ലില്ലിപ്പുട്ടിലെ കുള്ളന്മാരും അത്ഭുതലോകത്തിലെ മിണ്ടുന്ന പൂച്ചകളുമൊക്കെ അടക്കിവാഴുന്ന കുഞ്ഞുമനസ്സിലേക്ക് മഞ്ഞുപാളികളിലൂടെ തെന്നിനീങ്ങുന്ന മരവണ്ടിയില്‍ വന്ന സാന്താക്ലോസും വളരെപ്പെട്ടെന്നു ചേക്കേറി. പൂമ്പാറ്റയും മുത്തശ്ശിയും ബാലമംഗളവുമൊക്കെ നല്കിയ ഒരു മനോഹരസങ്കല്പം. മഞ്ഞുപോലെ വെളുത്ത നീളന്‍ താടിയുള്ള സാന്താക്ലോസ് അപ്പൂപ്പന് ക്രിസ്തുമസിന്റെ തലേരാത്രി ലോകത്തുള്ള മുഴോന്‍ കുട്ട്യോള്‍ക്കും സമ്മാനവുമായി എത്തുമത്രേ. കുട്ടികള്‍ രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് തങ്ങളുടെ കാലുറകള്‍ ഊരി അപ്പൂപ്പനു കാണത്തക്കവിധം വച്ചിരിക്കും. സാന്താക്ലോസ് രാത്രി ആരുമറിയാതെ വന്ന് അവര്‍ക്കുള്ള സമ്മാനം ഈ കാലുറകളില്‍ നിക്ഷേപിക്കും.
എന്റെ നാട്ടിലൊന്നും അന്നു ഷൂസും സോക്സും പ്രചാരത്തില്‍ ആയിട്ടില്ല. ചെരിപ്പിടുന്നതു തന്നെ ആഡംബരമായ കാലത്ത് കാലുറയ്ക്ക് എവിടെ പോകാന്‍ ! എങ്കിലും സമ്മാനം കിട്ടാനുള്ള ആഗ്രഹം കൊണ്ട് സ്കൂളില്‍ കൊണ്ടുപോകുന്ന തുണിസഞ്ചി എടുത്ത് മേശപ്പുറത്ത് വച്ചു കിടക്കും. എന്നിട്ട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കും,
"എന്റെ പൊന്നു സാന്താക്ലോസ് അപ്പൂപ്പാ എനിക്ക് കാലുറയില്ല. എന്നാലും എന്നെ മറന്നുപോവല്ലേ! ഇന്നു രാത്രി എന്റെ ബാഗില്‍ 'കിടത്തുമ്പോള്‍ കണ്ണടയ്ക്കുന്ന ഒരു സുന്ദരിപ്പാവയെ' കൊണ്ടുവയ്ക്കണേ!"
ആകാംക്ഷ കാരണം ഉറക്കം വരില്ല. പക്ഷേ ഉറങ്ങിയില്ലെങ്കില്‍ സാന്താക്ലോസ് ഞാന്‍ കാണുമെന്നു കരുതി സമ്മാനം വയ്ക്കാതെ തിരിച്ചുപോയാലോ? കണ്ണിറുക്കി അടച്ച് പുതപ്പ് തലവഴി മൂടി ശ്വാസം പിടിച്ചു കിടക്കും. ആ കിടപ്പില്‍ എപ്പോഴോ ഉറങ്ങിപ്പോകുന്ന ഞാന്‍ പിറ്റേന്നു രാവിലെ ബാഗ് തുറക്കുമ്പോള്‍ കാണുന്ന സുന്ദരിപ്പാവയെ സ്വപ്നം കാണും. കൂട്ടുകാര്‍ക്കു മുന്നില്‍ വാതോരാതെ പാവയുടെ വിശേഷം പറയുന്നതിനിടയിലാവും ഉറക്കമുണരുക. ഓടിപ്പോയി ബാഗ് തുറക്കുമ്പോള്‍ നെഞ്ച് പടപടാ മിടിക്കുന്നുണ്ടാവും.
കാലുറകള്‍ ഇല്ലാഞ്ഞിട്ടോ എന്തോ എന്റെ ബാഗില്‍ ഒരിക്കലും സാന്താക്ലോസ് സമ്മാനം വച്ചില്ല. ഇന്ന് ഈ ക്രിസ്മസ് രാത്രിയില്‍ ഞാനെന്റെ കാലുറകള്‍ ഊരി മേശമുകളില്‍ വച്ച് ഉറങ്ങാന്‍ പോകയാണ്; ഒപ്പം ഇങ്ങനെ ഒരു കത്തും...
പ്രിയ സാന്താക്ലോസ്,
ഇന്നെനിക്ക് കാലുറകളുണ്ട്. പക്ഷേ നഷ്ടമായത് ബാല്യത്തിന്റെ നിഷ്ക്കളങ്കതയും നൈര്‍മ്മല്യവും. ഇന്നീ ധന്യരാവില്‍ അങ്ങേയ്ക്കു കഴിയുമെങ്കില്‍ ഈ ഭൂമിയിലെ എല്ലാ മുതിര്‍ന്നവരുടെയും കാലുറകളില്‍ സത്യവും സ്നേഹവും നീതിയും നിറയ്ക്കൂ. അതാവും വരുംതലമുറയ്ക്കായി അങ്ങേയ്ക്കു നല്കാന് കഴിയുന്ന ഏറ്റവും മഹത്തായ സമ്മാനം.
പ്രതീക്ഷയോടെ,
ശ്രീ.