Wednesday, December 11, 2013

മാന്യരേ...



  കുട്ടിക്കാലത്ത് പല യെമണ്ടന്‍ മണ്ടത്തരങ്ങള്‍ പറ്റിയിട്ടുണ്ട്. അന്നേ ഞാന്‍ ഒരു സ്വപ്നജീവി ആയിരുന്നു. ചെടികളോടും പൂക്കളോടും പക്ഷികളോടുമൊക്കെ സംസാരിച്ചു നടക്കണ സൂക്കേടും ഉണ്ടായിരുന്നു. വായിക്കുന്ന കഥകളിലെ കഥാപാത്രങ്ങള്‍ ഒക്കെ ഏതു നിമിഷവും ജീവന്‍ വച്ച് മുന്നിലെത്തിയേക്കാം എന്നു പ്രതീക്ഷിച്ചിരുന്ന പാവാടക്കാരി.

  എല്‍ പി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായിരുന്ന ഒരു അബദ്ധധാരണയെ കുറിച്ചാണ് പറയാന്‍ പോകുന്നത്. എന്‍റെ പേരിന്‍റെ വാലിലൂടെ നിങ്ങള്‍ക്കെല്ലാം പരിചിതനായ എന്‍റെ അച്ഛന്‍. നാട്ടുകാരുടെ പ്രിയപ്പെട്ട 'മാന്യേര്.' പ്രായത്തില്‍ ചെറിയവര്‍ 'മാന്യേര് കൊച്ചാട്ടന്‍' എന്ന് വിളിക്കും. ആ പേര് വരാനുള്ള കാരണം അച്ഛന്‍ രണ്ട് സ്കൂളുകളുടെ മാനേജര്‍ ആണ് അന്ന്.അച്ഛനെ കാണാന്‍ എല്ലാ ദിവസവും ആരെങ്കിലുമൊക്കെ വീട്ടില്‍ വരും. ഞങ്ങള്‍ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയാണ് അച്ഛന്‍.  അച്ഛനെ കാണാന്‍ വീട്ടില്‍ വരുന്ന ആള്‍ക്കാരൊക്കെ ചോദിക്കുക ഒന്നുകില്‍

"മാന്യേരൊണ്ടോ?"  അല്ലെങ്കില്‍

"മാന്യേരുകൊച്ചാട്ടന്‍" ഉണ്ടോ?  എന്നാണ്.

   അക്ഷരം കൂട്ടിവായിക്കാന്‍ പഠിച്ചതിന്‍റെ ആവേശത്തില്‍ അന്ന് എന്തു കിട്ടിയാലും വായിക്കും. കഴിയുന്നതും ഉറക്കെ തന്നെ. കല്യാണം വിളിക്കാന്‍ വരുന്നവര്‍ കൊണ്ടുത്തരുന്ന ക്ഷണക്കത്തും ആഘോഷങ്ങളുടെ നോട്ടീസും ഒക്കെ എന്‍റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാനുള്ള ഉപാധികളാണ്. ഇതിലെ രസകരമായ വശം എന്താണെന്നു വച്ചാല്‍ ഈ കത്തുകളും നോട്ടീസുകളും ഒക്കെ തുടങ്ങുന്നത് 'മാന്യരേ' എന്ന സംബോധനയോടെ ആണല്ലോ.  കുട്ടിയായ ഞാന്‍ ധരിച്ചിരുന്നത് എന്‍റെ അച്ഛനുള്ള കത്തായതു കൊണ്ടാണ് അങ്ങിനെ തുടങ്ങുന്നത് എന്നാണ്.  കുറച്ചു വലുതാവുന്നതു വരെ എന്‍റെ ധാരണ ഇതു തന്നെ ആയിരുന്നു.
ഒരിക്കല്‍ ഇതു കേട്ടപ്പോള്‍ അച്ഛന്‍ ചിരിച്ച ചിരി എനിക്ക് നല്ല ഓര്‍മയുണ്ട്.

പാവം ഞാന്‍.....

-ശ്രീ

No comments:

Post a Comment