Thursday, December 12, 2013

ഒരു പേരുവരുത്തിയ വിന



ഒരു പേരിലെന്തിരിക്കുന്നു ല്ലേ?

  ഞാന്‍ ജനിച്ചത്‌ ഒരു നാട്ടിന്‍പുറത്താണ്. അവിടങ്ങളില്‍ ആളുകള്‍ക്ക് ഔദ്യോഗികനാമത്തിനു പുറമേ ഒരു വിളിപ്പേരുണ്ടാവുക സ്വാഭാവികം. ഓമനത്തം തോന്നിയിട്ടോ സ്നേഹം കൂടിയിട്ടോ എനിക്കും കിട്ടി അങ്ങിനെ ഒരു വിളിപ്പേര്-"പൂവ്." അമ്മയാണത്രേ ആദ്യം ഈ പേര് വിളിച്ചു തുടങ്ങിയത്. എന്തായാലും നാട്ടില്‍ മറ്റാര്‍ക്കും ഇല്ലാത്തതുകൊണ്ടും വേറെ ആര്‍ക്കും കേട്ടിട്ടില്ലാത്തതുകൊണ്ടും എന്‍റെ പേരങ്ങു വിളങ്ങി. ഇപ്പോഴും എന്‍റെ ഔദ്യോഗികനാമം പറഞ്ഞാല്‍ ഏറെപ്പേര്‍ക്ക് പെട്ടെന്ന് ആളെ മനസ്സിലാവുമോന്നു സംശയാണ്.

  ഇനി കഥയിലേക്ക് വരാം. എന്‍റെ കുഞ്ഞുന്നാളില്‍ വീട്ടില്‍ ഈ കുഞ്ഞിനെ നോക്കാന്‍ ഒരു അമ്മൂമ്മ ഉണ്ടായിരുന്നു. 'പട്ടാഴി അമ്മൂമ്മ' എന്ന് ഞാന്‍ വിളിച്ചിരുന്ന ആ അമ്മൂമ്മയുടെ പേര് എനിക്ക് അറിയില്ലാട്ടോ. പല്ലില്ലാത്ത പട്ടാഴി അമ്മൂമ്മയുടെ കൈവശം  ഒരുപാട് കഥകളും പാട്ടുകളും ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ അമ്മൂമ്മ മുറുക്കാന്‍ ഇടിക്കുന്ന കൂട്ടത്തില്‍ പുറത്തുവരും. ഈ വെറ്റിലയും പാക്കും ചുണ്ണാമ്പും പുകയിലയും എല്ലാം കൂടി ഇടിച്ചു കൂട്ടി വായിലാക്കി അമ്മൂമ്മ ചുവപ്പുനിറത്തില്‍ നീട്ടി തുപ്പുന്നത് എനിക്ക് എന്നും ഒരു അത്ഭുതമായിരുന്നു. എനിക്കും മുറുക്കണം എന്നു പറഞ്ഞ് വാശി പിടിക്കുമ്പോള്‍ അമ്മൂമ്മ അല്പം വെറ്റില എടുത്ത് തരും. ഞാന്‍ ആവുന്ന പണി പതിനെട്ടും നോക്കും, പക്ഷെ ചുവക്കില്ല. അപ്പോ സങ്കടപ്പെട്ടിരിക്കുന്ന എന്നെ അമ്മൂമ്മ കെട്ടിപ്പിടിച്ച് പൊട്ടി പൊട്ടി ചിരിച്ചുകൊണ്ട് മുറുക്കാന്‍ മണക്കുന്ന ഉമ്മ തരും. ഒരുപാട് സ്നേഹം തന്ന അമ്മൂമ്മയ്ക്ക് രണ്ടു പെണ്മക്കള്‍ ഉണ്ടായിരുന്നു. ഓമനചേച്ചിയും മണിചേച്ചിയും. ഞാന്‍ ചേച്ചിഎന്നാണ് വിളിച്ചിരുന്നതെങ്കിലും ഓമനചേച്ചിക്ക് എന്നെക്കാള്‍ മുതിര്‍ന്ന മക്കള്‍ ഉണ്ടായിരുന്നു ട്ടോ. അവര്‍ക്കൊക്കെ എന്നോട് പെരുത്ത് സ്നേഹം. കുഞ്ഞു പൂവിനെ അമ്മൂമ്മ "പൂമോളെ" എന്ന് മാത്രമേ വിളിക്കൂ; അത് കേട്ടു അമ്മൂമ്മയുടെ മക്കളും. അവരുടെ സ്നേഹത്തിന്‍റെ ആഴം അനുഭവിച്ചറിയുന്ന എനിക്കും എന്‍റെ വീട്ടിലുള്ളവര്‍ക്കും എന്നുവേണ്ട അയപക്കത്തുള്ളവര്‍ക്കോ നാട്ടുകാര്‍ക്കോ അതില്‍ അസ്വാഭാവികമായി ഒന്നും തോന്നിയിട്ടും ഇല്ല.

  കുഞ്ഞു പൂവ് വളര്‍ന്നു. പ്രീഡിഗ്രി വിദ്യാര്‍ഥിനിയായി. അപ്പോഴും നാട്ടുകാര്‍ക്ക് 'പൂവും' അമ്മൂമ്മയ്ക്കും മക്കള്‍ക്കും 'പൂമോളും' തന്നെ. തൊട്ടടുത്തുള്ള നഗരത്തിലെ കോളേജിലാണ് പഠനം. വീട്ടില്‍ നിന്ന് അര മണിക്കൂര്‍ യാത്രയുണ്ട്. എപ്പോഴും ഒന്നും ബസില്ല. സാധാരണ വൈകുന്നേരം ട്യൂഷനും കൂടി കഴിഞ്ഞ് 5.20 നുള്ള ശിശുമംഗലത്തിലാണ് തിരിച്ചു പോവുക.

ഒരു ഡിസംബര്‍ മാസം...

  ഡിസംബറില്‍ നേരത്തേ സന്ധ്യയാവുമല്ലോ. പതിവു ബസ് ഇല്ല. പിന്നെ 6 മണിക്കുള്ള കോമോസേ ഉള്ളൂ. ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കയാണ്‌ ഞാന്‍. നേരം ഇരുട്ടി തുടങ്ങി. ബസ്‌ സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള നാരങ്ങാവെള്ളം വില്‍ക്കുന്ന കടയില്‍ എതിര്‍വശത്തെ ടാക്സി സ്റ്റാന്‍ഡിലെ കുറെ ഡ്രൈവര്‍മാര്‍ എപ്പോഴും ഉണ്ടാവും.  അന്നും പതിവു തെറ്റിയിട്ടില്ല. നേരം ഇരുട്ടുംതോറും ചെറിയ പേടിയും ഉണ്ട്. അപ്പോഴുണ്ട് ഓമനചേച്ചി എവിടെയോ പോയിട്ട് ബസ്‌ പിടിക്കാന്‍ സ്റ്റാന്‍ഡിലേക്ക് വരുന്നു. മനസ്സിന് ഒരു ആശ്വാസം തോന്നി. ആ ആശ്വാസം കുറേ നാളത്തേയ്ക്കുള്ള അസ്വസ്ഥതയാവാന്‍ അധികം താമസം ഉണ്ടായില്ല. നേരം ഇരുട്ടിയ നേരത്ത് എന്നെ തനിച്ചു ബസ്‌ സ്റ്റാന്‍ഡില്‍ കണ്ട ഓമനചേച്ചിയുടെ ആധി വെളിയില്‍ വന്നത് ഇങ്ങനെ, അതും ഉറക്കെ...

"പൂമോളെ നീ ഇതുവരെ പോയില്ലേ?"

പോരെ പൂരം...! ബാക്കി ഞാന്‍ പറയണോ? പിന്നീട് കുറേ നാളത്തേയ്ക്ക് ടാക്സി സ്റ്റാന്റ് ഞാന്‍ ഓടിത്തള്ളുകയായിരുന്നു പതിവ്...

ഒരു പേരില്‍ എന്തെല്ലാം ഇരിക്കുന്നു ല്ലേ?

-ശ്രീ

2 comments:

  1. പേരിലും കാര്യമുണ്ടെന്നു ഇപ്പോൾ മനസ്സിലായല്ലോ ടീച്ചറെ!!
    കൊള്ളാം നല്ല അവതരണം. ഞാനും ഒരു തിരുവല്ലാക്കാരൻ
    എഴുതുക അറിയിക്കുക
    ഫിലിപ്പ് ഏരിയൽ

    ReplyDelete