Wednesday, December 11, 2013

ഇനി ഞാന്‍ ഉറങ്ങട്ടെ...



പി. കെ. ബാലകൃഷ്ണന്‍റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ' എന്ന നോവല്‍ എന്‍റെ വായനയില്‍...

ഹിരണ്വതി നദിയുടെ തീരത്തെ പാണ്ഡവ ശിബിരങ്ങളിലെ വിജയാഹ്ലാദങ്ങളോടെ ആരംഭിക്കുന്ന നോവല്‍ പുരോഗമിക്കുന്നത് പാണ്ഡവപത്നിയായ ദ്രൌപദിയുടെ മനോവിചാരങ്ങളിലൂടെയാണ്. ഒരു ഫ്ലാഷ്ബാക്ക് രീതിയിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീത്വം പിടയുന്ന ഹൃദയവുമായി പ്രതികാരദാഹത്തോടെ പതിമൂന്നു സംവത്സരങ്ങള്‍ കഴിഞ്ഞ കൃഷ്ണയുടെ മനോവിചാരങ്ങളിലൂടെ, സര...്‍വ്വവിനാശത്തിന്‍റെ കരിനിഴല്‍ കണ്ടിട്ടുപോലും മനസ്സിന്‍റെ ഉള്ളറകളില്‍ സൂക്ഷിക്കപ്പെട്ട കുന്തിയുടെ രഹസ്യത്തിന്‍റെ മറനീക്കലിലൂടെ, ഭ്രാതൃഹത്യയില്‍ മനംനൊന്തു, യുദ്ധം ചെയ്തു നേടിയ, രാജ്യമുപേക്ഷിച്ചു തപോവനം പൂകാന്‍ വെമ്പുന്ന ധര്‍മ്മജന്‍റെ സംഭവവിവരണങ്ങളിലൂടെ, കാലാതിവര്‍ത്തിയായ ദേവര്‍ഷി നാരദന്‍റെ പൂര്‍വ്വകഥാഭാഷണങ്ങളിലൂടെ, കൌരവസഭയിലെ ദൂത് പരാജയപ്പെട്ടു മടങ്ങവേ കര്‍ണനോട് തന്‍റെ ജന്മരഹസ്യം വെളിവാക്കിയ ശ്രീകൃഷ്ണന്‍റെ വാക്കുകളിലൂടെ, ദിവ്യചക്ഷുസ്സാല്‍ കുരുക്ഷേത്രയുദ്ധം വീക്ഷിച്ച സഞ്ജയന്‍റെ വിചാരങ്ങളുടെ കുരുക്കഴിക്കലിലൂടെ കര്‍ണന്‍റെ കഥ ഉരുക്കഴിക്കപ്പെടുകയാണ്.

ഹസ്തിനപുരത്തെ ആയുധവിദ്യാപ്രദര്‍ശനവേദി മുതല്‍ തന്നെ വിട്ടൊഴിയാതെ പിന്തുടര്‍ന്ന കര്‍ണന്‍റെ ബാഹുബലത്തെക്കുറിച്ചുള്ള ഭയം, കര്‍ണവിശിഖമേറ്റു നിലത്തു വീഴുന്ന അര്‍ജ്ജുനശിരസ്സെന്ന സങ്കല്പത്തിന്‍റെ ഭീഷണി; ഇവയില്‍ നിന്നൊക്കെ എന്നേയ്ക്കുമായി മുക്തി നേടി എന്നാശ്വസിക്കുന്ന നിമിഷത്തില്‍ തന്നെ കര്‍ണന്‍ തന്‍റെ ജ്യേഷ്ഠഭ്രാതാവാണെന്ന സത്യത്തിനു മുന്നില്‍ സര്‍വ്വം നഷ്ടപ്പെട്ടവനെ പോലെ പകച്ചു നില്ക്കയാണ്‌ യുധിഷ്ഠിരന്‍. രാജ്യം എന്തിനേറെ സ്വജീവന്‍ പോലും ആ മഹാനുഭാവന്‍റെ ദാനമാണെന്ന തിരിച്ചറിവില്‍ എല്ലാം ഉപേക്ഷിച്ചു തപോവനം സ്വീകരിക്കാന്‍ വെമ്പുകയാണ് ധര്‍മ്മജന്‍റെ മനസ്സ്.

പാഞ്ചാലരാജധാനിയിലെ സ്വയംവരവേദിയില്‍ ഭീകരമായ ദുര്‍വ്വിധിയായി തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന കര്‍ണന്‍റെ സ്മരണ തന്‍റെ അവശിഷ്ടജീവിതത്തിന്‍റെ പുറന്തോടുപോലും ഭസ്മീകരിക്കുന്നത് കണ്ടു സ്തബ്ധയായി നില്ക്കുകയാണ് കൃഷ്ണ. കൊല ചെയ്യപ്പെട്ട സ്വന്തം ഉണ്ണികളുടെയോ സ്വജനങ്ങളുടെയോ പിതാമഹന്‍റെയോ ആചാര്യന്‍റെയോ പേരിലല്ല തന്‍റെ ജീവിതത്തിനു മുന്നില്‍ എന്നും ദുര്‍വ്വിധിയുടെ നിഴല്‍ വിരിച്ചു നിന്ന കര്‍ണന്‍റെ പേരിലാണ് തനിക്കു അവകാശപ്പെട്ട വിശ്രമവും അനുഭവങ്ങളും നിഷേധിക്കപ്പെടുന്നത് എന്ന ചിന്ത അവളെ വീണ്ടും നിദ്രാവിഹീനയാക്കുന്നു. “ദ്രൌപദീ നീ ഏകാകിനിയാണ്! എല്ലാറ്റില്‍ നിന്നും എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട, ജീവിതത്തില്‍ നിന്നുതന്നെ ഒറ്റപ്പെട്ട, തികഞ്ഞ ഏകാകിനിയാണ് നീ” കടുത്ത പരിത്യക്തതാബോധത്തിന്‍റെ പാരമ്യത്തില്‍ സ്വമനസ്സിന്‍റെ ആമന്ത്രണം ഭയത്തോടും ദൈന്യത്തോടുമാണ് അവള്‍ ശ്രവിക്കുന്നത്. ക്ഷത്രിയധര്‍മ്മം ഒന്ന് മാത്രമാണ്, അല്ലാതെ തനിക്കു നേരെ നടന്ന പാതകങ്ങളല്ല, യുധിഷ്ടിരനെ യുദ്ധമാര്‍ഗ്ഗത്തിലേക്ക് നയിച്ചതെന്ന് വേദനയോടെ അവള്‍ തിരിച്ചറിയുന്നു. സ്വഹിതാച്ചരണത്തിനിടയില്‍ സ്വന്തം ഉണ്ണികളോടുള്ള കടമ മറന്ന തനിക്കു അവരുടെ സ്വരൂപം പോലും മനസാ സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് വിലപിക്കുമ്പോള്‍ തന്‍റെ ദുഃഖം തന്‍റെ മാത്രം ദുഃഖമാണെന്ന് അവളിലെ മാതാവ് തിരിച്ചറിയുന്നു; ഈ വിലാപം തനിക്കു അവകാശപ്പെട്ടതല്ലെന്നും. ആപത്തുകളെ ഭയന്നാണെങ്കിലും അവയുടെ നടുവില്‍ ഭര്‍ത്തൃശുശ്രൂഷയില്‍ മുഴുകി ജീവിച്ച വനവാസകാലമായിരുന്നു തന്‍റെ ജീവിതത്തിലെ സുഖകാലം എന്നാ തിരിച്ചറിവില്‍ ജീവിച്ചുകഴിഞ്ഞ ഒരു ജീവിതത്തിന്‍റെ പുറന്തോടു മാത്രമാണ് താനെന്ന ചിന്ത ദ്രൌപദിയില്‍ ഉരുത്തിരിയുന്നു.

ജീവിതത്തില്‍ പലപ്പോഴായി തന്‍റെ സ്ത്രീത്വം വ്രണപ്പെട്ട സംഭവങ്ങളുടെ ഓര്‍മ്മയില്‍ പൊള്ളുന്ന കൃഷ്ണയുടെ മനസ്സില്‍ താന്‍ എന്നെങ്കിലും തനിക്കുവേണ്ടി, തനിക്കുവേണ്ടിമാത്രം സ്നേഹിക്കപ്പെട്ടിരുന്നോ എന്ന ചോദ്യം ഉരുവാകുന്ന മാത്രയില്‍ ചേതോഹരമായ കൃഷ്ണരൂപം അവളുടെ മനോമുകുരത്തില്‍ തെളിയുന്നു; ഒപ്പം ‘അവന്‍ നിനക്കാരാണ്?’ എന്ന ചോദ്യവും. കൃഷ്ണന്‍റെ വാക്കുകളില്‍ നിന്നും കര്‍ണന്‍ ജീവിതത്തിലുടനീളം അനുഭവിച്ച നിന്ദയുടെ വേദന അറിയുന്ന ദ്രൌപദി മനസുകൊണ്ട് ക്ഷമാപണം ചെയ്യുന്നു.

അഞ്ചു പതിമാരുള്ള തന്‍റെ സനാഥത്വം കര്‍ണന്‍റെ ഭിക്ഷയാണെന്നറിയുന്ന കൃഷ്ണ ആത്മപരിദേവനത്തിന്‍റെയും ആത്മനിന്ദയുടേയും പിടിയില്‍ അമരുന്നു. തന്‍റെയും കുന്തിയുടെയും ജീവിതങ്ങള്‍ തമ്മിലുള്ള അത്ഭുതകരമായ സാമ്യം അവളെ വിസ്മയഭരിതയാക്കുന്നു.

സ്നേഹിക്കപ്പെടുക എന്ന ദിവ്യമായ അനുഭവത്തില്‍ താനും കര്‍ണനും ഒരുപോലെ നിര്‍ഭാഗ്യരാണെന്നു കൃഷ്ണ തിരിച്ചറിയുന്നു. ഒരുവേള കര്‍ണന്‍റെ ജീവിതനിര്‍ഭാഗ്യങ്ങള്‍ക്കു മുന്നില്‍ തന്‍റെ നിര്‍ഭാഗ്യങ്ങള്‍ നിസ്സാരങ്ങളാണെന്ന് ചിന്തിക്കുന്ന അവളുടെ മനസ്സ് സഹതാപത്തിലേക്കും ആദരവിലേക്കും വഴിമാറുന്നു.

നീണ്ട പതിമൂന്നു വര്‍ഷക്കാലം അഴിഞ്ഞുലഞ്ഞ തലമുടിയുമായി അപമാനവും നിന്ദയും പേറി സ്വന്തം സ്ത്രീത്വം മറന്നു സതീധര്‍മ്മാചരണത്തില്‍ മുഴുകി നിദ്രാവിഹീനയായി കഴിഞ്ഞ കൃഷ്ണ താന്‍ സുഖനിദ്രയാല്‍ അനുഗ്രഹിക്കപ്പെട്ട തപ്തമായ ആ രാവിനെ കുറിച്ചോര്‍ത്തു കൊണ്ട് ഹിരണ്വനദിയുടെ കരയില്‍ വൃക്ഷച്ചുവട്ടില്‍ ഇരിക്കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. ആ ഭയാനകമായ രാത്രിയുടെ ഓര്‍മ്മയില്‍ ജീവിതത്തില്‍, വന്നു നിറഞ്ഞ ശൂന്യതയില്‍, നിന്നുകൊണ്ട് തന്നെ വിടാതെ പിന്തുടരുന്ന പേടിസ്വപ്നത്തില്‍ അമരുകയാണ് കൃഷ്ണ. മനസ്സിന്‍റെ ചിന്നിയ കണ്ണാടിയില്‍ വിഭ്രാന്തിജന്യമായ സ്വപ്നത്തിന്‍റെ പ്രതിബിംബം തെളിഞ്ഞു നില്ക്കവേ ആലസ്യത്തില്‍ അമരുന്ന അവള്‍ തന്നെ പേര്‍ ചൊല്ലി വിളിക്കുന്ന പതിക്കു മാത്രം കേള്‍ക്കാവുന്ന ഒച്ചയില്‍ പിറുപിറുക്കുന്നു, “യുധിഷ്ഠിരാ ഇനി ഞാന്‍ ഉറങ്ങട്ടെ!”

ഭാഷയും ശൈലിയും അല്പം കടുകട്ടിയായതിനാല്‍ വായനയുടെ ഒഴുക്ക് പലയിടത്തും തടസ്സപ്പെടുകയും ഇടയ്ക്ക് വിരസത അനുഭവപ്പെടുകയും ചെയ്തത് ഒരുപക്ഷേ എന്‍റെ മാത്രം അനുഭവമായിരിക്കാം. എങ്കിലും ചെറുപ്പത്തില്‍ ചിത്രകഥകളിലൂടെ അറിഞ്ഞ കര്‍ണനില്‍ നിന്നും വ്യത്യസ്തനായ കര്‍ണന്‍ മറക്കാനാവാത്ത വായനാനുഭവം തന്നെയാണ്.

-ശ്രീ

No comments:

Post a Comment