു. പോയി അനുശോചനം രേഖപ്പെടുത്തി തിരികെ വരുന്ന വഴിയില്...‍ വളവു തിരിഞ്ഞതും നില്‍ക്കുന്നു ഏമാന്മാര്‍... എന്നെ കണ്ടപ്പോള്‍ മ്മടെ ഏമാന് ഒരു ആക്കിയ ചിരി. കൈ കാണിച്ചു. ഞാന്‍ ചമ്മിയ ചിരിയോടെ വണ്ടി നിര്‍ത്തി. സൈഡിലോട്ടു ഒതുക്കീട്ടു വാന്ന് ഏമാന്‍..

"ഓ..."മ്മള് അനുസരണയോടെ വണ്ടി ഒതുക്കി ഏമാന്‍റെ വണ്ടിക്ക് അടുത്തെത്തി. ഇങ്ങോട്ട് ചോദിക്കുന്നതിനു മുന്നേ അങ്ങോട്ട്‌ പറഞ്ഞു..

"സര്‍ ഞാന്‍ ഒരു മരണവീട്ടില്‍ പോയിട്ട് വരുകയാ...ഇവിടെ തൊട്ടടുത്താ...അതുകൊണ്ട് ഹെല്‍മെറ്റ്‌ എടുത്തില്ലാ..."

"സാരമില്ല ഒരു നൂറു രൂപാ ഇങ്ങെടുത്തോ..."

"സര്‍ മരണവീട്ടില്‍ പോയതല്ലേ ഞാന്‍ ബാഗ് എടുത്തിട്ടില്ല..."

"എങ്കില്‍ ആ ലൈസെന്‍സ് ഒന്ന് കാണിച്ചേ..."

"അതും ബാഗിലാ സര്‍ രണ്ടു മിനിറ്റ് ദേ ആ കാണുന്നതാ എന്‍റെ ഓഫീസ് ഞാന്‍ എടുത്തിട്ട് വരാം..."

"വേണ്ട ബുദ്ധിമുട്ടണ്ട ആ വണ്ടീടെ നമ്പര്‍ ഒന്ന് പറഞ്ഞേ..."

എന്‍റെ ആലോചന കണ്ടിട്ടാവും ഏമാന്‍റെ കൂട്ടുകക്ഷീടെ കമെന്റ്..."വണ്ടിക്ക് ബുക്കും പേപ്പറും ഒക്കെ ഉണ്ടോ എന്തോ ആര്‍ക്കറിയാം...!"

-ശ്രീ

Friday, September 27, 2013

നിഷേധി ബട്ടണ്‍    ഓണാവധിക്ക് നല്ല രസാരുന്നു. വാപ്പച്ചീടെ പഴേ സുഹൃത്തും കുടുംബവും വന്നിരുന്നു. അവരിപ്പോ ഒരുപാട് ദൂരെയെവിടെയോ ആണ് താമസം. എന്താ അവരുടെയൊരു പത്രാസ്. മോന്‍ ഗള്‍ഫിലാത്രേ. ഒരു മാസം മൂന്നുലക്ഷം രൂപയാണത്രേ ഓന് ശമ്പളം കിട്ടുക.

     'ഇത്രേം കാശ് ഒരുമിച്ചു കയ്യില് കിട്ടിയാ അയാളിതെങ്ങിനെയാണോ ആവോ ഒന്ന് ചിലവാക്കുക? നിക്കാണേല്‍ ബെര്‍ത്ത്‌ഡേയ്ക്ക് വാപ്പച്ചി തരണ നൂറുരൂപാ മിട്ടായി വാങ്ങി തീര്‍ക്കണവരെ ഒരു മനസ്സമാധാനോം ഇല്ല.'

    അവര് വന്നുപോയപ്പോള്‍ തുടങ്ങീതാ ഉമ്മേം ഉമ്മുമ്മേം കൂടി വാപ്പച്ചീടെ ചെവീല്‍ കുശുകുശുപ്പ്.

     "ഓള് കുട്ട്യല്ലേ സൈറാ. ഇക്കൊല്ലം കൂടിയല്ലേള്ളൂ. അത് കഴിഞ്ഞിട്ട് പോരെ" വാപ്പച്ചീടെ ചോദ്യം തെന്നിതെറിച്ച് എന്‍റെ കാതിലെത്തി. എത്ര ചോദിച്ചിട്ടും ഉമ്മേം ഉമ്മുമ്മേം കാര്യം പറയണില്ല.

     'ഇനി ഒറ്റ വഴിയേള്ളൂ. അങ്ങേ വീട്ടിലെ സൈനുതാത്ത. അവര്‍ക്കറിയാത്ത ഒരു രഹസ്യോം ഇല്ല എന്ടുമ്മായ്ക്ക്.'

    വൈകിട്ട് സ്കൂളീന്ന് വന്ന പാടെ ഓടി സൈനുത്തായുടെ അടുത്തേയ്ക്ക്. അങ്ങോട്ട്‌ ചോയ്ക്കണെന് മുന്നേ കിട്ടി ഉത്തരം "ഇനി ഇങ്ങനെ ഓടിച്ചാടി ഒന്നും നടക്കണ്ടാട്ടോ. നിക്കാഹ് കഴിപ്പിക്കാന്‍ പോണ കുട്ട്യാ യ്യ്"!

     'അപ്പൊ അതാണ്‌ കാര്യം. അന്ന് വാപ്പച്ചീടെ സുഹൃത്തിന്‍റെ കെട്ട്യോള് എന്നോട് കൂടുതല്‍ സ്നേഹം കാട്ടിയത് ഇതിനായിരുന്നു ല്ലേ?'

     "ഇല്ല വാപ്പച്ചീ എനിക്ക് പരീക്ഷയെഴുതണം. എല്ലാത്തിനും എ പ്ലസ്‌ വാങ്ങാന്ന് ടീച്ചര്‍മാര്‍ക്ക് വാക്ക് കൊടുത്തതാ ഞാന്‍"

     "അന്‍റെയൊരു എ പ്ലസ്‌. ഇങ്ങനെയൊരു ബന്ധം സ്വപ്നം കാണാന്‍ കൂടി കിട്ടൂലാ. ഇത് നടന്നാ ഈ റെഫീക്കിനെ ദൂരെയെവിടേലും വിട്ടു പഠിപ്പിക്കാന്‍ അവര് സഹായിക്കും.പഠിത്തം കഴിഞ്ഞാ ഓനേം കൊണ്ടോവേം ചെയ്യും."

     "ഇല്ല വാപ്പച്ചീ ഞാന്‍ സമ്മതിക്കൂലാ... നിര്‍ബന്ധിച്ചാല്....."

    രണ്ടീസം വീട്ടില്‍ പൊരിഞ്ഞ യുദ്ധം തന്നെയായിരുന്നു. നേരത്തെ തന്നെ പകുതി മനസ്‌ മാത്രമുണ്ടായിരുന്ന ന്‍റെ വാപ്പച്ചി ഒടുവില്‍ എന്‍റെ തീരുമാനത്തിന് കീഴടങ്ങി.

     "ഇല്ലെടാ ഓള്‍ക്ക് ഇനീം പഠിക്കണംന്നാ. പഠിക്കട്ടേന്നു ഞാനും കരുതി" വാപ്പച്ചി സുഹൃത്തിനോട്‌ ഫോണില്‍ പറയുമ്പോള്‍ ഉമ്മുമ്മ എന്നെ നോക്കി പല്ലിറുമ്മി "നിഷേധി"!

-ശ്രീ

Tuesday, September 24, 2013

പൂച്ചപുരാണം   മണി പതിനൊന്ന്. രണ്ടു കുസ്റുതികൾ സുഖശയനത്തിൽ. എന്റെ കാലൊച്ച ഒരാളെ ഉണർത്തി. .

"ശലൃം വന്നോളും ഓരോന്ന് " 

   അവന്റെ മുഖഭാവം അങ്ങിനെ ആയിരുന്നു. ഇതൊന്നും അറിയാതെ രണ്ടാമന്‍ അപ്പോഴും സുഖശയനം തന്നെ. കൂട്ടുകാരന്‍ വിളിച്ചുണർത്തിയപ്പോൾ അവനും സമ്മാനിച്ചു രൂക്ഷമായ ഒരു നോട്ടം. 'നിന്നെ കാണിച്ചു തരാടീ' എന്ന മട്ടില്‍ ഒറ്റ പോക്ക്. 'ഐകൃദാർഡൃം പ്രഖൃാപിച്ചുകൊണ്ട് രണ്ടാമനും. പോകുന്ന പോക്കില്‍ അവനും മറന്നില്ല 'നിന്നെ ഞാനെടുത്തോളാമെടീ' എന്ന മട്ടില്‍ ഒന്നു നോക്കാന്‍.

   "പോടേ പോടേ ഒരു മീൻതലയിൽ തീരുന്ന പിണക്കമല്ലേ ഉള്ളൂ" എന്നും പറഞ്ഞ് തിരിഞ്ഞുനടക്കാനൊരുങ്ങിയതും ദേ വരുന്നൂ ഒരു മാർച്ച്പാസ്റ്റ്. ഇത്തവണ കുണ്ടാമണ്ടികൾ ഒറ്റയ്ക്കല്ല. സ്കൂളില്‍ തല്ലിയവനെ കുറിച്ച് പരാതി ബോധിപ്പിക്കാൻ വരണ മാതിരി അച്ഛനും അമ്മയും ഒപ്പമുണ്ട്. ഒരുത്തന്‍ 'അച്ഛന്‍ പോയി തല്ലീട്ടു വാ'ന്നും പറഞ്ഞ് മതിലിനപ്പുറവും രണ്ടാമന്‍ 'ദേണ്ടെ ഇവളാ അച്ഛാ'ന്നും പറഞ്ഞ് മുന്നോട്ടും. അച്ഛന്‍ നല്ല ഗൗരവത്തിൽ 'നീ വാടാ മക്കളെ കൂടെ' എന്ന ഭാവത്തില്‍. അമ്മ പുറകേ 'നിനക്കെന്തിൻറെ കേടാടീ? എന്റെ പിള്ളേരെ തൊട്ടാലുണ്ടല്ലോ...'

   ''പാവം ഞാന്‍ പടമെടുക്കുക എന്നതിനപ്പുറം ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല പൂച്ചമ്മേ'' ഞാന്‍ സമസ്താപരാധം ഏറ്റുപറഞ്ഞു. "പോട്ടെടീ ആ പെണ്ണ് മാപ്പ് പറഞ്ഞില്ലേ" എന്നും പറഞ്ഞ് അച്ഛന്‍ പൂച്ച റോഡിലേക്കിറങ്ങി.'

   അപ്പോ ദേ ഒരു പുന്നാരം "അമ്മേ എനിച്ചിനീം ഉറങ്ങണം. ഈ ചേച്ചീനെ നോക്കിച്ചോണേ" എന്റെ മുന്നില്‍ ജാഡ കാണിക്കാൻ ഒരു കിടപ്പും. കണ്ണു തെറ്റിയാൽ ഓൾടെ മോനെ ഞാന്‍ വിഴുങ്ങി കളയും എന്ന മട്ടില്‍ അമ്മേടെ കാവലും.

   ഞാൻ വിടുമോ? "പൂച്ചമ്മേ ങ്ങളെ കണ്ടാല്‍ ഇത്രേം വലിയ മക്കളുണ്ടെന്നു പറയൂലാ ട്ടാ. ഞാന്‍ നിങ്ങടെ രണ്ടു പടമെടുത്തോട്ടെ?"

   പൂച്ചമ്മ ഫ്ലാറ്റ്. ഫോട്ടോയ്ക്കു പോസ് ചെയ്തു. പടമെടുത്ത് ഞാന്‍ തിരിയുമ്പോ ഒരു പിൻവിളി "ടീ കൊച്ചേ ആ പടങ്ങള്‍ എനിക്കൊന്നു മെയില്‍ ചെയ്തേര്. എഫ് ബീല് പ്രൊഫൈൽ പിക്ചർ മാറ്റീട്ടു കുറേ ദിവസായി"

'എന്നാലും എന്റെ പൂച്ചമ്മേ..........!'
 
-ശ്രീ