Tuesday, September 24, 2013

സ്നേഹസ്പര്‍ശം

   കളിയില്‍ ഹരം പിടിച്ചിരിക്കുന്ന മോളെ ഒപ്പം വരാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുന്നത്‌ കേട്ടു കൊണ്ടാണ് അച്ഛന്‍ വന്നത്.

“അവള്‍ അവിടിരുന്നു കളിച്ചോട്ടെ കുട്ടീ നമുക്ക് പോയി വരാം”

“കുറച്ചു കഴിഞ്ഞ് അവള്‍ വഴക്കുണ്ടാക്കിയാലോ അച്ഛാ?”
അച്ഛന്‍ അമ്മയെ നോക്കി ഒന്നു ചിരിച്ചു. ഒരുപാട് അര്‍ത്ഥങ്ങള്‍ ഉള്ള ചിരി. അച്ഛന്‍റെ ബൈക്കിനു പുറകില്‍ ഇരിക്കുമ്പോഴും മോള് കരയുമോന്നായിരുന്നു ചിന്ത മുഴുവന്‍. വല്ലാത്ത വാശിക്കാരിയാണ്‌. എപ്പോഴും ഞാന്‍ കൂടെയുണ്ടാവണം. അമ്മയ്ക്കാണെങ്കില്‍ കൂടെ ഓടാന്‍ കാലും വയ്യാണ്ടിരിക്കയാ.

   അച്ഛന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. 
“എന്താ കുട്ടീ നിന്‍റെ മനസിപ്പൊഴും വീട്ടിലാ? നിന്‍റെ അമ്മയില്ലേ അവളുടെ കൂടെ! നീ ഈ പ്രായത്തില്‍ ഇതിനെക്കാള്‍ വാശിക്കാരിയായിരുന്നു.”

   ചാലക്കമ്പോളത്തിലേക്ക് കയറുമ്പോള്‍ അച്ഛന്‍ തിരിഞ്ഞുനിന്ന് കൈ നീട്ടി. എല്ലാം മറന്ന് പഴയ പാവാടക്കാരിയായ നിമിഷം. അച്ഛന്‍റെ കയ്യില്‍ തൂങ്ങി കിലുകിലെ വര്‍ത്തമാനം പറഞ്ഞ് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഒന്ന് രണ്ടു പരിചയക്കാര്‍ കുശലം പറഞ്ഞു കടന്നു പോയി.

   തിരികെ വരുന്ന വഴി ജയലക്ഷ്മിക്ക് മുന്നില്‍ ഒരു കള്ളച്ചിരിയോടെ അച്ഛന്‍ വണ്ടി നിറുത്തി. ചുരിദാര്‍ കൂമ്പാരത്തിലേക്ക് ഊളിയിടുന്ന എന്നെ നോക്കി അച്ഛന്‍ അതെ ചിരിയോടെയിരുന്നു. ട്രയല്‍ റൂമിലേക്കും തിരിച്ചും പലവട്ടം പോയി വരുമ്പോള്‍ മുന്‍പ് പരാതി പറയുന്ന അമ്മയോട്  അച്ഛന്‍ പറയാറുള്ള മറുപടി ഓര്‍ത്തുപോയി. 
“ന്‍റെ മോള് സുന്ദരിയല്ലേ ശാന്തേ. ചേരാത്ത വേഷം ധരിച്ച് അവളുടെ ഭംഗി കുറയേണ്ട.”
ഒടുവില്‍ ഇഷ്ടപ്പെട്ട ഒരെണ്ണം ധരിച്ച് അച്ഛനു മുന്നില്‍ വന്നപ്പോളുണ്ട്‌ മനസറിഞ്ഞ പോലെ അച്ഛന്‍ പറയുന്നു. 
 
“അപ്പോ ഇതങ്ങ് ഇട്ടോണ്ട് പോവല്ലേ”

“നീ ജയന്‍റെ കൂടെ ഷോപ്പിങ്ങിനു പോവുമ്പോഴും ഇങ്ങനെ തന്നെയാണോ കുട്ടീ കാട്ടുക?” പടിയിറങ്ങവേ അച്ഛന്‍റെ ചോദ്യം.

“ഇല്ലച്ഛാ അപ്പോ ഞാന്‍ ഒക്കെ പോതിഞ്ഞന്നെ വാങ്ങും. ഇല്ലേല്‍ അപ്പോ വരും ഇതൊക്കെ അച്ഛന്‍ പഠിപ്പിച്ചതാണെന്ന പരാതി.”

“അല്ലാ ഉണ്ണിമോളിതുവരെ വഴക്കുണ്ടാക്കിയ ലക്ഷണമില്ലല്ലോ കുട്ടീ. ശാന്ത വിളിച്ചേയില്ലല്ലോ” കളി പറഞ്ഞ അച്ഛനെ പരിഭവം നിറച്ചു നോക്കി ബൈക്കിനു പിന്നിലിരുന്നു. 
 
“നാളെ അച്ഛന്‍ കൂടെ വരണോ കുട്ട്യേ? ഉണ്ണിയേം കൊണ്ട് നീ തനിയെ”

“വേണ്ടച്ചാ ഞങ്ങള് പൊയ്ക്കോളാം. ജയേട്ടന്‍ സ്റ്റേഷനില്‍ വരുമല്ലോ” അച്ഛന്‍ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പ് മറുപടി പറയുമ്പോള്‍ സുഖല്യാത്ത അച്ഛനെ എന്തിനേ ഇത്രദൂരം യാത്ര ചെയ്യിക്കണേ എന്നായിരുന്നു മനസ്സില്‍..

   പെട്ടെന്നാണ് ഒരു ബസ്‌ ചേര്‍ന്ന് പോയതും ബൈക്കൊന്നു വെട്ടി വിറച്ചതും. എവിടോക്കെയോ നീറിപ്പുകയുന്ന വേദന. കണ്ണുകള്‍ മുഴുക്കെ തുറക്കാനാവുന്നില്ല. ആരൊക്കെയോ ഓടിക്കൂടുന്നുണ്ട്. അച്ഛനെവിടെ? എന്താ സംഭവിച്ചത്? നീണ്ടുവരുന്ന ഒരു കൈ കണ്ടപ്പോള്‍ കോരിയെടുക്കാനാവുമെന്നു കരുതി. പക്ഷെ നീട്ടിയ കൈകളിലെ മൊബൈല്‍ ക്യാമറയില്‍ എന്‍റെ ചിത്രം പകര്‍ത്തുകയാണെന്നറിഞ്ഞപ്പോള്‍ ആശ്വാസത്തിന്‍റെ സ്ഥാനത്ത് ഭീതി ചേക്കേറുന്നതറിഞ്ഞു. കണ്ണുകളില്‍ ഇരുട്ട് മൂടുന്നതിനിടയിലും വിറയ്ക്കുന്ന ഒരു കരസ്പര്‍ശം തിരിച്ചറിഞ്ഞു. ഒപ്പം വിറയാര്‍ന്ന വാക്കുകളും...”എന്‍റെ മോള്‍...... ദയവുചെയ്ത് ആരെങ്കിലും എന്‍റെ കുട്ടിയെ ഒന്ന് ആശുപത്രിയിലെത്തിക്കുമോ?”

-ശ്രീ

2 comments:

  1. നീണ്ടുവരുന്ന ഒരു കൈ കണ്ടപ്പോള്‍ കോരിയെടുക്കാനാവുമെന്നു കരുതി. പക്ഷെ നീട്ടിയ കൈകളിലെ മൊബൈല്‍ ക്യാമറയില്‍ എന്‍റെ ചിത്രം പകര്‍ത്തുകയാണെന്നറിഞ്ഞപ്പോള്‍ ആശ്വാസത്തിന്‍റെ സ്ഥാനത്ത് ഭീതി ചേക്കേറുന്നതറിഞ്ഞു............... TOUCHING :)

    ReplyDelete
    Replies
    1. നമ്മുടെ യുവതലമുറയുടെ നേര്‍ചിത്രം വരച്ചു കാട്ടാന്‍ ഒരു ശ്രമം...

      Delete