Sunday, September 29, 2013

തന്ത്രങ്ങള്‍


    ഓണപ്പരീക്ഷയ്ക്ക് എനിക്കാണ് മാര്‍ക്ക് കൂടുതല്‍ എന്നറിഞ്ഞപ്പോള്‍ മുതല്‍ അവളുടെ മുന്നില്‍ക്കൂടി ഒന്ന് ഞെളിഞ്ഞുനടക്കണം എന്ന് കരുതിയതാണ്. പക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവളെ കാണാഞ്ഞപ്പോള്‍ എന്തോ പന്തികേട്‌ തോന്നി. പഠിത്തത്തിലും വലിയ ഉഷാറ് തോന്നിയില്ല. എതിരാളിയില്ലാതെ എന്തു പോരാട്ടം? അവളുണ്ടെല്‍ പിന്നെ മത്സരമാണ്, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും ഏറ്റവും ആദ്യം കണക്ക് ചെയ്തുതീര്‍ക്കാനും എന്തിനേറെ ഊണ് കഴിച്ച് എഴുന്നേല്‍ക്കാന്‍ വരെ.

    ടീച്ചര്‍മാരോട് ചോദിക്കാന്‍ ഒരു ചമ്മല്‍; അവളുടെ കൂട്ടുകാരികളോട് ചോദിക്കാനുമതേ.ഞങ്ങളുടെ മത്സരം സ്കൂളുമുഴുവന്‍ പാട്ടാണല്ലോ. ഒടുവില്‍ അസ്വസ്ഥതയും ആകാംക്ഷയും വീര്‍പ്പുമുട്ടിച്ചപ്പോള്‍ സൈക്കിളെടുത്ത് നേരെ വച്ചുപിടിച്ചു. ശിവക്ഷേത്രത്തിന് അടുത്തെവിടെയോ ആണ് വീടെന്നറിയാം. ക്ഷേത്രത്തിന് മുന്നിലെ ആല്‍ത്തറയില്‍ കുറേ നേരം ഇരുന്നു. കടന്നുപോയ ഒന്ന് രണ്ടുപേര്‍ എന്നെ ശ്രദ്ധിച്ചു. പരിചയമില്ലാത്തത് കൊണ്ടാവും. 'ആരോടാ ഒന്നു ചോദിക്യാ? ഒരു പെണ്‍കുട്ടീടെ വീട് ചോദിക്കുമ്പോള്‍ അവര്‍ എന്തേലും വിചാരിക്കുമോ?' ഇങ്ങനെ വിചാരങ്ങളില്‍ മുഴുകി ഇരിക്കുമ്പോള്‍ ഏകദേശം അറുപത്തഞ്ചുവയസ്സ് തോന്നിക്കുന്ന ഒരു മനുഷ്യന്‍ എന്‍റെ അരികിലേക്ക് വന്നു.

"എന്താ കുട്ടീ ഇവിടിരിക്കുന്നേ? എവിടുന്നാ? മുന്‍പ് കണ്ടിട്ടില്ലല്ലോ?"

"ഞാന്‍...ഞാന്‍ എന്‍റെ ക്ലാസ്സില്‍ പഠിക്കണ ഒരു കുട്ടീടെ വീട്ടില്‍ പോകാന്‍ വന്നതാ."

"വീട്ടുപേര് എന്താ?"

"അതറിയില്ല. ആ കുട്ടീടെ പേര് ഷെമി എന്നാണ്"

"ഇപ്പോഴത്തെ കുട്ട്യോള്‍ടെ പേരൊന്നും എനിക്കറിയൂല കുട്ടീ. ആ കുട്ടിയുടെ അച്ഛന്‍റെ പേരറിയുമോ?"

"ഷാനവാസ്" സ്കൂളില്‍ വച്ച് എപ്പോഴോ കേട്ട ഓര്‍മ്മയില്‍ പറഞ്ഞു.

"ഓ മ്മടെ പീടികപ്പറമ്പിലെ അബ്ദുറഹിമാന്‍റെ കൊച്ചുമോള്! കൂട്ടുകാരന്‍ വിശേഷം അറിഞ്ഞിട്ടു വന്നതാവും ല്ലേ? ദേ ഈ ഇടവഴി ചെന്നു നില്‍ക്കണത് അവരുടെ വീടിനു മുന്നിലാ. ഞാനും ആ വഴിക്കാ. വന്നോളൂ."

"വിശേഷമോ? എന്തു വിശേഷം?" ഞാന്‍ അല്‍പനേരം ചിന്തിച്ചു നിന്നപ്പോഴേക്കും കുറച്ചു മുന്നിലെത്തിയ അയാളുടെ അടുത്തേയ്ക്ക് ചെന്ന് ചോദിച്ചു.

"ആ കൊച്ചിന്‍റെ കല്യാണമല്ലിയോ അടുത്ത തിങ്കളാഴ്ച. അപ്പൊ കുട്ടി പിന്നെ എന്തിനാ വന്നേ?"

"എന്‍റെ ഒരു ബുക്ക്‌ ആ കുട്ടീടെ കയ്യിലായിപോയി. അതു വാങ്ങാന്‍ വന്നതാ" പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരു കള്ളം പറഞ്ഞു.

"അല്പം കൂടി മുന്നിലേക്ക്‌ പോവുമ്പോള്‍ ഇടതുവശത്ത് ഒരു പടിപ്പുര കാണാം. അതാണ്‌ വീട്. ഞാനിവിടെ തിരിഞ്ഞു പോവാ." ഇടവഴിയിലെ ഒരു തിരിവില്‍ വച്ച് ആ മനുഷ്യന്‍ എന്നോട് യാത്ര ചൊല്ലി.

    വഴി ചോദിച്ച ആളോട് പറഞ്ഞ കള്ളവും ആവര്‍ത്തിച്ചു അവളുടെ വീട്ടിലേക്ക് ചെല്ലാനാവില്ലല്ലോ. തിരികെ സൈക്കിള്‍ ചവിട്ടുമ്പോള്‍ എന്താ ഏതാന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു.  പഠിത്തത്തില്‍ ഒരേ ഒരു എതിരാളി അവള്‍ മാത്രമായിരുന്നു സ്കൂളില്‍. ഇനി അവള്‍ ഉണ്ടാവില്ലെന്നോര്‍ത്തപ്പോള്‍ സന്തോഷമല്ല ശൂന്യതയാണ് തോന്നുന്നത്.

    "ഈ ചെക്കന് ഇതെന്തുപറ്റി? തത്ത ചത്ത കാക്കാനെപോലെ ഈ കുത്തിയിരിപ്പ് തുടങ്ങീട്ട് രണ്ടു ദിവസമായല്ലോ. ചോദിച്ചിട്ട് ഒന്നുമൊട്ടു പറയുന്നുമില്ല." അമ്മ അച്ഛനോട് പരാതിപ്പെട്ടി തുറന്ന് അല്പം കഴിഞ്ഞപ്പോള്‍ അച്ഛന്‍ എന്‍റെ മുറിയിലേക്ക് വന്നു കട്ടിലില്‍ ഇരുന്നു.

"എന്താ വിനൂ സ്കൂളില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടോ?" എന്‍റെ തോളില്‍ കൈ വച്ചു കൊണ്ടായിരുന്നു അച്ഛന്‍റെ ചോദ്യം.

'പറയണോ വേണ്ടയോ?' ആദ്യം ഒന്ന് സംശയിച്ചെങ്കിലും അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു.

"ഉം നോക്കട്ടെ. എന്താ വേണ്ടതെന്ന് ഞാനൊന്ന് ആലോചിക്കട്ടെ. നീ വേഗം റെഡിയായി സ്കൂളില്‍ പോകാന്‍ നോക്കൂ." അച്ഛന്‍റെ വാക്കുകളില്‍ ആശ്വാസം കലര്‍ന്നിരുന്നു.

    സ്കൂളില്‍ നിന്നു വന്നതും ചിന്തകള്‍ വീണ്ടും ഷെമിയെ കുറിച്ചായി. കൊച്ചുകുട്ടിയേപ്പോലെ തുള്ളിച്ചാടി നടന്നും വഴക്കുണ്ടാക്കിയും ക്ലാസില്‍ അവള്‍ നിറഞ്ഞു നില്‍ക്കാറുള്ളതോര്‍ത്തു. 'നന്നായി പഠിക്കുന്ന അവളുടെ പഠിത്തം നിര്‍ത്താന്‍ വീട്ടുകാര്‍ക്ക് എങ്ങിനെ തോന്നി? പഠനത്തില്‍ ഇത്രേം വാശിയുള്ള അവളെങ്ങിനെ സമ്മതിച്ചു!'

    പിറ്റേദിവസവും സാധാരണ പോലെ കടന്നു പോയി. 'അച്ഛന്‍ വെറുതെ പറഞ്ഞതാവുമോ? ഏയ്‌ അങ്ങിനെ വെറുതെ വാക്കുപറയുന്ന ആളല്ല എന്‍റെ അച്ഛന്‍. ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നോളം എനിക്ക് തന്നിട്ടുള്ള ഒരു ഉറപ്പും പാഴായി പോയിട്ടില്ല. നാളെ ശനി. തിങ്കളാഴ്ച അവളുടെ വിവാഹമാണ്. ഇപ്പോള്‍ സ്കൂളിലും എല്ലാവരും അറിഞ്ഞിരിക്കുന്നു. എല്ലാവര്‍ക്കും വിഷമമാണ്. പക്ഷെ അവളുടെ വീട്ടുകാര്‍ എടുത്ത തീരുമാനമല്ലേ. എന്തു ചെയ്യാന്‍ കഴിയും എന്നാണ് ക്ലാസ് ടീച്ചര്‍ പോലും പറഞ്ഞത്.'

    ശനിയാഴ്ച രാവിലെ പതിവുപോലെ പത്രം വായിക്കുന്നതിനിടയില്‍ ഒരു വാര്‍ത്ത കണ്ണിലുടക്കി. 'പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹം തടഞ്ഞു' ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത് ചായയുമായി കസേരയില്‍ ഇരിക്കുന്ന അച്ഛനെ ചോദ്യഭാവത്തില്‍ നോക്കി. 'അതെ' എന്ന ഭാവത്തില്‍ അച്ഛന്‍ തലയാട്ടി. ഭാരമൊഴിഞ്ഞ മനസുമായി മുറിയിലേക്ക് നടക്കവേ പഠനത്തില്‍ എതിരാളിയെ പുറകിലാക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

-ശ്രീ

No comments:

Post a Comment