Thursday, December 12, 2013

ഒരു നൊമ്പരം



  ഗ്രാമീണ ജീവിതത്തില്‍ കൃഷിയും കാര്‍ഷിക ഉത്പന്നങ്ങളും ഒക്കെ അവിഭാജ്യഘടകങ്ങളാണല്ലോ. ചേമ്പും ചേനയും കാച്ചിലും മരച്ചീനിയും... അങ്ങിനെ നാനാതരം കിഴങ്ങുകളുടെ ഒരു മേളം തന്നെയാണ്. കുട്ടിക്കാലത്ത് വീട്ടില്‍ ഇതെല്ലാം കൂടി ഒരുമിച്ചു പുഴുങ്ങും. എന്നിട്ട് മുറത്തില്‍ ഒരു വാഴയില വെട്ടിയിട്ട് അതിലേക്കു ഈ പുഴുക്ക് കുടഞ്ഞിടും. ഒപ്പം കാന്താരിയും ഉള്ളിയും ഉപ്പും ചേര്‍ത്ത് അരച്ചു വെളിച്ചെണ്ണയില്‍ ചാലിച്ച ചമ്മന്തിയും കട്ടന്‍കാപ്പിയും ഉണ്ടാവും. കുട്ട്യോള്‍ക്ക് എരിവു കുറയ്ക്കാന്‍ ഒരു വിദ്യയുണ്ട്. കാ‍ന്താരിച്ചമ്മന്തിയില്‍ കൂടുതല്‍ വെളിച്ചെണ്ണ ഒഴിക്കും. നാളികേരം ഉണക്കി ആട്ടിയെടുക്കുന്ന നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ്. ആ വെളിച്ചെണ്ണയുടെ മണം ആസ്വദിച്ചു തന്നെ അറിയണം. കട്ടന്‍കാപ്പിക്കുമുണ്ട് പ്രത്യേകത. ഞങ്ങള്‍ടെ കാപ്പിച്ചെടിയിലുണ്ടായ കായ ഉണക്കി പൊടിച്ച കാപ്പിപ്പൊടിയിട്ടു തിളപ്പിച്ചതാണ്.
  ചിറ്റപ്പന്മാരുടെ വീട്ടീന്ന് കുഞ്ഞമ്മമാരും കുട്ട്യോളുമൊക്കെ വൈകിട്ട് സര്‍ക്കീട്ടിനു വരുന്ന പതിവുണ്ട്. ഈ വരവുകള്‍ ആഘോഷമാവുക ഞങ്ങള്‍ കുട്ടികള്‍ക്കാണ്. സന്ധ്യക്ക്‌ തിരിച്ചു പോകണ വരെ ഞങ്ങള്‍ക്ക് കളിച്ചു തിമിര്‍ക്കാം. ഞങ്ങള്‍ അങ്ങിനെ കളിച്ചു കുഴഞ്ഞു വിശന്നിരിക്കുമ്പോഴാവും ഈ പുഴുക്ക് തിന്നാന്‍ വിളിക്കുക. ഒരോട്ടമാണ് പിന്നെ. പലപ്പോഴും വഴക്ക് കിട്ടുമ്പോഴാ കൈ കഴുകിയില്ലാന്നു ഓര്‍ക്കുന്നതുപോലും.


  എല്ലാരും ചമ്രം പടിഞ്ഞ്‌ ചാണകം മെഴുകിയ നിലത്തിരിക്കും. ഇലച്ചീന്തില്‍ ചൂടുപുഴുക്കും ചമ്മന്തിയും സ്റ്റീല്‍ ഗ്ലാസ്സു നിറയെ കട്ടന്‍ കാപ്പിയും.(ഗ്ലാസ് നിറയെ ഉള്ള കട്ടന്‍ കാപ്പിയുടെ പിന്നില്‍ മറ്റൊരു കഥയുണ്ട്. പിന്നീടു പറയാന്‍ ഓര്‍മിപ്പിച്ചാല്‍ മതി ട്ടോ). ചറപറാ ചിലച്ചു കൊണ്ടാണ് തീറ്റ. കളിയുടെ വീറും വാശിയും ഒക്കെ ഈ സംസാരത്തിലും നിറഞ്ഞു നില്‍ക്കും. എത്രയും പെട്ടെന്ന് കഴിച്ചിട്ട് കളി തുടരാനുള്ള വെപ്രാളമാണ് എല്ലാര്‍ക്കും. ഇലച്ചീന്തില്‍ പുഴുക്ക് തീരാറാകുമ്പോള്‍

"ഇനി വേണോ?" എന്ന ചോദ്യം ഉണ്ടാകും.
  എന്‍റെ ചിറ്റപ്പന്‍റെ മകനാണ് സുനില്‍ കൊച്ചാട്ടന്‍. എന്നെക്കാള്‍ ഒരു വയസ്സിന്‍റെ മൂപ്പേ ഉള്ളൂ ട്ടോ. ഒരു ദിവസത്തേയ്ക്ക് മുതിര്‍ന്ന ആളായാലും എനിക്ക് ചേച്ചിയും കൊച്ചാട്ടനുമാണ്. എന്‍റെ ഈ ശീലം ബന്ധുക്കളുടെ ഇടയില്‍ ധാരാളം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്തിനേറെ അച്ഛനൊഴികെ വീട്ടിലും എല്ലാരും കളിയാക്കുമായിരുന്നു. മറ്റൊന്നുമല്ല പാടത്തും പറമ്പിലും പണിയെടുക്കാന്‍ വരുന്നവരെയും ചേച്ചിയും കൊച്ചാട്ടനും ചേര്‍ത്ത് വിളിക്കുന്നതിന്. (എന്‍റെ കുട്ടിക്കാലത്ത് ആള്‍ക്കാര്‍ പുറമേ എത്ര പുരോഗമനവും പരിഷ്കാരവും പറഞ്ഞാലും മനസ്സില്‍ തീണ്ടലും തൊടീലും ഒക്കെ സൂക്ഷിച്ചിരുന്നേ).

പക്ഷേ എന്‍റെ അച്ഛന്‍ മാത്രം പറയുമായിരുന്നു,
"മോള്‍ അങ്ങിനെ തന്നെ വിളിച്ചോളൂ. അവരും മനുഷ്യര്‍ തന്നെയാ."


എന്നിട്ട് അമ്മയുടെ നേരെ നോക്കി 
"വിവരമില്ലാത്തതുങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല" എന്ന് അടുത്ത ഡയലോഗും.

  പറഞ്ഞു വന്നതിലേക്ക് തിരിച്ചു പോകാം. പുഴുക്ക് ഇനി വേണോ എന്നാ ചോദ്യത്തിന് വേണ്ടവര്‍ വേണം എന്നും വയറു പോട്ടാരായവര്‍ വേണ്ട എന്നും മറുപടി പറയും. സുനിക്കൊച്ചാട്ടന്‍ മാത്രം പറയുന്നതിങ്ങനെ,
"നി..നി..നി..നിക്ക് വല്യമ്മച്ചീ... നോ..നോ..നോക്കട്ടെ"
എന്നിട്ട് കക്ഷി എഴുന്നേറ്റു നിന്ന് നിക്കറൊക്കെ പിടിച്ചു മേലോട്ടിട്ടിട്ടു ഒന്നു കുലുങ്ങും... നമ്മള്‍ ഭരണിയില്‍ നെല്ലിക്കേം ഉപ്പുമാങ്ങേം ഒക്കെ കുലുക്കി കൊള്ളിക്കില്ലേ അതുമാതിരി. ഞങ്ങള്‍ ഇതു കാണുമ്പോള്‍ ചിരിക്കാന്‍ തുടങ്ങും. ഉടനെ വരും പരിഭവം...
"എ..എ..എന്താ? വ..വ..വല്യമ്മച്ചി നോ..നോക്ക് ഈ പൂ..പൂ..പൂവ് ഇരുന്നു ചിരിക്കുന്നു."
"അവര് ചിരിക്കട്ടെ നീ അങ്ങോട്ട്‌ നോക്കണ്ട. മോനവിടിരുന്നു കഴിച്ചോ" എന്നും പറഞ്ഞു സ്നേഹത്തോടെ രണ്ടു കഷണം പുഴുക്കു കൂടി അമ്മ കൊച്ചാട്ടന്‍റെ ഇലച്ചീന്തിലേക്കിടും.
  അല്പം നല്ല വിക്കുണ്ട് കൊച്ചാട്ടന്. പിന്നെ പഠിക്കുന്ന കാര്യത്തില്‍ വളരെ പിന്നോക്കവും. ചെറുതിലെ മുതല്‍ പുള്ളിക്ക് താത്പര്യം കൃഷിയിലും വീട്ടുകാര്യങ്ങളിലും ആണ്. തേങ്ങ ഇടുമ്പോഴും കൊയ്ത്തു നടക്കുമ്പോഴുമെല്ലാം കണിശക്കാരനായിട്ടു കൂടെ നില്‍ക്കും. തേങ്ങയുടെ എണ്ണവും നെല്ലിന്‍റെ പതം അളക്കലുമൊക്കെ കൊച്ചാട്ടന് വെറും നിസ്സാരം. പക്ഷേ സങ്കലനവും വ്യവകലനവും ഗുണനപ്പട്ടികയുമൊന്നും ഏഴയലത്ത് അടുക്കില്ല. മലയാള അക്ഷരങ്ങള്‍ പോലും ചിലപ്പോള്‍ വഴുതിമാറും. ഇന്നാണെങ്കില്‍ ഞങ്ങള്‍ അധ്യാപകരുടെ ഭാഷയില്‍ ഒരു സ്ലോ ലേണര്‍. പക്ഷേ അന്ന് ഈ ബുദ്ധിമുട്ടിനെ ഉഴപ്പായാണ് സ്ഥിരീകരിക്കപ്പെട്ടിരുന്നത്. ചിറ്റപ്പന്‍ നല്ല ദേഷ്യക്കാരനാണ്. പഠിക്കാത്തത്തിനു നന്നായി തല്ലും പാവത്തിനെ. അടി കിട്ടുമ്പോള്‍ കല്ല്‌ പെന്‍സില്‍ പിടിച്ച കയ്യുടെ പുറം കൊണ്ട് കണ്ണീരു തുടയ്ക്കുന്ന കൊച്ചാട്ടന്‍റെ ചിത്രം ഇന്നെന്തോ മനസ്സില്‍ വന്നു.

  കൊച്ചാട്ടനെ ഞാന്‍ കണ്ടിട്ടു വര്‍ഷങ്ങളായി. ഓര്‍ക്കുമ്പോള്‍ ഒരു നൊമ്പരം ശേഷിക്കുന്നു മനസ്സില്‍. ഇപ്പോള്‍ വീട്ടില്‍ ഒരു മുറിയില്‍ നിന്ന് പുറത്തിറക്കാറെ ഇല്ലാന്നു കേട്ടു. ആര്‍ക്കു എവിടെയാണ് പിഴച്ചത്? അറിയില്ല...!

-ശ്രീ

No comments:

Post a Comment