Wednesday, December 11, 2013

ആരിതു കടക്കും?



  അധ്യാപകര്‍ക്ക് മാനേജ്മെന്റ് ട്രെയിനിംഗ് നല്‍കിയ സമയത്ത് വൈകാരിക സംതുലനവും സഹഭാവവും(Emotional Balance and Empathy) എന്ന മൊഡ്യൂള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിലെ ഒരു സെഷന്‍ ‍'ഭൂതകാലത്തില്‍‍ നമുക്കുണ്ടായ ഒരു ഭയം വര്‍ത്തമാനകാലത്തിലും നമ്മെ പിന്തുടരുന്നതിനെ' കുറിച്ചായിരുന്നു. പരിശീലകയുടെ റോളില്‍ നിന്ന ഞാന്‍ അങ്ങിനെയുള്ള എന്‍റെ ചില അനുഭവങ്ങള്‍ അവരോടും അധ്യാപകരില്‍ ചിലര്‍ അവരുടെ അനുഭവങ്ങളും പങ്കു വച്ചു.

  അന്നു പറയാന്‍ വിട്ടുപോയ ഒരു അനുഭവം ഇവിടെ പങ്കുവയ്ക്കട്ടെ. എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു ഉണ്ണൂണ്ണി അച്ചായന്‍ ഉണ്ടായിരുന്നു. ആറടിയില്‍ അധികം പൊക്കവും അതിനൊത്ത തടിയുമുള്ള ഒരാള്‍. ഇന്നത്തെപ്പോലെ മദ്യപാനം സ്റ്റാറ്റസ് സിംബല്‍ ആയിട്ടില്ല അന്നൊന്നും ഞങ്ങള്‍ടെ നാട്ടില്‍. പരസ്യമായി മദ്യപിക്കാന്‍ ധൈര്യമുള്ളവര്‍ എണ്ണത്തില്‍ വളരെ കുറവാണ്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട പേരാണ് ഉണ്ണൂണ്ണി അച്ചായന്റേത്. ഉണ്ണൂണ്ണി അച്ചായന്‍ മൂക്കറ്റം കുടിക്കുമെന്നു മാത്രമല്ല കുടിച്ചുകഴിഞ്ഞാല്‍ ആരോടെങ്കിലും വഴക്കുണ്ടാക്കുവേം ചെയ്യും.

  ഒരു ദിവസം കുടിച്ചിട്ട് ഉണ്ണൂണ്ണി അച്ചായന്‍ അച്ഛനെ അന്വേഷിച്ച് വീട്ടില്‍ വന്നു. വീട്ടിലാണേല്‍ ഞാനും ചേച്ചിയും മാത്രം. ഞങ്ങള്‍ കതകൊക്കെ അടച്ചു ശ്വാസം പിടിച്ച് അകത്തിരിപ്പാണ്. ജനാലയിലൂടെ ഒളിഞ്ഞു നോക്കുന്നുമുണ്ട്. ഉണ്ണൂണ്ണി അച്ചായന്‍ നടക്കുമ്പോള്‍ ബാലന്‍സ് കിട്ടുന്നില്ല. കൂട്ടത്തില്‍ പുള്ളി പാടുന്നും ഉണ്ട്.

"ഈ വഴി ഇടുക്കം ഞെരുക്കം ആരിതു കടക്കും?
ഈ ഉണ്ണൂണ്യച്ചായന്‍ കടക്കും"

  വീട്ടിലേക്കുള്ള നല്ല വീതിയുള്ള വഴിയാണ്. ഇടയ്ക്കെപ്പോഴോ അച്ചായന്‍ മടിയില്‍ നിന്ന് ഒരു കത്തി എടുത്തു നോക്കിയതു ഒരു മിന്നായം പോലെ കണ്ടു. പിന്നെ ചേച്ചി എന്നെ കണ്ടുപിടിച്ചത് കട്ടിലിനു കീഴേന്നാ.

  അന്നുമുതല്‍ ഉണ്ണൂണ്ണി അച്ചായനെ ഞാന്‍ പൂര്‍വ്വാധികം ഭംഗിയായി പേടിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്നും ഒരു ഇറക്കം ഇറങ്ങിയാല്‍ സ്കൂളായി. സ്കൂളില്‍ പോകുന്ന വഴിയിലെങ്ങാനും ഉണ്ണൂണ്ണി അച്ചായനെ കണ്ടാല്‍ അപ്പോള്‍ റിവേര്‍സ് ഗീയര്‍ ഇടും. പിന്നെ വീട്ടീന്ന് സ്കൂളുവരെ രാമതിയോ കുട്ടനോ അവരുടെ മക്കള്‍ ആരെങ്കിലുമോ കൊണ്ടാക്കണം. അവര്‍ ചോദിക്കും "കുഞ്ഞെന്തിനാ അങ്ങേരെ പേടിക്കുന്നെ? അങ്ങേരൊരു പാവാ. കൊച്ചുങ്ങളോട് വല്യ സ്നേഹാ. കുടിച്ചിട്ട് നിക്കുമ്പോ പിള്ളേരുക്കൊക്കെ മുട്ടായി വാങ്ങിച്ചു കൊടുക്കും"

'ഹും പാവം ഇങ്ങേരുടെ മടിയില്‍ കത്തിയുള്ള കാര്യം ഇവര്‍ക്കറിയുമോ? അതെങ്ങാനും എടുത്തു ഒന്നു ഞോണ്ടിയാല്‍ ചാവുന്നത് ഞാനല്ലേ'

  ഏറ്റവും കഷ്ടം ഇതൊന്നുമല്ല. സ്കൂളില്‍ പോകാന്‍ ഇവരൊക്കെ കൂട്ടുവരും. വല്ലപ്പോഴും അനുവാദം കിട്ടുന്ന ഒരു കാര്യാ അക്കരെയുള്ള ചിറ്റപ്പന്റെ വീട്ടില്‍ പോകാന്‍. അവിടെ ചെന്നാല്‍ കളിയ്ക്കാന്‍ കൂട്ടുണ്ട്. തോടും വയലും ഒക്കെ കടന്നുവേണം പോകാന്‍. ആ വയലുകള്‍ അച്ചായന്‍റെ വിഹാരകേന്ദ്രങ്ങളും. വയലിന് ഇക്കരെ നിന്ന് ഞാന്‍ ആകെ ഒന്ന് വീക്ഷിക്കും. എന്നിട്ട് ഒറ്റ ഓട്ടമാണ്.

  ഇനി ഈ സംഭവത്തിന്‍റെ പ്രസക്തിയിലേക്ക് വരാം. ഇപ്പോഴും കള്ളുകുടിയന്മാരെ എനിക്ക് പേടിയാണ്. അവരുടെ മടിയിലെവിടെയോ ഞാന്‍ കാണാത്ത ഒരു കത്തി ഒളിഞ്ഞിരിക്കുന്നതുപോലെ......

വാല്‍ക്കഷ്ണം: യഥാര്‍ത്ഥത്തില്‍ ഈ ഉണ്ണൂണ്ണി അച്ചായന്‍ വെറും ഒരു പാവം മനുഷ്യനായിരുന്നു. ആ കത്തി കൊണ്ട് ഒരു ഉറുമ്പിനേപ്പോലും നോവിച്ചതായി കേട്ടിട്ടില്ല.

-ശ്രീ

No comments:

Post a Comment